Thursday, December 12, 2013

അണ്ഡം ബീജത്തോട് സംസാരിക്കുന്നു



ഒഴിഞ്ഞു പോവുകെന്നെ തഴുകാതെ നീ
കഴിഞ്ഞിടാം ഞാനീ ഇരുട്ടിലൊറ്റക്ക്
ഭയമേതുമില്ലാതെ ഏകയായ് കാലങ്ങൾ
കഴിയില്ലെനിക്ക് നിന്നെ സ്വീകരിക്കുവാൻ പ്രിയാ .

പാകതവരാത്ത കാലങ്ങളിൽ കാമുകന്റെ
ബീജം ചുമന്ന പാപഭാരം പേറാനാകാതെ
പാകമെത്തതെ പറിച്ചു കളയുന്ന ജീവനാകാൻ
മടിയുണ്ടെനിക്കിന്നു നീ ഓർത്തുകൊള്ളൂകിത് .

അധമമായൊരു ജന്മമായി കണ്ടുകൊണ്ടൊരു
ജന്മകാലം മുഴുവൻ ശാപം ശ്രവിച്ചു കഴിയാൻ
വെറുതെ വലിഞ്ഞുകയറി വരുന്നൊരു വെറും
വഴിപോക്കനല്ല ഞാൻ ഓർമ്മയിൽ കരുതുക .

പെണ്ണായി പിറന്നൊടുവിൽ മണ്ണായിതീരുംവരെ
കണ്ണീരു കുടിച്ചും, അടിമയായി വളർന്നും
കീഴടക്കി ഭരിച്ചും പീഡിപ്പിച്ചു രസിച്ചുമിനി
കഴിയാനോരുക്കമല്ലെന്നു ഓർത്തുകൊള്ളുക.

ശുദ്ധതയില്ലാത്ത നിന്നെ പരിണയിച്ചൊടുവിൽ
അംഗങ്ങൾ വികലമായൊരു ജന്മമായി
നോക്കുകുത്തികളായി ജീവിച്ചു മരിക്കാൻ
അവകാശമറ്റൊരു വെറുമിരകളല്ല ഞങ്ങൾ !

ഉണ്ണാനും ഉടുക്കാനുമില്ലതെ വെറും തെരുവിൽ
കൃമിപോൽ ജീവിതം ഹോമിച്ചിടുവാൻ
പുഴുപോൽ  ജീവിതം നരകിച്ചു കഴിയുവാൻ
ഗതികെട്ട ജന്മമാകുന്നത് മതിയായിനി .

വേദനയോടെ ഞാൻ നിരസിക്കുന്നു സഖേ
നിന്റെ പ്രേമവായ്പിനെ ,പ്രണയത്തെ
കാതങ്ങൾ താണ്ടി വന്നോരീ പ്രയാണത്തെ
ക്രൂരയല്ല ഞാൻ സ്വാതന്ത്ര്യം കാംഷിക്കവൾ .
-------------------------------------- ബി ജി എൻ

No comments:

Post a Comment