Thursday, December 26, 2013

ഒരു മഴ നനയണം എനിക്ക്

എനിക്കൊരുചെടിയാകണം
മഴയില്‍ കുളിച്ചു നില്‍ക്കുന്ന
ഇലകളും , കായകളും
പൂവുകളും നിറഞ്ഞ
മനോഹരമായ ചെടി !

വേനലില്‍ വരണ്ടുണങ്ങിയ
എന്റെ മേനിയിലേക്ക്‌
ഒരു തണുത്ത നിലാവായി
മഴ പെയ്തിറങ്ങണം .

എന്റെ മുടിയിഴകളെ നനച്ചു കൊണ്ട്
എന്റെ കണ്ണുകളെ
ഈറനണിയിക്കുന്ന
നനുനനുത്തൊരു മഴ .
എന്റെ കണ്ണീരിനൊപ്പം
പെയ്തുകൊണ്ടേയിരിക്കണം .

ചുംബനം
കൊതിക്കുമീ അധരങ്ങളെ
മഴനൂലുകള്‍
അമര്‍ത്തി ചുംബിക്കണം .
തുടുത്ത കപോലങ്ങളില്‍
മഴയുടെ വിരലുകള്‍
സാന്ത്വനമാകണം .

കൊങ്കകള്‍
മഴയുടെ വിരലുകളാല്‍
ഞെരിഞ്ഞുടയണം
മഴ എന്റെ കുഞ്ഞാകണം
മാറില്‍ ചാഞ്ഞുറങ്ങണം .

ഒരു മണിയനീച്ചയെ പോലെ
മഴയെന്റെ അണിവയറില്‍
ചിത്രം വരയ്ക്കണം
ഒരു കുഞ്ഞിനെ പോലെനിക്കു
തുള്ളിച്ചാടണം .

ഉപസ്ഥം പൊതിഞ്ഞോഴുകുന്ന
മഴയെന്റെ വികാരമാകണം
എന്നിലെ ഉഷ്ണത്തെ
ഒരു പൂവിന്‍ ഇതള്‍പോല്‍
നുള്ളിയെറിയണം .

ഒരു പെരുമഴപോലെ
എന്നില്‍ പെയ്തിറങ്ങുന്ന
മഴയെ സ്നേഹിക്കണമെനിക്ക് .
എന്നിലേക്കടക്കിപിടിച്ചു
ഞാനാക്കി മാറ്റണമെനിക്ക്.
--------------------ബി ജി എന്‍

No comments:

Post a Comment