Monday, December 23, 2013

പരഹൃദയജ്ഞാനം

നിന്റെ ഹൃദയം
എനിക്കൊരിക്കലും വായിക്കാന്‍
കഴിഞ്ഞിരുന്നില്ല .

അതറിഞ്ഞിരുന്നുവെങ്കില്‍
പ്രണയത്തിന്റെ ഭിക്ഷാപാത്രവുമായി
നീ നടന്ന വഴികളില്‍
കാത്തിരിക്കില്ലായിരുന്നു .

പ്രതീക്ഷകളുടെ മഞ്ചാടിമണികള്‍
മനസ്സിന്റെ ചെപ്പില്‍
കരുതിവയ്ക്കില്ലായിരുന്നു  .

സ്വപ്നങ്ങളുടെ മയില്‍പ്പീലിത്തുണ്ടുകള്‍
ഓര്‍മ്മപുസ്തകത്താളുകളില്‍
ഒളിപ്പിക്കില്ലായിരുന്നു .

ഗുല്‍മോഹറുകള്‍ തണല്‍വിരിക്കുന്ന
ചുവന്ന പാതയോരത്ത്
ഒരിക്കലും രണ്ടു ജീവിതങ്ങള്‍
അഭിനയിച്ചു പിരിയില്ലായിരുന്നു .

നിസ്സംശയം നിന്റെ മേനിയെ
കുറ്റബോധമില്ലാതെ തൊട്ടുഴിഞ്ഞേനെ.
നിന്നിലേക്ക്‌ നീളുന്ന
ആസക്തികളില്‍ ജലം തളിച്ചു
മണ്ണിലെക്കൂര്‍ന്നു പോയേനെ.

ഇനിയില്ലന്നൊരു നൂറുവട്ടം
പഴി പറയാതറിയാതൊരുകാതം
ദൂരത്തിന്റെ പടി ചവിട്ടിയേനെ.

എങ്കിലും ഞാന്‍ തപിക്കുന്നു !
നിന്റെ ഹൃദയം വായിക്കാന്‍
കഴിയാതെ പോയൊരെന്നെ ഓര്‍ത്ത്‌
എന്‍റെ ഹൃദയം തപിക്കുന്നു .
----------ബി ജി എന്‍

No comments:

Post a Comment