Tuesday, December 31, 2013

പഴയതൊക്കെ ഓർമ്മകൾ മാത്രമാണ്


നാട്ടുവഴികളിൽ പച്ചിലചാർത്തുകളിൽ
സർപ്പകാവുകളിൽ പാടവരമ്പുകളിൽ
പൂത്തും തളിർത്തും കൊഴിഞ്ഞും പോയൊരു
പ്രണയത്തെ തിരഞ്ഞു ഞാൻ പോകുന്നു .

നീളൻപാവാടയിൽ  , തുളസികതിരിൽ
ദാവണി ചുറ്റിയ നാട്ടു ഭംഗിയിൽ  
കൽവിളക്കുകളിൽ, ചന്ദനവരകളിൽ
അലിഞ്ഞു പോകുന്ന ശാലീനതകൾ

മാഞ്ചുവട്ടിലെ കൊച്ചു പിണക്കങ്ങൾ
വാതിൽപഴുതിലെ മിന്നൽവെളിച്ചങ്ങൾ
ജാലകങ്ങളുടെ വിഷാദസന്ധ്യകൾ
പടിപ്പുരയിലേക്ക് നീളുന്ന നീൾമിഴികൾ .

മാനം കാണാതെ മയിൽപീലികൾ
വിരൽ മുറിയിച്ച വളത്തുണ്ടുകൾ
വായിക്കാതെ മടക്കി വച്ച പുസ്തകങ്ങൾ
എഴുതി മുഴുമിക്കാത്ത കത്തുകൾ .

അമ്പല കുളങ്ങൾ, മാവിൻ കൊമ്പുകൾ
കഴുക്കോലുകൾ ഒതളങ്ങകൾ റെയിൽ
പാളങ്ങൾ പുഴകൾ നെഞ്ചുരുകും
കിണറിൻ പാതാളകുഴികലെത്ര കഥകൾ .

പ്രിയന് നല്കാൻ മുറിയാതെ സൂക്ഷിക്കും
ചർമ്മവിശ്വാസങ്ങൾ,ചുമ്പനപുഷ്പങ്ങൾ
കളിക്കൂട്ടുകാർ തൻ കളിവാക്കുകൾ
നാണം കരിമഷിയെഴുതും നഖചിത്രങ്ങൾ .

തിരിഞ്ഞുള്ള യാത്രയിൽ തിരഞ്ഞൊടുവിൽ 
ഉള്ളിലൊരു ചൂണ്ടക്കൊളുത്തിട്ട് വലിക്കും
നോവിൽ പിടഞ്ഞു ഞാൻ നിൽക്കുമ്പോൾ
വർത്തമാനമെന്നെ നോക്കി പല്ലിളിക്കുന്നു .
------------------------------------ബി ജി എൻ

No comments:

Post a Comment