Friday, December 13, 2013

ഒന്നിക്കാന്‍ വേണ്ടിയല്ലാതെ പ്രണയിച്ചു പോകുന്നവര്‍

കൊരുത്തുവച്ച മുത്തുമാലയുടെ മുത്തുകള്‍ കെട്ടഴിഞ്ഞു തൂവിപ്പോകുമ്പോള്‍ കണ്ണ് നിറയുന്ന ഒരു മനസ്സ്...!
ഒരിക്കലും വേദന അറിയാതിരിക്കാന്‍ ആഗ്രഹിക്കുകയും , ജീവിതം മുഴുവന്‍ നോവിന്റെ മുള്‍മുനയില്‍ നില്‍ക്കെണ്ടിവരികയും ചെയ്യുന്ന മനസ്സിന്റെ അവസ്ഥ. ഇതിലേതു വിശേഷണം ആണ് നിനക്ക് ചേരുക എന്നെനിക്കറിയില്ല .
പക്ഷെ , രാവുകള്‍ ഇരുണ്ടു വെളുക്കുന്ന സമതലപ്രദേശങ്ങളിലെ ഇളം തണുപ്പാര്‍ന്ന നിലാവെളിച്ചവും , പച്ചത്തഴപ്പുകളും ഒരിക്കലും നിന്നെ തള്ളികളഞ്ഞിട്ടില്ല എന്ന സത്യം ഞാനറിയുന്നു. നിന്റെ പാതയിലേക്ക് നീളുന്ന എന്റെ മിഴികളുടെ പ്രഭവതീരം നീ കാണാതിരിക്കാന്‍ ഞാന്‍ എകാന്തമായെ തീരൂ . കാരണം അതൊരു പക്ഷെ നിന്റെ യാത്ര മുടക്കിയാലോ .
ജനിച്ചു വീഴുമ്പോള്‍ തുടങ്ങുന്ന കരച്ചിലിനിടയില്‍ ആഗ്രഹിക്കുന്നു ഇനി കരയാതിരിന്നുവെങ്കില്‍ എന്ന് . എന്നാല്‍ , ആരും ഒരിക്കലും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നെനിക്കു പറയാനാകില്ല എന്ന് നീ ഒരിക്കല്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നുണ്ടോ ? മരണം ! പേടിപ്പിക്കാത്ത അവര്‍ സ്വയം ഹത്യ നടത്താന്‍ അറിയാത്തതിനാല്‍ ആകാം മരിക്കാത്തത് . അല്ലാതെ ജീവിതത്തെ സ്നേഹിച്ചിട്ടാകില്ല .
എന്നും ഒരു ഞാണിന്മേല്‍ കളിയാണ് ജീവിതം .ഒരിക്കലും ഉറപ്പു പറയാനാകാത്ത ഒരു വസ്തു. ഇരുളാണോ വെളിച്ചമാണോ ഏറെ ഹൃദ്യം എന്ന് കേട്ടാല്‍ ഇരുളും വെളിച്ചവും ഇഴ പിരിക്കുന്ന സന്ധ്യ എന്ന് പറയാന്‍ അല്ലെങ്കില്‍ നിലാവിന്റെ തൂവെളിച്ചം തൂകുന്ന പൗര്‍ണ്ണമിയാണ് എനിക്കേറെയിഷ്ടം എന്നെന്നോട് പറയാറുണ്ടായിരുന്നു നീ .!
ഒരു മഞ്ഞുതുള്ളി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാളെയാണ് ഞാന്‍ നിന്നില്‍ കാണാന്‍ ശ്രമിച്ചിരുന്നത് . പക്ഷെ വിങ്ങുന്ന വൃണം നിറഞ്ഞ ഹൃദയവും , കുത്തി നോവിക്കുന്ന വേദനയിലൂടെ ഊറിവരുന്ന നിന്റെ ചിരിയും , വാചാലതയും ഞാനറിയുന്നു . നീ ഒരിക്കലും സഹതാപമിഷ്ടപ്പെട്ടിരുന്നില്ലല്ലോ . അതൊരിക്കലും ഒരു പരിഹാരവുമല്ലല്ലോ .
വേദാന്തങ്ങളുടെ ആഴക്കടലില്‍ നിന്നും മുങ്ങിയെടുക്കുന്ന ചിപ്പിചിമിഴിനുള്ളില്‍ ഓംകാരനാദത്തിന്റെ മധുരനോവ്‌ . ആ നോവില്‍ നിന്നുദിക്കുന്നൂ ലോകം , ഒരു മൊട്ടായി വന്നു പൂവായി വിടര്‍ന്നു സൗരഭ്യം നല്‍കുന്ന നിന്നെ 'നിത്യകല്ല്യാണി ' യാക്കിയതാരാണ് ?
നിന്റെ മനസ്സിന്റെ വേലിയേറ്റങ്ങള്‍ക്കുമിറക്കങ്ങള്‍ക്കും ഇടയ്ക്ക് എവിടെ എനിക്ക് കൈമോശം വന്ന എന്റെ കൗമാരചാപല്യം ഞാന്‍ കാണുന്നു . ഞാനും വളരുകയാണ് . ഒഴുക്കിനൊത്ത് നീന്തുന്ന ഒരു ഇണപ്പക്ഷിയുടെ ഏകാന്ത രോദനം എന്റെ ബധിരകര്‍ണ്ണങ്ങളെ ശബ്ദയാനമാക്കുന്നതും  നീയറിയുന്നുവല്ലോ.
അര്‍ത്ഥമില്ലാത്ത ഒരുപാട് ദുഃഖങ്ങള്‍ക്ക് നടുവില്‍ നിന്നുമൊരു ഫീനിക്സ് പക്ഷിയായി പറന്നു ഉയരുന്ന നിന്റെ ചിന്തകള്‍ക്ക് സമാനമായി പറക്കുന്നതിന് എന്റെയീ ചിറകുകള്‍ ദുര്‍ബ്ബലമാണ് .
ഇല്ല, നീ എനിക്ക് അന്യമായി തീരുകയാണ് .
ഹൃദയം നിറയെ സ്നേഹവുമായി നിന്നരികിലുണ്ടായിട്ടും , അവ്യക്തമായ ഏതോ വിഷാദത്തില്‍ നീ അലയുന്നത് കാണുമ്പോള്‍ മനസ്സ് വിങ്ങിപ്പൊട്ടുകയാണ് കൂട്ടുകാരാ .
വൃഥാ അധരവ്യായാമമായി മാത്രം എന്റെ വാക്കുകള്‍ നീ കാണുമ്പോള്‍ ഞാന്‍ നിനക്ക് എന്ത് സമാധാനമാണേകണ്ടത് ?
ഒരു വളര്‍ത്തു മൃഗത്തിന്റെ ദൈന്യത നിനക്കൊരിക്കലും മനസ്സിലാകില്ല . പെറ്റമ്മയുടെ കണ്ണുകളിലെ അവകാശവാദം , പിതാവിന്റെ അധീശ്വത്വം തുളുമ്പും പ്രവര്‍ത്തികള്‍ , ഇവയ്ക്കിടയില്‍ ശബ്ദവും ചലനവും നഷ്ടപ്പെടുന്ന ഒരു പാവ. ആഗ്രഹങ്ങള്‍ക്കു നടുവില്‍ ബലിയിരുത്തപ്പെടുന്ന ജന്മം ! അവരുടെ ആഗ്രഹങ്ങളുടെ മോഹങ്ങളുടെ സാക്ഷാത്കാരത്തിലൂടെ എന്റെ  ജന്മത്തെ ഞാന്‍ നേദിചിടുന്നു. വിലപേശി വാങ്ങിയ ഉരുവിനെ പോലെ  മറ്റൊരു തൊഴുത്തിലേക്ക്‌ ഞാനും . അവിടെ നാളെ ഞാനുമീ അഭ്യാസങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നല്ലോ എന്ന വ്യഥ മാത്രം കൂട്ടിനു .
രാത്രിയുടെ നിശ്വാസങ്ങള്‍ക്ക് ഗ്രഹണ ശേഷിയുണ്ട് എങ്കില്‍ അവ നിന്നോട് പറയും എന്റെ മനസ്സ് വെളിപ്പെടുത്തും തീര്‍ച്ച !
ഇനിയും കൂടുതല്‍ എന്താണ് ഞാന്‍ പറയേണ്ടത് ? ഒന്നും പറയാതെ എല്ലാം മനസ്സിലാക്കുന്ന നിന്റെ വാചാലതയ്ക്ക് മുന്നില്‍ , നിസ്സാരമായി ചിരിച്ചു തള്ളുന്നതിനിടയില്‍ ഇടറിപ്പോവുന്ന നിന്റെ സ്വരങ്ങള്‍ക്കും മെല്ലെ നിറഞ്ഞു പോകുന്ന ആ മിഴികള്‍ക്കും മുന്നില്‍ ഞാന്‍ വാക്കുകള്‍ നഷ്ടപ്പെട്ടു നില്‍ക്കുകയാണല്ലോ ...!
പുനര്‍ജന്മങ്ങള്‍ വിശ്വാസമില്ലാത്തവയാണെങ്കിലും അടുത്ത ജന്മത്തില്‍ നമ്മളൊന്നായി തീരുമെന്ന് വെറുതെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കട്ടെ ഞാന്‍ . കാരണം നിന്റെ വേര്‍പാടിന്റെ വേദന എന്നിലുളവാക്കുന്ന തീഷ്ണതയിലൂടെ അതിലുമെത്രയോ മടങ്ങ്‌ നിന്നെ അറിയുന്നു ഞാന്‍ . ആ ചിന്തയില്‍ ഞാനെന്നെ പുശ്ചിച്ചു തള്ളുകയാണ് .
ഈ കപടമായ ലോകത്തിനു നേരെ ഒറ്റയ്ക്ക് പൊരുതുവാന്‍ തോന്നുന്നു എനിക്ക്. എനിക്ക് കിട്ടിയ ഈ പുരുഷന്റെ കീഴില്‍ ഒരു പുഷ്പമായി ചതഞ്ഞരയുന്ന വേളയില്‍ , അറിയാതെയെങ്കിലും ചുറ്റിപ്പിടിച്ചു പോകുന്ന മുഹൂര്‍ത്തത്തില്‍ ഞാന്‍ നിന്നെയാണ് ദര്‍ശിക്കുന്നത് . നിന്റെ മണം , അറിഞ്ഞിട്ടില്ലാത്ത നിന്റെ ഊഷ്മളത , എല്ലാമെല്ലാം ....
ഈ വ്യെക്തിയുടെ സ്നേഹത്തിനു മുന്നില്‍ നിന്നെ ഇടക്കിടെയെങ്കിലും ഞാന്‍ മറന്നു പോകുന്നു എന്നത് സത്യമാണ് . എന്റെ വഞ്ചന അറിയാതെ ആ മനുഷ്യന്‍ എന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ എന്താണ് പറയുക ? ഞാനും മൂകം കേഴുകയാണ് . അകതാരില്‍ പുകയുന്ന കരിന്തിരിയാണിന്നു ഞാന്‍ .!
നിന്റെയരികില്‍ വരാനെനിക്ക് മോഹമുണ്ട് . പക്ഷെ എന്റെ അടിവയറ്റിലൂറിയ ബീജത്തില്‍ ഞാനിപ്പോള്‍ നിന്നെ ആവാഹിക്കുവാന്‍ ശ്രമിക്കുകയാണ് . നിന്റെ സ്പന്ദനം ഞാന്‍ അറിയുന്നു . അതിലൂടെ ഞാനെന്റെ ജീവിതത്തിന്റെ ശീതളിമയിലേക്ക് ഉറ്റുനോക്കുകയാണ് .
നാട്യങ്ങളും , കാപട്യങ്ങളും ഇല്ലാത്ത ഒരു ലോകത്ത്  നിന്റെ വരവിനായി കാത്തിരിക്കുന്നു . അവിടെ നമ്മള്‍ ഒന്നിച്ചു ചിരിച്ചു രസിക്കുന്നത് കണ്ടു അവര്‍ നമ്മെ നോക്കി പകച്ചിരിക്കുമ്പോ ഞാന്‍ നമ്മുടെ ലോകത്തിലേക്ക് മെല്ലെ നടന്നു പോകുകയാണ് . ഇനിയും നീളുന്ന നിന്റെ കാത്തിരിപ്പുപോലെ ഞാനും തുടരട്ടെ , അനന്തമായി .....!
 -----------------------------------------------------------------ബി ജി എന്‍

No comments:

Post a Comment