Sunday, August 14, 2016

ദേശസ്നേഹം നിറഞ്ഞു തുടങ്ങി. .


സ്വാതന്ത്ര്യ ദിനം വന്നു.
പോസ്റ്റുമുതലാളിമാരുണർന്നു.
കൈയ്യില്ലാത്ത കുട്ടിയുടെ പൊയ്ക്കയ്യിലും
തെരുവു ബാല്യങ്ങളുടെ അന്ന വിചാരത്തിലും
പതാകകൾ വച്ചുപിടിപ്പിച്ചു
ഫോട്ടോകൾ വന്നു തുടങ്ങി.
പതാക കൊടുത്ത് നിരത്തിൽ കിടത്തിയും
പതാക എടുക്കാൻ ജീവൻ നോക്കാതോടും
അംഗവൈകല്യങ്ങൾ കാട്ടിയും
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
കൊച്ചു പെൺകുട്ടികളെ
(ആൺ കുട്ടികൾക്ക് ശലഭ സൗന്ദര്യമില്ലല്ലോ)
ദേശീയഗാനം പാടിപ്പിച്ചും
പതാകയേന്തിച്ചും
മുഖത്ത് ത്രിവർണ്ണ പതാക നിറം ചാലിച്ചും
ഹിന്ദു കൃസ്തു മുസ്ലീം വേഷമിടീച്ച
പൈതങ്ങളെ ത്രിവർണ്ണ പതാക പിടിപ്പിച്ചും
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
ഗാന്ധി സ്നേഹവും ,
സ്വാതന്ത്ര്യ സമര ചരിത്രവും
ഘോര ഘോരമെഴുതിയും
നിങ്ങളാർക്കു സ്വാതന്ത്ര്യം തന്നെന്നു
വിയോജനക്കുറിപ്പുകൾ എഴുതിയും
ജാതി തിരിച്ചും മതം തിരിച്ചും
സ്വാതന്ത്ര്യ സമര പങ്കാളിത്തം പറഞ്ഞും
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
*ഉനയിൽ ഒരു ജാഥ സമാപിക്കുന്നത് കാണാതെ
അവരെയൊന്നു  മനസ്സാൽപ്പോലും
ആലിംഗനം ചെയ്യാൻ കഴിയാതെ,
ഞങ്ങൾക്കു വേണ്ടത് ദേശസ്നേഹത്തിന്റെ
ഒരുദിനക്കുറിപ്പുകൾ അല്ല
ഒരു നേരമെങ്കിലും ഭക്ഷണം,
സ്വാതന്ത്ര്യത്തോടെ ജീവിക്കാനനുവാദം,
തൊഴിൽ ചെയ്യാൻ അനുവാദം
മനുഷ്യനെന്ന പരിഗണന
തുടങ്ങി ചെറിയ ആവശ്യങ്ങൾക്കായി
കൈ നീട്ടി കേഴുന്ന
ആദിവാസി ജീവിതങ്ങളെ കാണാതെ
ദേശസ്നേഹം നിറഞ്ഞു തുടങ്ങി.
സോഷ്യൽ മീഡിയകളിൽ വർണ്ണപ്പകിട്ടാർന്ന
ദേശ സ്നേഹം നിറഞ്ഞു തുടങ്ങി.
.......... ബിജു.ജി.നാഥ് വർക്കല.
* ഉന , ഗുജറാത്തിലെ ദളിത് പ്രക്ഷോഭരുടെ വൻ ജാഥ സ്വാതന്ത്ര്യദിനത്തിൽ പരിസമാപ്തി കൊള്ളും .

1 comment:

  1. നിറഞ്ഞുകവിയുമ്പോഴാണ് പൊട്ടലും,ചീറ്റലും ഉണ്ടാവുന്നത്‌..
    ആശംസകള്‍

    ReplyDelete