ഒരു യാത്രികനായാണ്
ഞാൻ നിന്റെ വഴികളിലേക്കിറങ്ങിയത്.
ചുരുണ്ടു നീണ്ട നിന്റെ
മുടിയിഴകളിൽ തഴുകുമ്പോൾ
മരച്ചില്ലകളിൽ ഷാളുകളിൽ തൂങ്ങിയാടിയ
ചിറകരിഞ്ഞ പക്ഷികളെക്കുറിച്ചു
നീ വാചാലയാകുകയായിരുന്നു.
ഉരുണ്ട കഴുത്തിലെ ശംഖു വരകളിൽ
വിരലോടിക്കുമ്പോൾ
അടുക്കളക്കോണുകളിൽ
കണ്ണനീറിപ്പിടയുന്ന
ദൈന്യരൂപങ്ങളാം സുമംഗലകളുടെ
ഗദ്ഗദങ്ങളെ നീയോർമ്മിപ്പിച്ചു.
തുടുത്ത മുലകളിൽ സ്നേഹം തിരഞ്ഞപ്പോൾ
പാൽ വറ്റിയ മുലകളിൽ
അലറിക്കരഞ്ഞു കടിച്ചു മുറിക്കുന്ന
പൈതലുകളെ നോക്കി
ചുണ്ടു കൂട്ടി കരയുന്ന മാതൃത്വങ്ങളെ ചൂണ്ടി
നീ കണ്ണീരൊഴുക്കി .
ആലിലവയറിൽ ചുണ്ടുകൾ മേഞ്ഞുനടന്നപ്പോൾ
വിശന്നൊട്ടിയ വയർ നിറയ്ക്കാൻ
മലം കഴിക്കുന്ന ദൈന്യതയെ
പരിചയപ്പെടുത്തുകയായിരുന്നു' നീ.
ഇരുണ്ട യോനിത്തടം തേടി വിരലുകൾ പായുമ്പോൾ
ഗർഭപാത്രം വലിച്ചു പറിച്ചിടപ്പെട്ട
പെങ്ങമ്മാരുടെ കഥകൾ നീ വായിച്ചുതുടങ്ങി.
വിഭ്രാന്തിയുടെ ഏതോ ഘട്ടത്തിൽ
നഗ്നത മറന്നു
അലറിക്കരഞ്ഞുകൊണ്ട്
ഒരു ഭ്രാന്തനെപ്പോലെ
ഞാൻ ഭൂമിയെത്തേടി യാത്രയായി.
എനിക്കു പിന്നിൽ നീയൊരു
നഗ്നശിലയായി
മലർന്നു കിടക്കുന്നുണ്ടായിരുന്നു.
....... ബിജു. ജി. നാഥ് വർക്കല.
ബോധോദയം!
ReplyDeleteശക്തമായ വരികള്‍
ആശംസകള്‍