എഴുത്തിനെ എത്ര തന്നെ പെണ്ണെഴുത്ത് , ആണെഴുത്ത് എന്ന് വേര്‍തിരിച്ചാലും വായനക്കാരന്‍ ആത്യന്തികമായി തേടുക വായനാ സുഖത്തിന്റെ ലഹരിയൊന്നു മാത്രമാകും . പലപ്പോഴും മുന്‍വിധികളോടെ ആണ് പലരും വായനയെ സമീപിക്കുക. അവതാരകന്റെയോ , ആസ്വാദകന്റെയോ വരികളില്‍ കൂടിയാകും നാം എഴുത്തിനെ സമീപിക്കുക . ഇത് വായനയെ പരിമിതമായ ആകാശത്തില്‍ പിടിച്ചു കെട്ടിയിടുന്നു എന്നത് അനുഭവവേദ്യമായ ഒരു സത്യമാണ് .
'സീയെല്ലെസ് ബുക്സ് 'തളിപ്പറമ്പ് പുറത്തിറക്കിയ ശ്രീ 'ശ്രീജ ബാലരാജി'ന്റെ " കണ്ണാടി ചില്ലുകള്‍ " എന്ന കവിതാസമാഹാരം ആണ് ഇന്നത്തെ വായനയില്‍ വിഭവമായത് . 27 കവിതകളുടെ ഏ സമാഹാരത്തെ വിലയിരുത്തേണ്ടത് കാവ്യാത്മകമായ ഒരു സപര്യയിലൂടെ ഉരുത്തിരിയുന്ന വാക്കുകളുടെ മനോഹാരിതയെ നുകരാന്‍ ഒരിടം എന്ന് തന്നെയാണ്. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അവതാരിക കൊണ്ട് സമ്പന്നമായ ഈ കവിതാ സമാഹാരം ഒറ്റയിരുപ്പില്‍ നാം വായിച്ചു പോകുന്ന ഒരു പുസ്തകം ആണെന്ന് സന്തോഷത്തോടെ പറയാം . കാരണം മിക്ക വായനകളും പലപ്പോഴും മുരടിച്ച , മരവിച്ച നിമിഷങ്ങള്‍ക്ക് ജന്മം നല്‍കുകയും പിന്നീടാകാം എന്നൊരു ചിന്തയില്‍ പടര്‍ന്ന മിഴികളില്‍ ആലസ്യം നിറയ്ക്കുകയും ചെയ്യുന്നവയാണ് .
തുടക്കം തന്നെ 'അനന്തം അജ്ഞാതം ' എന്ന പൊള്ളിപ്പിടയുന്ന ഒരു കവിതയിലൂടെയാണ് . ഇവിടെ കവി പറയുന്നത്
"അവള്‍ കടലാസിലെഴുതുന്നത്
പുരാവൃത്തസ്മൃതികളല്ല
മറിച്ചു
സിഗററ്റ് പുകയും
ചാരായ ഗന്ധവും
ഉണക്കിയും നനച്ചും
അകക്കാമ്പിലെ നെരിപ്പോടില്‍
വേവിച്ചു പാകപ്പെടുത്തിയ
ഒരു അവിഹിതഗര്‍ഭത്തിന്റെ
ഭാവിയാണ് "
ചിന്തകളില്‍ നനവും നോവും പടര്‍ത്തി പോയകാലങ്ങളില്‍ സഞ്ചരിക്കുകയല്ല ഇന്നിന്റെ നേരുകളില്‍ രക്തവും ജീവനും നല്‍കുകയാണ് കവിതയില്‍.
'കത്ത് ' എന്ന കവിത അമ്മയോട് വിദേശത്തിരുന്നുകൊണ്ട് മറ്റൊരു ദേശത്തിന്റെ സാമൂഹ്യ , പാരിസ്ഥിതിക ചുറ്റുപാടുകളെ കൂട്ടിനു വിളിച്ചു ആകുലതയില്‍ പടരുന്ന ഒരു മകളെ (മറ്റൊരമ്മയെ ) കാണാന്‍ കഴിയും . അതുപോലെ കാലികമായ മറ്റൊരു രചനയാണ് 'ചൂണ്ട '.
"എത്ര സൂക്ഷിച്ചു
കണ്ണും കാതും ഒരു പോലെ
ആട്ടിത്തെളിച്ചാലാണ്
ചൂണ്ടകളില്‍ നിന്നും
ഒഴിഞ്ഞു കിട്ടുന്നത് "
എന്ന ആശങ്കയില്‍ ജീവിക്കുന്ന , ജീവിക്കേണ്ടി വരുന്ന പെണ്മനം തുറന്നു കാട്ടുന്നത് ഇന്നിന്റെ നോവുകളെയല്ലേ എന്ന് വായനക്കാര്‍ സ്വയം ചോദിച്ചു പോകുന്നു. ഈ കാലഘട്ടത്തിലെ പല ജീവിത സങ്കേതങ്ങളും ശ്രീജ തനിക്കു വിഷയമാക്കിയിട്ടുണ്ട് . പ്രകൃതിയെയും, ജീവജാലങ്ങളെയും പ്രണയത്തെയും ഒക്കെ നന്നായി പറഞ്ഞു പിടിപ്പിക്കാന്‍ കവിക്ക് കഴിഞ്ഞിരിക്കുന്നു .
ഈണമോടെ ചൊല്ലി മുഴുമിക്കുന്ന സന്തോഷം നല്‍കിയ കവിതകളാണ് 'പുതുവര്‍ഷം ', മറയുന്നു നീയും ', നീയെന്നത് '.'പോകൂ പ്രിയപ്പെട്ട പക്ഷീ; എന്നിവ. അതുപോലെ തന്നെ പ്രവാസികളെക്കുറിച്ച് പറയുന്ന 'പ്രവാസം' എന്ന കവിത ചുട്ടുപൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടി കൂടിയാണ് .
ആമുഖത്തില്‍ പറയും പോലെ കവിതാസ്വദകര്‍ക്ക് നല്ലൊരു വിരുന്നാണ് ഈ പുസ്തകം. വായിക്കുക പങ്കു വയ്ക്കുക . സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല .
No comments:
Post a Comment