Sunday, December 13, 2015

പ്രവാസജീവിതമെന്നാല്‍ സുഖവാസമാണ്

പലയിടങ്ങളില്‍ നിന്നും വന്നവര്‍
പലരീതികള്‍ ഉള്ളില്‍ പേറുന്നോര്‍
ഒരു മുറിയുടെ തണുപ്പില്‍ ഒന്നിക്കുന്നു .

വിയര്‍പ്പു നാറ്റത്തിന്റെ മൂക്ക് ചുളിപ്പില്‍
അധോവായുവിന്‍ ചൊരുക്കില്‍
മദ്യമണം നിറഞ്ഞ കാറ്റില്‍
രാവിന്റെ തുടര്‍ച്ചയില്‍ തുടങ്ങി
പുലരിയുടെ തുടര്‍ച്ചയില്‍ അവസാനിക്കുന്ന
സഹവാസ ജീവിതത്തില്‍
അനുഭവങ്ങളേറെ നിറയുന്നു .

സീരിയല്‍ കണ്ണീരില്‍ മുങ്ങുന്നോര്‍
വീഡിയോകാളില്‍ പ്രണയിക്കുവോര്‍
ഭാര്യയെ തെറികൊണ്ട് മൂടുന്നോര്‍
നെറ്റില്‍ അക്ഷരം തിരയുന്നോര്‍ .

ഇരുട്ട് കൊതിച്ചു പുതച്ചു മൂടുന്നോര്‍
കൂര്‍ക്കം വലിയാല്‍ മൗനമുടയ്ക്കുന്നോര്‍
പാതിരാവിലും നീലവെളിച്ചം തേടുന്നോര്‍
മദ്യം മയക്കിയ പുലഭ്യപുലമ്പലുകള്‍.

തല്ലു കൂടി ഇണങ്ങി പിണങ്ങുന്നോര്‍
കടം വാങ്ങി കഴുത്തോളം മുങ്ങുന്നോര്‍
കള്ളുകുടിച്ചു ജീവിതം തുലയ്ക്കുന്നോര്‍
തമ്മില്‍ തമ്മില്‍ അറിയുന്ന സ്നേഹിതര്‍

നാട്ടില്‍ നിന്നു വരുന്ന കെട്ടുകളില്‍
അച്ചാര്‍ മണവും ചക്കയും തിരയുവോര്‍
ആവശ്യങ്ങള്‍ കൊടുത്തു വിടാനായി
ആവതില്ലെങ്കിലും വിയര്‍പ്പൊഴുക്കുന്നവര്‍

ടോയ്ലറ്റില്‍ സ്ഖലിക്കുന്ന മോഹങ്ങള്‍
പണം മുടക്കി വാങ്ങുന്ന ദീനങ്ങള്‍
തിരികെ മടങ്ങുമ്പോള്‍ കൂട്ടിന്നായി
ബിരുദമൊന്നു തനുവില്‍ പേറുന്നോര്‍ *

ജീവിതത്തിന്‍ വസന്തങ്ങള്‍
എടുക്കാ ഭാരത്താല്‍ വാടിക്കൊഴിയുമ്പോള്‍
അനുഭവത്തിന്റെ അലമാരയില്‍ വച്ച് പൂട്ടാന്‍
ഇനിയുമെത്ര ഓര്‍മ്മകള്‍ കൂടെയുണ്ടവര്‍ക്ക് ?
-----------------ബിജു ജി നാഥ്
*(പ്രവാസികള്‍ നാട്ടിലേക്ക്കൊണ്ട് പോകുന്ന ബിരുദം ആണ് BSC. ബി പി, ഷുഗര്‍,കൊളസ്ട്രോള്‍)

1 comment:

  1. നെരിപ്പോട് പോലെ എരിഞ്ഞുതീരുന്ന പ്രവാസിജന്മം..

    ReplyDelete