ഏറെ നേരം തിരക്കില്‍ കാത്തു നിന്നാണ് ഒടുവില്‍ അയാളുടെ നമ്പര്‍ വന്നത് . വേറെ ഒന്നുമല്ല ഡോക്ടറെ കാണാന്‍ തന്നെ . ജോലി കഴിഞ്ഞു വന്ന ഉടനെ ആശുപത്രിയിലേയ്ക്ക് പോയതാണ്. രണ്ടായിരുന്നു വിഷയം ഒന്ന് അടുത്തിടയായി അലട്ടുന്ന തലവേദന ഒപ്പം യാദൃശ്ചികമായി കൈയ്യില്‍ ഉണ്ടായ ഒരു പൊള്ളല്‍ . ഡോക്ടര്‍ ബി പി പരിശോധിച്ച് "കുഴപ്പം ഒന്നുമില്ല കാഴ്ച്ചയുടെ പ്രശ്നം ആകാം . കണ്ണൊന്നു പരിശോധിക്കുക" എന്ന്‍ പറഞ്ഞു . അത് കഴിഞ്ഞപ്പോഴാണ് ഡോക്ടറെ കൈ കാണിച്ചു കൊടുത്തത് . തീക്കൊള്ളി കൊണ്ട് കുത്തേറ്റ പോലെ ഡോക്ടര്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു എന്നിട്ട് "എന്ത് പറ്റി"? എന്ന് അന്വേഷിച്ചു. അയാള്‍ ഒരു ചെറിയ ചിരിയോടെ പറഞ്ഞു "അത് ഡോക്ടര്‍ ഞാന്‍ ഒരു ചായ ഇട്ടതാ" . "ശരി സിസ്റ്ററോട് പറയൂ ഡ്രസ്സ് ചെയ്തു തരും . പനി വരാതെ ഇരിക്കാന്‍ ആന്റി ബയോട്ടിക്ക് എഴുതാം . വേദന ഇല്ലല്ലോ ല്ലേ" . "ഇല്ല ഡോക്ടറെ" . "ശരി" എന്നു പറഞ്ഞു ഡോക്ടര്‍ കുറിപ്പെഴുതി അയാളെ പറഞ്ഞയച്ചു .
ഡ്രസ്സിംഗ് റൂമിന് മുന്നിലെ കസേരകളില്‍ ഒന്നില്‍ അയാള്‍ ഇരുപ്പുറപ്പിച്ചു . അകത്തു പാതി ചാരിയ വാതിലില്‍ കൂടി നഴ്സ് കൊച്ചിന്റെ ഓട്ടവും സംസാരവും കാണാമായിരുന്നു . ഒരു പാകിസ്ഥാനി തിരുനെറ്റി പൊട്ടിച്ചു വന്നിരിക്കുന്നുണ്ട് അയാളെ ഡ്രസ്സ് ചെയ്യുക ആണ് ആ നഴ്സ് . ഹിന്ദി പോലും നേരെ പറയാന്‍ അറിയാത്ത ആ മനുഷ്യനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് തന്റെ ജോലി ചെയ്യുന്നത് ശ്രദ്ധിച്ചു അയാള്‍ അവിടെ മറ്റുള്ളവര്‍ക്കൊപ്പം തന്റെ ഊഴവും കാത്തിരുന്നു . ഒടുവില്‍ തന്റെ പേര് വിളിച്ചു അയാള്‍ അകത്തേക്ക് ചെന്നു .
"എന്താണ് കൈക്ക്" എന്ന് പറഞ്ഞു കയ്യിലേക്ക് നോക്കിയതും "ദൈവമേ" എന്ന കൊച്ചു വിളിച്ചതും ഒരുപോലെ . "ചേട്ടന്‍ ആ ബെഡ്ഡില്‍ കയറി കിടക്കു . ഞാന്‍ ആദ്യം ഈ ചെറിയ പണികള്‍ തീര്‍ക്കട്ടെ" എന്നായി അവള്‍ . അയാള്‍ "ശരി" എന്ന് പറഞ്ഞു ബെഡ്ഡില്‍ കയറി കിടന്നു . "ചേട്ടാ കാലൊന്നു ഒതുക്കി വച്ചാല്‍ ഈ ഫയലുകള്‍ ഞാന്‍ ഒന്ന് വച്ചേനെ" എന്ന നഴ്സ് കൊച്ചിന്റെ അപേക്ഷയെ തുടര്‍ന്ന് അയാള്‍ കാല്‍ ഒതുക്കി വച്ച് ബെഡ്ഡില്‍ മലര്‍ന്നു കിടന്നു ആ പെണ്‍കുട്ടിയുടെ ചലനങ്ങള്‍ വീക്ഷിച്ചു . വളരെ ചടുലമായി ഓരോ രോഗിയോടും വളരെ ദയയോടും സ്നേഹത്തോടും അവള്‍ പെരുമാറുന്നത് കാണുമ്പോള്‍ കണ്ടു വന്നിരുന്ന മാലാഖക്കുഞ്ഞുങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും വളരെ വേറിട്ട് കണ്ടു . മനസ്സില്‍ കൌതുകം വളര്‍ന്നു . മൂന്നു പേര്‍ വന്നത് ഇന്‍ജക്ഷന്‍ എടുക്കാന്‍ ആയിരുന്നു . ഒരാളിനോടു ഹിന്ദിയില്‍ അടുത്ത ആളിനോട് ഇംഗ്ലീഷില്‍ അടുത്ത ആളിനോട് മലയാളത്തില്‍ ഒരേ കാര്യം പറയുന്നുണ്ടായിരുന്നു . "കമിഴ്ന്നു കിടക്കൂ ഇന്‍ജക്ഷന്‍ എടുക്കട്ടെ . ഇനി ശ്വാസം വലിച്ചു എടുത്തു ഉള്ളില്‍ നിര്‍ത്തി അല്പമായി പുറത്തേക്കു വിടൂ . ഉം കഴിഞ്ഞു വേദനിച്ചോ . നന്നായി തിരുമ്മുക പിന്നെ നന്നായി ഭക്ഷണം കഴിക്കണം നാളെവരെ വേദന ഉണ്ടാകും . ശക്തമായ വേദന വരികയാണെങ്കില്‍ ഐസ് കഷണം വയ്ക്കണം" എന്ന് പറഞ്ഞു മൂന്നാളേം വിട്ടു . അപ്പോള്‍ അടുത്ത ബെഡ്ഡില്‍ ഡ്രിപ്പ് ഇട്ടുകിടന്ന പാകിസ്ഥാനി വിളിച്ചു "മാഡം എനിക്ക് തലവേദന നന്നായി എടുക്കുന്നു" എന്ന് പറഞ്ഞു . "ഭായ് സാബ് ഈ ഡ്രിപ്പ് കഴിയും വരെ സഹിക്കണം അല്ലാതെ വേറെ വഴിയില്ല" എന്ന് പറഞ്ഞു തിരിഞ്ഞിട്ടു എന്നോട് "കാലത്ത് മുതല്‍ ഒന്നും കഴിക്കാതെ ഇരുന്നിട്ട് ഇപ്പൊ മരുന്നു നേരെ കൊടുത്താല്‍ താങ്ങത്തില്ലഅതാ ഡ്രിപ് ഇട്ടു കിടത്തിയിരിക്കുന്നത് ". അപ്പോഴേക്കും അടുത്ത ആളിനെ വിളിച്ചു എന്നിട്ട് അയാളെ നോക്കി "ചേട്ടാ ഇതോടെ തീരും പിന്നെ ചേട്ടനെ നോക്കാം" എന്നും പറഞ്ഞു തിരിഞ്ഞു . അടുത്തത് ആയി വന്നത് ഒരു ചെക്കന്‍ ആയിരുന്നു . "ഇത് രണ്ടാമത്തെ ഇന്‍ജെക്ഷന്‍ അല്ലെ ഇന്നത്തേത് "എന്നവനോട് ചോദിച്ചു "അല്ല മൂന്നു" . "ആണോ നന്നായി . നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ" . "ഉം ഉണ്ട് "എന്നവന്റെ മറുപടി കേട്ട ഉടനെ "മെലിഞ്ഞിരുന്നാല്‍ അങ്ങന" എന്നും പറഞ്ഞു ബെഡ്ഡില്‍ കയറി കിടക്കാന്‍ പറഞ്ഞു . കൈ പിടിച്ചു ഞരമ്പ് നോക്കി "എടാ നീ കൈ മുറുക്കെ പിടി" എന്നുള്ള അപേക്ഷ കേട്ടാല്‍ വളരെ അടുത്ത ആരോടോ ആണെന്ന് തോന്നും .ഒടുവില്‍ അവന്റെ മെല്ലിച്ച കൈയ്യില്‍ കിട്ടിയ ഞരമ്പിലെക്ക് സൂചി കയറ്റി "നോവില്ല കേട്ടോ" എന്ന് പറഞ്ഞു ഇന്‍ജക്ഷന്‍ എടുത്തു .
അത് കഴിഞ്ഞു അയാളോട് പറഞ്ഞു "ചേട്ടാ സോറി കേട്ടോ ഞാന്‍ ഒരാള്‍ എല്ലാം നോക്കണ്ടേ . മറ്റൊരാള്‍ അപ്പുറത്തും തിരക്കില്‍ ആണ്" . അയാള്‍ ചോദിച്ചു "അപ്പോള്‍ എട്ടു മണിക്കൂര്‍ ആണോ അതോ പന്ത്രണ്ടു മണിക്കൂര്‍ ആണോ ഡ്യൂട്ടി" . "എട്ടു മണിക്കൂര്‍ ആണ് എട്ടര ആകുമ്പോള്‍ ഞാന്‍ കണ്ണും പൂട്ടി അങ്ങ് പോകും പിന്നല്ല" .എന്നും പറഞ്ഞു അവള്‍ അയാളുടെ കൈ പിടിച്ചു ടിഷ്യൂ പേപ്പറിന് മുകളില്‍ വച്ച് ."ഇതെങ്ങനെ പറ്റിയതാ ചേട്ടാ" . "അതോ അത് ചായ ഉണ്ടാക്കിയതാ വെള്ളം ഗ്ലാസ്സില്‍ ഒഴിച്ചപ്പോള്‍ തെന്നി കൈയ്യില്‍ വീണു" . "ഉം നന്നായി ഇങ്ങനെ തന്നെ ചായ ഉണ്ടാക്കണം . എന്നിട്ട് വേദന ഉണ്ടോ ?" "ഹേയ് ഇല്ല ഇന്നലെ മുതല്‍ കൊണ്ട് നടക്കുവാ ഇപ്പൊ തോന്നി ഒന്ന് കാണിക്കാം എന്ന് ". "അത് തന്നെ നല്ലൊരു കൈ ഈ പരുവം ആക്കിയപ്പോള്‍ സമാധാനം ആയില്ലേ . ഇനി ശ്രദ്ധിക്കണം കേട്ടോ" എന്നും പറഞ്ഞു അവള്‍ സിറിഞ്ച് എടുത്തു പൊള്ളല്‍ കുമളിച്ചു ഇരിക്കുന്നതില്‍ കുത്തി അതിന്റെ നീര് എടുത്തു തുടങ്ങി . അങ്ങോട്ട് നോക്കിയപ്പോള്‍ "വേണ്ട ഇങ്ങോട്ട് നോക്കണ്ട വേദനിച്ചാല്‍ പറഞ്ഞാല്‍ മതി"എന്ന് പറഞ്ഞു അവള്‍ പണി തുടങ്ങി . അയാള്‍ ചോദിച്ചു "നാട്ടില്‍ എവിടയാ?" . "ഞാന്‍ വയനാട് , ഭര്‍ത്താവ് എറണാകുളം , ഇപ്പോള്‍ ഞങ്ങള്‍ താമസം ആലുവ" . "ഇവിടെ കുറെ നാള്‍ ആയോ?" "ഉം...". അപ്പോള്‍ മറ്റൊരു നഴ്സ് വന്നു . "ഡീ നിന്നോട് എട്ടര വരെ നില്‍ക്കണം എന്ന് പറഞ്ഞു കേട്ടോ ഓവര്‍ടൈം" . "അയ്യോ അതെയോ ശരി നീ ഒരു കാര്യം ചെയ്യോ ഈ പേഷ്യന്റിനെ ഒന്ന് നോക്കാമോ" ഒരു ചെറിയ കേസ് ആണെന്ന് പറഞ്ഞു മറ്റൊരു കേസ് അവള്‍ക്കു കൊടുത്തു അയാള്‍ക്ക് നേരെ തിരിഞ്ഞു ചിരിച്ചു . "ശ്ശൊ വിളിച്ചു പറഞ്ഞില്ല ഇനി ചെന്നിട്ടു വേണം ഫുഡ് ഉണ്ടാക്കാന്‍" എന്നും പറഞ്ഞു അവള്‍ വീണ്ടും മുറിവില്‍ മരുന്ന് പുരട്ടി തുടങ്ങി . "ചേട്ടാ ഒരു കാര്യം ചെയ്യണം പയറു വാങ്ങി വെള്ളത്തില്‍ ഇട്ടു വച്ച് അത് മുളപ്പിച്ചു കഴിക്കണം രാവിലെ കേട്ടോ അതില്‍ ഹൈ പ്രോട്ടീന്‍ ആണ് തൊലിയുടെ നിറം തിരികെ കിട്ടും പിന്നെ ഒരുപാട് വെള്ളവും കുടിക്കണം" . "അതെയോ പക്ഷെ എനിക്ക് യൂറിക്ക് ആസിഡ് ഉള്ളതാ അപ്പോള്‍ പയര്‍ ശരിയാവോ" . "അത് ശരി എന്നാല്‍ വേണ്ട . എന്നാല്‍ ഓറഞ്ചു കഴിക്കു കേട്ടോ നിറം കിട്ടട്ടെ" . "ഇനി എന്തിനാ അത് വരുമ്പോലെ വരട്ടെ" . "അതുശരി പറഞ്ഞാല്‍ കേള്‍ക്കാത്ത ഇനം ആണല്ലേ . അതിരിക്കട്ടെ ചേട്ടന് യൂറിക്ക് ആസിഡ് എന്തെ വെള്ളം അടിയും ഉണ്ടോ" . "ഹേയ് ഇല്ല തോന്നിയ ഭക്ഷണം ഒക്കെ അല്ലെ അതാകാം" . "ഉം ശ്രദ്ധിക്കണം കേട്ടോ . ശരി ഇനി എഴുന്നെട്ടോളൂ . ഈ ക്രീം വാങ്ങി പുരട്ടണം ഗുളികയും കഴിക്കണം . നാളെ വാ ഒന്നൂടെ ഡ്രസ്സ് ചെയ്തു തരാം . കേട്ടോ" . അയാള്‍ പതിയെ ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു . മനസ്സില്‍ ആ മാലാഖ കുട്ടിയുടെ സ്നേഹവും സംസാരവും പെരുമാറ്റവും നിറഞ്ഞു നിന്ന് . ഇത്തരം മാലാഖമാര്‍ ഉണ്ട് എങ്കില്‍ എത്ര വലിയ അസുഖവും പെട്ടെന്ന് ഭേദമാകും എന്ന് മനസ്സില്‍ പറഞ്ഞു . മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞു തീരുന്ന ആ കുട്ടിയുടെ ഓര്‍മ്മയില്‍ അയാള്‍ ഇരുട്ടില്‍ ജനക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു .
------------------------------------------------ബി ജി എന്‍ വര്‍ക്കല
ശരിക്കും!!
ReplyDeleteനമ്മുടെ മലയാളിക്കുട്ടികൾ ചെയ്യുന്നപോലെ വേറെ ആരും ഇത്ര കരുണയോടെ നർസിംഗ് ചെയ്യുന്നത് കണ്ടിട്ടില്ല
കാര്യങ്ങളറിയുന്നവര്‍ക്ക് ആരെയും കുറ്റപ്പെടുത്താന്‍ മനസ്സുവരില്ല!
ReplyDeleteആശംസകള്‍