Wednesday, December 9, 2015

നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍


നിന്നിലേയ്ക്കൊരു തീക്കാറ്റായി
നിന്നെ ഉലയ്ക്കുമൊരു സുനാമിയായി
നിന്നെ മറക്കാന്‍ കഴിയുന്നൊരുറക്കമരുന്നായി
എന്താണ് ഞാന്‍ തിരയേണ്ടതിനി ?

നീ പകര്‍ന്നിട്ട വാക്കിന്‍ മധുരവും,
നിന്‍ വിരല്‍ത്തുമ്പ്‌ തേടുമീ തമ്പുരുവും,
നിന്റെ വിയര്‍പ്പിന്‍ ഗന്ധവും
എന്റെ ഓര്‍മ്മപ്പിരാന്തുകള്‍ ആകവേ
നിന്നെ മറക്കാന്‍
എന്താണ് ചെയ്യേണ്ടതിനി ഞാന്‍ ?

എന്റെ ശയ്യയില്‍ നീയുപേക്ഷിച്ച തൂവാല.
എന്റെ മുലക്കാമ്പില്‍ നീലിച്ച
നഖക്ഷതങ്ങള്‍.
എന്റെ നാഭിയില്‍ കല്ലിച്ച ദന്തക്ഷതങ്ങള്‍
എന്റെ ശരീരമിങ്ങനെ ചൂടുപിടിച്ചീടുമ്പോള്‍
നിന്നെ മറക്കാന്‍
എന്താണ് പറയേണ്ടതിനി ഞാന്‍ ?

പടിവാതിലില്‍ മുട്ടും സ്വരങ്ങളില്‍,
ടെലിഫോണ്‍ മണികളില്‍,
സന്ദേശശബ്ദങ്ങളില്‍
നിന്റെ സാന്നിദ്ധ്യം തിരയുമ്പോള്‍
നിന്നെ മറക്കാന്‍
എന്താണ് ചെയ്യുക ഞാന്‍ ?

ഇരുട്ടിലെ നിശബ്ദതയില്‍
നിന്നെ മറക്കാന്‍ ശ്രമിയ്ക്കുമ്പോഴും
തുടിച്ചുയരും മുലഞെട്ടുകള്‍ ,
തുടഞ്ഞരമ്പുകള്‍ തന്‍ വിറകൊള്ളല്‍
ഇല്ല നിന്നെയോര്‍മ്മിക്കാതെ
മരിക്കാനുമാവില്ലല്ലോ!

പ്രണയത്തിന്റെ മാന്ത്രിക വിരലാല്‍
ഉറങ്ങിക്കിടന്നോരെന്‍ തനുവേയുണര്‍ത്തി
കടന്നു പോകും ഹേ ഗന്ധര്‍വ്വാ ,
വരിക
അഹല്യയാമെന്നെ തൊട്ടുണര്‍ത്തിയ നിന്‍
കരമെന്‍ നേര്‍ക്ക്‌ നീട്ടുക വീണ്ടും.

മൃതിയുടെ തണുപ്പെന്‍ ചേതനയെ
തിന്നു തീരും വരെ നീയരികിലുണ്ടാവുക.
നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍ !
നിന്നെ മറക്കുക മരണമെന്നറിയുന്നു ഞാന്‍!
---------------------------ബിജു ജി നാഥ്

(പ്രണയത്തിന്റെ അഗ്നി കൊളുത്തി ആത്മാവോളം ഇറങ്ങി പോയി ഒരു നാള്‍ കടന്നു പോകുന്ന കൗശലക്കാരനായ ഓരോ കമിതാവിനോടും കാമിനിയുടെ വിലാപമാണത് . )

2 comments: