ദൈവത്തിന്റെ ജാതി (കഥകള്‍)
ശോഭാലതിക
Quivive Text
വില : 110 രൂപ
ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദിക്കുന്നു നീര്‍ നാവ് വരണ്ടഹോ.
ഭീതിവേണ്ട തരികതെനിക്ക് നീ .....
(ചണ്ഡാല ഭീഷുകി .... കുമാരനാശാന്‍ )
ജാതീയതയുടെ അഴുക്ക് പിടിച്ച നൂറ്റാണ്ടിന്റെ ശാപം പേറുന്ന ഒരു ജനതയാണ് നാം . നാം എന്നടക്കിപ്പറയാനുമാകില്ല. നമ്മില്‍ ചിലര്‍. ഒരേ രൂപം ഒരേ ജനുസ്സ് ഒരേ വിഭാഗം പക്ഷേ ജീവിതം പല വിധം . പരിണാമത്തിന്റെയും സംസ്കാരത്തിന്റെയും ആരംഭകാലത്തിന്റെ ഇടയിലെവിടെയൊക്കെയോ കടന്നു വന്ന മതങ്ങള്‍ ഒന്നുപോലും മനുഷ്യരെ തരം തിരിവുകളില്ലാതെ സ്നേഹിക്കാന്‍ പഠിപ്പിച്ചില്ല. ആധുനിക ലോകത്തും സങ്കരജാതികളായ മനുഷ്യരായി ജീവിക്കുന്ന സമൂഹമാണ് നാം . പേരുകള്‍ കൊണ്ടും തൊഴിലുകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും ദൈവങ്ങള്‍ കൊണ്ടും ദേശങ്ങള്‍ കൊണ്ടും വിഭജിപ്പിക്കപ്പെട്ടവര്‍. ഗോത്രങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറാത്ത ആധുനിക ഗോത്രമനുഷ്യര്‍!. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു പോലും ജാതികള്‍ പലതാണ് . മനുഷ്യര്‍ പലരാണ് . ഇന്ന് നാം ജീവിക്കുന്നതു ആധുനികതയുടെ കാലത്തിലല്ല തിരികെ നടക്കാന്‍ പ്രേരിപ്പിക്കുന്ന സംസ്കാരത്തിന്റെ അടിച്ചേല്‍പ്പിക്കലുകളില്‍ ആണ് . മനുസ്മൃതിയുടെ കാലം തിരികെ വരുന്നുവെന്ന ആശങ്കകളില്‍ ആണ് . എന്തുകൊണ്ടാണ് നമുക്കിങ്ങനെ സംഭവിക്കുന്നത്.? വിദ്യാഭ്യാസം കൊണ്ടും പ്രബുദ്ധത കൊണ്ടും ഏറെ മുന്നോക്കം നില്‍ക്കുന്ന ഒരു ജനതയാണ് നാം. പക്ഷേ നമുക്കിടയില്‍ വിഭജനം സംഭവിക്കുന്നത് നൂറ്റാണ്ടുകള്‍ കൈമാറി വരുന്ന ജാതിമത ചിന്തകള്‍ ആണെന്നത് എത്ര ലജ്ജാകരമായ വസ്തുതയാണ് . അവര്‍ ഇവര്‍ എന്ന വേര്‍തിരിവുകള്‍ ചിന്തകളില്‍ നിന്നും മാറുകയും നമ്മള്‍ ഒന്നെന്ന തോന്നല്‍ വരികയും ചെയ്യുക വളരെ അത്യാവശ്യമാണ്. ഒരു കാര്യം ശരിയാണ് നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തി വച്ചിരുന്ന ഒരു വിഭാഗം ജനത, പൊതുധാരയില്‍ കടന്നു വരുമ്പോള്‍, തലമുറകള്‍ കൈമാറി വന്ന വിധേയത്വം എന്ന കളയെ പറിച്ചു കളയാന്‍ അവര്‍ ശ്രമിക്കുമ്പോള്‍,അവരുടെ ഇടപെടലുകളെ ജാള്യതയോ നിസ്സഹായതയോ ഒക്കെയായിട്ടാണ് സമൂഹത്തിനു അനുഭവപ്പെടുക. ഇതിന് കാരണം നിങ്ങളോര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്നുള്ള ഒരു ബോധം അബോധമനസ്സില്‍ ഉണ്ടാകുന്നതുകൊണ്ടാകാം. അതിജീവനം എന്ന വാക്കില്‍ അതിനെ കോര്‍ത്തിടാം. ഒരേ ബഞ്ചില്‍ ഇരിക്കാനോ ഒരേ പാഠം പഠിക്കാനോ കഴിയാതെ പോയവര്‍ ഇന്ന് ഒരേ പാഠം പഠിക്കുകയും ഒരേ ബഞ്ചില്‍ ഇരിക്കുകയും ഒരേ ഭക്ഷണം കഴിക്കുകയും മാത്രമല്ല പഠിപ്പിക്കുകയും ഭരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നത് സ്വയം മനസ്സിലാക്കുകയും സ്വന്തം ശക്തി, കഴിവ് എന്നിവ മേല്‍പ്പറഞ്ഞ ജാള്യത നിസ്സഹായ്ത എന്നിവയെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിനാലുമാണ് .
‘ശോഭാലതിക’യുടെ “ദൈവത്തിന്റെ ജാതി” എന്ന പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ വന്നത് രാജാവ് നഗ്നനാണ് എന്നു വിളിച്ച് പറഞ്ഞ കുഞ്ഞുങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണല്ലോ സമൂഹം പുരോഗമനത്തിലേക്ക് സഞ്ചരിക്കുന്നത് എന്നതാണു. ഭരണഘടന ശില്പിയായ ബാബാ സാഹിബ് അംബേദ്കര്‍, ആധുനിക ബുദ്ധന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ പരിചയപ്പെടുത്താന്‍ ഒരു ചെറിയ അനുഭവത്തിലൂടെ ശോഭയ്ക്ക് കഴിയുന്നത് ഈ പുസ്തകത്തിന്റെ ഒരു ഹൈ ലൈറ്റ് ആയി കാണാന്‍ കഴിയും. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി ചിന്തയുടെ അനുഭവസാക്ഷ്യങ്ങള്‍ പോലെ പതിനഞ്ചോളം കഥകളില്‍ ചിലവ വായനയില്‍ മുള്ളുകള്‍ പോലെ കരളില്‍ തറച്ചു കയറുന്നുണ്ട്. പുതിയ തലമുറ, മാതാപിതാക്കളുടെ തൊഴിലില്‍ അലോസരരാകുകയും അതില്‍ നിന്നും അവര്‍ വിടുതല്‍ നേടി മറ്റെന്തെങ്കിലും മാന്യമായ (?) തൊഴില്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുകയും ചെയ്യണം എന്നൊരു ചിന്ത വിദ്യാഭ്യാസം നേടുമ്പോള്‍ കരുതുന്നതിലെത്രമാത്രം പ്രസക്തി ഉണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു . കുലത്തൊഴില്‍ പരമ്പര ആയി ചെയ്യണം എന്നൊരു ധ്വനിയല്ലതില്‍ . മാതാപിതാക്കളുടെ തൊഴിലില്‍ , അത് പറയുന്നതില്‍ , ജനിച്ചുപോയ വര്‍ണ്ണത്തില്‍ ഒക്കെയും നാണക്കേടുകള്‍ തോന്നിക്കുന്നത് ശരിയാണോ എന്നതാണു ചിന്ത . വിദേശത്തൊക്കെ കര്‍ഷക വൃത്തി ചെയ്യുന്നവര്‍ വളരെ വലിയ രീതിയില്‍ വിദ്യാഭ്യാസം കിട്ടിയ ശേഷം അവരുടെ ജോലിയില്‍ ആ അറിവിനെ പ്രയോഗിച്ച് കൂടുതല്‍ അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും നേടുവാന്‍ ആണ് ശ്രമിക്കുക . പക്ഷേ , നമുക്ക് വിദ്യാഭ്യാസം എന്നത് സര്ക്കാര്‍ ജോലി അല്ലെങ്കില്‍ ഡോക്ടര്‍ , എഞ്ചിനീയര്‍ തുടങ്ങിയ തൊഴിലുകള്‍ ഇവയാണ് സ്വപ്നം . പുരോഗതിയിലേക്ക് തിരിക്കുമ്പോള്‍ തൊഴിലില്‍ നാണക്കേടും , ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലും നേടിക്കൊടുക്കാന്‍ തക്ക വണ്ണം നാം പരിഷ്കൃതരാണ് . അതേ സമയം തന്നെ സര്ക്കാര്‍ തൊഴിലുകളില്‍ ആയാലും മറ്റ് സാമ്പത്തിക ഭദ്രതയുള്ള തൊഴിലുകളില്‍ ആയാലും തൊഴില്‍ ലഭിക്കുന്നതിന് ജാതി എന്നതൊരു വലിയ ഘടകമായി ഇന്നും നിലനില്‍ക്കുന്നുമുണ്ട് . സംവരണം പോലുള്ള ആനുകൂല്യങ്ങളില്‍ കൂടി അവ നേടിയെടുക്കുന്നതിന് വളരെ കുറവ് ആള്‍ക്കാരെ എത്തപ്പെടുന്നുള്ളൂ . അവയിലും ജാതികളുടെ ഉപജാതി വ്യത്യാസങ്ങള്‍ പ്രത്യക്ഷമായിത്തന്നെ കാണാന്‍ കഴിയുകയും ചെയ്യും . ഇത്തരം സാമൂഹിക ചുറ്റുപാടുകള്‍ ആണ് ഇന്നും നമുക്കിടയില്‍ ഉള്ളതെന്നതുകൊണ്ടു തന്നെ ശോഭാലതിക മുന്നോട്ട് വയ്ക്കുന്ന ജാതിയുടെ വിഷയം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സാമൂഹിക വിഷയം തന്നെയായി കാണാന്‍ കഴിയും. കഥകള്‍ വെറും ജാതീയതയുടെ വേര്‍തിരിവുകള്‍ മാത്രമല്ല പങ്കുവയ്ക്കുന്നത് . ഒപ്പം തന്നെ അരികുവത്കരണം നേരിടുന്ന പാട്രിയാര്‍ക്കിയുടെ ഇരകളായ സ്ത്രീകളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട് . ജാതീയത മനുഷ്യരില്‍ ഒരു വിഭാഗത്തിന് മാത്രമാണു വിഷയമാകുന്നതെങ്കില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ ഒരു തരത്തില്‍ അതിനെ കുലസ്ത്രീ സഹനങ്ങള്‍ എന്നും പറയാം മുഴുവന്‍ സ്ത്രീകള്‍ക്കും ഒരുപോലെ അനുഭവവേദ്യമാകുന്നവയാണ് . അടുത്തിടെ ഒരു വലിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസ്സില്‍ ഒരു അഭിനേത്രിയായ പാര്‍ട്ടിസിപ്പന്‍റും കൂട്ടാളികളും കുലസ്ത്രീയെ നിര്‍വ്വചിച്ച പൊതുബോധം ഇത്തരുണത്തില്‍ ഓര്‍ക്കുകയും സഹനങ്ങള്‍ എന്നത് നമ്മുടെ അവകാശമാണ് എന്ന ബോധം നിലനിര്‍ത്തുകയും ചെയ്യുന്നവരെ ഉണര്‍ത്താനും ഇത്തരം കഥാകഥനങ്ങള്‍ സഹായിക്കും എന്നൊരു ധാരണ കൂടിയുണ്ട് .
ദളിത് സാഹിത്യം എന്നൊരു സംഗതി ശരിക്കും മലയാളത്തില്‍ ഉണ്ടോ എന്നത് ചര്‍ച്ചാ വിഷയമാകണം. ഇതിനെക്കുറിച്ച് കെ ഇ എന്‍ മുന്പ് എഴുതിയിട്ടുള്ളതായി ഓര്‍ക്കുന്നു . കുരീപ്പുഴ ശ്രീകുമാര്‍ ചിലയിടങ്ങളില്‍ പറഞ്ഞ ഒരു കാര്യമുണ്ട് . പാടത്തും പറമ്പിലും കീഴാള സ്ത്രീകളും പുരുഷന്മാരും പാടി നടന്നതും പറഞ്ഞതുമായ കഥകളും കവിതകളും ആരും എങ്ങും എഴുതിവച്ചിട്ടുള്ളവയല്ല. അതുകൊണ്ടു മാത്രം നമുക്ക് നഷ്ടമായ എത്രയോ മനോഹരങ്ങളായ സൃഷ്ടികള്‍ ആണവ. ദളിത സാഹിത്യം എന്നൊരു വിഭാഗം വരികയും അതില്‍ സത്യസന്തമായ ഗവേഷണങ്ങള്‍ നടക്കുകയും സമാഹരണങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ മാത്രമേ കാണാതെ, വായിക്കാതെ പോയ ഒരുപാട് നല്ല വായനകള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ശോഭാലതിക എന്ന എഴുത്തുകാരിയില്‍ ഒരുപാട് കഥകള്‍ ഉണ്ട് . അവ പറഞ്ഞു തരാന്‍ കഴിയുന്ന ഒരു ഭാഷയുണ്ട് . ഈ പുസ്തകത്തിലെ കഥകള്‍ എല്ലാം തന്നെ സ്ത്രീ പക്ഷത്തു നിന്നുകൊണ്ടുള്ള വേഷപ്പകര്‍ച്ചകള്‍ ആണ്. ആത്മനൊമ്പരങ്ങള്‍ , സ്വത്വ ബോധത്തിന് ഉള്ളില്‍ നിന്നുള്ള പ്രതിക്ഷേധങ്ങള്‍ എന്നിവയാണ് . പ്രണയവും കുഞ്ഞ് നൊമ്പരങ്ങളും നിരാശകളും വിഷയമാകുന്നുണ്ട് എങ്കിലും കഥകളുടെ ഏകീകത എന്നത് സ്ത്രീ പക്ഷ വാദവും ജാതീയതയുടെ, ഇരകളുടെ പ്രതിക്ഷേധ സ്വരങ്ങളും ആണ് . കൂടുതല്‍ എഴുതി മൂര്‍ച്ച വരികയാണെങ്കില്‍ നാളെകള്‍ ഈ എഴുത്തുകാരിയെ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ നേരുന്നു . ബിജു ജി നാഥ്
No comments:
Post a Comment