Thursday, July 11, 2019

ലോകോത്തരകഥകള്‍................ മാക്സിം ഗോര്‍ക്കി


ലോകോത്തരകഥകള്‍ (കഥകള്‍ )
മാക്സിം ഗോര്‍ക്കി
ഡി സി ബുക്സ്
വില: 99 രൂപ


കഥകള്‍ എഴുതുന്നവരെ, കഥ എങ്ങനെ എഴുതണം എന്ന് പഠിപ്പിക്കേണ്ടതുണ്ടോ? ഒരാള്‍ എഴുതിത്തുടങ്ങുന്നത് ഒരിക്കലും ഒന്നും വായിക്കാതെയാകില്ല എന്നുറപ്പ്. വായിച്ചു തുടങ്ങുമ്പോള്‍ ആണ് തന്നിലും നിറഞ്ഞിരിക്കുന്ന കഥകള്‍, കവിതകള്‍ ഒക്കെ അക്ഷരരൂപം പൂണ്ടു കാണാന്‍ അയാള്‍ ആഗ്രഹിക്കുക. എഴുതിത്തുടങ്ങുമ്പോള്‍ തനിവഴിയിലൂടെ പുതിയ ഒരു പാത തുറന്നു വിടാന്‍ കഴിയുന്നവര്‍ ചരിത്രത്തിന്റെ ഭാഗം ആകും. അനുകരണങ്ങളില്‍ കൂടി ആവര്‍ത്തന വിരസത നല്‍കുന്നവര്‍ ആള്‍ക്കൂട്ടത്തില്‍പ്പെടുകയും ആരും ശ്രദ്ധിക്കാതെ പോകുകയും ചെയ്യും.  കഥകള്‍ എഴുതാന്‍ വായന അത്യന്താപേക്ഷിതമാണ്  എങ്കിലും പറഞ്ഞു പറഞ്ഞു പഴകിയ ആ വസ്തുത ഇവിടെ ഓര്‍മ്മിപ്പിക്കാതെ തുടരുക സാധ്യമല്ല തന്നെ. എഴുത്തുകാര്‍ ധാരാളം ഉണ്ട് പക്ഷേ, അവരില്‍ വായനക്കാര്‍ തുലോം കുറവാണ്. ഞങ്ങള്‍ എഴുതും അതെല്ലാവരും വായിക്കട്ടെ എന്നല്ലാതെ ഞങ്ങള്‍ നിങ്ങളെ വായിക്കുക കൂടി ചെയ്യും എന്നൊരു പ്രഖ്യാപനം അവരില്‍ നിന്നും ഉണ്ടാകുക പ്രതീക്ഷിക്കുക വയ്യ. അടുത്തിടെ കാണുന്ന പുസ്തക പ്രകാശനങ്ങളില്‍ ഉപയോഗിച്ച് കാണുന്ന ഒരു പ്രധാന വാക്യമാണ് പ്രശസ്ത എഴുത്തുകാരന്‍(രി). എവിടെയാണ് ഇവര്‍ പ്രശസ്തര്‍ എന്ന് ചോദിച്ചാല്‍ അവര്‍ അടങ്ങുന്ന അമ്പതോ നൂറോ പേരുള്ള ഏതെങ്കിലുമൊരു കൂട്ടായ്മയില്‍, അവരുടെ കൂട്ടുകാര്‍ക്കിടയില്‍ മാത്രമാണത് എന്ന് കാണാം. പിന്നെന്തുകൊണ്ടാകം അവര്‍ക്കത്‌ ഞങ്ങള്‍ക്കിടയില്‍ പ്രശസ്തമായ എന്ന് പറയാന്‍ കഴിയാത്തത് എന്ന് അവര്‍ സ്വയം ചിന്തിക്കട്ടെ. പ്രശസ്തി കടന്നു വരിക അവരുടെ സംഭാവനകളുടെ മാഹാത്മ്യം കൊണ്ട് വായനക്കാരിലൂടെയാണ്. അത് ആര്‍ജ്ജിക്കാന്‍ വേണ്ട എഴുത്തുകള്‍ ആര് നല്കുന്നുവോ അവര്‍ ചരിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും.
          മാക്സിം ഗോര്‍ക്കി വായനക്കാര്‍ക്ക് അപരിചിതനായ ഒരു എഴുത്തുകാരനല്ല. സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന മാക്സിം ഗോര്‍ക്കി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആയിരുന്നു. "അമ്മ" എന്ന ഒറ്റ കൃതികൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍! അദ്ദേഹത്തിന്റെ ചെറുകഥകള്‍ സമാഹരിച്ചു ഡി സി തങ്ങളുടെ ലോകോത്തര കഥകള്‍ എന്ന സീരീസില്‍ ഇറക്കുകയുണ്ടായി. “ഒരു മരിച്ച മനുഷ്യന്‍ , അവളുടെ കാമുകന്‍ , ഒരു മനുഷ്യ ജനനം, ഒരു ശരത്കാലരാത്രി ,നിലൂഷ്ക , ഇരുപത്താറാണുങ്ങളും ഒരു പെണ്ണും” എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കഥകള്‍. മനുഷ്യ ജീവിതത്തിന്റെ നിസ്സഹായതയും യാഥാര്‍ത്ഥ്യവും വളരെ മനോഹരമായി അവതരിപ്പിക്കുന്ന കഥകള്‍.
അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ റഷ്യയുടെ സാമൂഹ്യ സാമ്പത്തിക പരിസരങ്ങളെ വളരെ വേഗത്തില്‍ മനസ്സിലാക്കാൻ കഴിയുന്ന എഴുത്തുകള്‍ ആണ് ഓരോ കഥകളും. ഇതില്‍ വളരെ വേഗം മനസ്സില്‍ ഇടം പിടിക്കുന്ന ഒരു പ്രത്യേകത എന്താണ് എന്നുള്ളത് പറയാതെ ഈ കഥകളെ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പ്രകൃതിയെ ഇത്ര മനോഹരമായി വര്‍ണ്ണിക്കുന്ന മറ്റു കഥകള്‍ വായിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നു. അടുത്തിടെ വായിച്ച രാമച്ചി , വാട്ടര്‍ ബോഡി , മീശ എന്നീ വായനകളില്‍ ഈ പ്രകൃതിയുടെ വരകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് മറച്ചു വയ്ക്കുന്നില്ല എങ്കിലും ഗോര്‍ക്കി ഉപയോഗിച്ചിരിക്കുന്ന ആ പ്രതലം, ആ വര്‍ണ്ണന അതിനെ വായിക്കുമ്പോള്‍ നാം ആ കാഴ്ചയെ ശരിക്കും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു അനുഭൂതി പകരുന്നു. കാലം എത്ര കഴിഞ്ഞിട്ടും ആ കാഴ്ചയെ അതുപോലെ തനിമയോടെ കാണുവാന്‍ , ഇത് അപരിചിതമായ ഒരു കാഴ്ച അല്ല എന്ന് തോന്നിപ്പിക്കുവാന്‍  എഴുത്തുകാരന് കഴിയുന്നുണ്ട്. തീര്‍ച്ചയായും  റിയലിസ്റ്റിക്കായ ഒരു എഴുത്ത് വഴി അദ്ദേഹം തുറന്നുതരികയാണുണ്ടായത്.
വഴിയരികില്‍, കുറ്റിക്കാട്ടില്‍ പ്രസവിക്കുന്ന നാടോടി പെണ്ണിന്റെ പ്രസവം എടുക്കുന്ന അപരിചിതനായ യുവാവ്. ഒരു മനുഷ്യ ജനനം എന്ന കഥയുടെ ആത്മാവ് ആ രണ്ടു പേരുടെ സംഭാഷണങ്ങളില്‍ കൂടി വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു തികച്ചും സ്വാഭാവികമായ ഒരു വസ്തുതയായി രണ്ടു മനുഷ്യരായി അവര്‍ക്ക് വായനക്കാരെ അഭിമുഖീകരിക്കാന്‍ കഴിയുന്നു. മരിച്ച മനുഷ്യന് മുന്നില്‍ ഒപ്പീസ് ചൊല്ലാന്‍ നിയുക്തനാകുന്ന ഊരുതെണ്ടി. തന്റെ മുന്നില്‍ വന്നെത്തുന്ന തികഞ്ഞ മദ്യപാനിയായ പുരോഹിതനുമായി പങ്കിടുന്നത് മതവും സാമൂഹ്യനീതിയും തമ്മിലുള്ള തികഞ്ഞ നിസ്സംഗതയും കാപട്യവും തന്നെയാണ്. ഇരുപത്താറാണുങ്ങള്‍ക്കിടയില്‍ നിത്യം വന്നിരുന്ന ആ പെണ്‍കുട്ടി. അവളുടെ നിര്‍മലമായ ഇടപെടലുകള്‍. അവരുമായി അവള്‍ക്കുണ്ടായിരുന്ന ഇഴയടുപ്പം. ഇടയിലേക്ക് വരുന്ന കാവല്‍ക്കാരന്‍. അയാളുടെ വലയില്‍ വീണു നശിക്കുന്ന ആ പെൺകുട്ടിയെ ഒടുവിൽ അവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാതെ വരുന്ന നിസ്സംഗമായ അവസ്ഥ. ജീവിതമൂല്യങ്ങളെ എങ്ങനെയാണ് സമൂഹം നെയ്തെടുക്കുകയും അവയെ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യുന്നത് എന്ന് വെളിവാക്കുന്ന ഒരു കഥയാണത്. ഒറ്റപ്പെടലുകളുടെ ലോകത്ത് സ്വപ്നം നെയ്ത് ജീവിക്കുന്ന മനുഷ്യരുടെ മാനസികതലങ്ങളിലൂടെ യാത്ര ചെയ്യുന്ന കഥയാണ് അവളുടെ കാമുകന്‍. ഇല്ലാത്ത ഒരു കാമുകന് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കുകയും അവന്റെ മറുപടികള്‍ എന്ന രീതിയില്‍ അതിനു മറുകുറി എഴുതി വാങ്ങിക്കുകയും ചെയ്യുന്ന അവളെ ആ യുവാവിനു ആശ്ചര്യത്തോടെ മാത്രമേ നോക്കി കാണാന്‍ കഴിയുമായിരുന്നുള്ളൂ. പരുക്കന്‍ ജീവിത സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് ജോലി ചെയ്തു ജീവിക്കുന്ന അവളുടെ ലോകം അയാള്‍ക്ക് മാത്രമല്ല വായനക്കാര്‍ക്കും തികച്ചും കൗതുകം നിറഞ്ഞതാണ്‌.  ഒരു ശരത്കാല രാത്രി വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിന്റെ ആവിഷ്കാരം ആണ് . വിശപ്പ്‌ കൊണ്ട് വലഞ്ഞ അയാളും കാമുകനോട് പിണങ്ങി വീട് വിട്ടിറങ്ങി വിശന്നു വലഞ്ഞു തണുത്ത രാത്രിയില്‍ നിരത്തിലെ ഒഴിഞ്ഞ കോണില്‍ അയാള്‍ കണ്ടെത്തുന്ന അവളും  ഒരു രാത്രി മുഴുവന്‍ ഒന്നിച്ചു തണുപ്പ് കൊള്ളുന്നു. അവര്‍ ഒരുമിച്ചു ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നു . പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു തണുപ്പ് അകറ്റുന്നു. പ്രഭാതത്തില്‍ അവള്‍ പിണക്കം മാറി വീട്ടിലേക്കും അയാള്‍ തന്റെ യാത്രയും തുടരുന്നു. പിന്നെയും തെരുവുകളില്‍ അയാള്‍ അവളെ തേടുന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ മരിച്ചുവോ ജീവിച്ചിരിക്കുന്നുവോ എന്നറിയാതെ. ഈ കഥ വായിച്ചു തീരുമ്പോള്‍ പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ കഥയുടെ ഓര്‍മ്മ  എന്തുകൊണ്ടോ ഓര്‍മ്മ വന്നു. കടലോരത്ത് കണ്ടെത്തുന്ന പെണ്‍കുട്ടി. പരിചയപ്പെടുന്ന ആ കുട്ടി നിമിത്തം അയാള്‍ തന്റെ ആത്മഹത്യ  ഉപേക്ഷിക്കുന്നു. അയാള്‍ക്കൊപ്പം സിനിമ കാണാന്‍ കൂടെ പോകുന്ന ആ കുട്ടിയെ ഓര്‍മ്മിപ്പിച്ചു മറ്റൊരു പ്രതലത്തില്‍ ഇവിടെ ഈ അപരിചിതരും. കഥകള്‍ക്ക് പലപ്പോഴും  നൂറ്റാണ്ടുകള്‍ക്കപ്പുറം ഇപ്പുറം സാമ്യതകളും സാധ്യതകളും ഉടലെടുക്കുന്നതും  ഉരുവാകുന്നതും പലപ്പോഴും വായനകള്‍ നല്‍കുന്ന അപാരമായ കാഴ്ചകളില്‍ നിന്നാണല്ലോ.
തികച്ചും വായനക്ക് തിരഞ്ഞെടുക്കാവുന്ന നല്ല കഥകള്‍. ഡി സി യുടെ സിലക്ഷന്‍ നല്ലതായിരുന്നു. നല്ലൊരു വായന തന്നതിനൊപ്പം കഥ എഴുതുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവയില്‍ ഉപയോഗിക്കാവുന്ന സങ്കേതങ്ങളും മനസ്സിലാക്കാനും പഠിക്കാനും ഉതകുന്ന ഒരു പുസ്തകം എന്നീ നിലകളില്‍ സ്വാധീനം ചെലുത്തുന്ന ഒരു വായനയാണ് ഈ പുസ്തകം നല്‍കുന്നത് . ആശംസകളോടെ ബിജു.ജി.നാഥ് വര്‍ക്കല

 .



No comments:

Post a Comment