Saturday, November 26, 2022

ഒരു വാക്കിനും നോക്കിനുമകലെയായ്...

ഒരു വാക്കിനും നോക്കിനുമകലെയായ്...
.........................................................................

പാരിജാതം വിടർന്നു നില്ക്കുന്നിതാ
പാരിലാകെയും കാൺക നീ പ്രേയസീ.
നിൻ്റെയുള്ളിൽ നൃത്തമാടും മയിൽ-
ക്കണ്ണുമാത്രം നിറഞ്ഞതെന്തിങ്ങനെ?

വാനമാകെയും നീലവർണ്ണം കൊണ്ടു
തേജസ്സാർന്നു കിടപ്പുണ്ട് കൺമണീ.
നിൻ്റെ ഹൃത്തിലായ് മാത്രമെന്തിപ്പഴും
കാർമുകിൽ കൊണ്ട് മേൽക്കൂര തീർക്കുന്നു.

വന്നു നിത്യവും നിന്നുടെ ചാരത്ത്
ദർശനപുണ്യം നേടുന്നുവെങ്കിലും.
പൗർണ്ണമി തൻ വെള്ളിവെളിച്ചത്തെ 
കണ്ടതില്ല നിൻ വദനാംബുജത്തിൽ ഞാൻ.

ഓർത്തുനോക്കുകിൽ എത്ര കുതൂഹലം
നാം നടന്നകന്നാ വഴിത്താരകൾ !
നിൻ വിരൽ പിടിച്ചാ വഴിയൊക്കെയും
തിരികെയൊന്നു നടക്കുവാൻ കൊതിയായ്.

നിൻ്റെ പരിഭവപ്പിണക്കങ്ങൾ എല്ലാമേ
ഒന്നുകൂടി രുചിക്കുവാൻ തോന്നുന്നു.
നിൻ്റെ പുഞ്ചിരി പടർന്നൂ ചുവക്കുന്ന
അന്തിമാനത്തെ കാണുവാൻ മോഹമായ്.

എന്തിനായ് നീ വെൺപറവയിങ്ങനെ
ഖിന്നയായെന്നിൽ നിന്നും പറന്നു പോയ്.
എന്തു തെറ്റ് ഞാൻ ചെയ്തെന്നതറിയാതെ
ഈയിരുൾക്കാട്ടിൽ പകച്ചിരിക്കുന്നിന്നും.

വന്നു പോകുന്നു രാപ്പകല്‍ നിത്യവും
വന്നു പോകുന്നു ഋതുക്കൾ നിരന്തരം.
ഒന്നു മാത്രമാണീ കൊച്ചു ജീവിതം
കണ്ടറിയാതെ പോകുന്നു ഭൂവിതിൽ.

നന്മയും, നിറകണ്ണുകൾ തന്നുള്ളും
അന്യഹൃത്തിലെ വാസ്തവചരിതവും
ഉള്ളുരുക്കങ്ങൾ തൻ ഗദ്ഗദങ്ങളും
എത്രചൊല്ലിപ്പറകിലും വൃഥാവത്.

കാരണമതൊന്നില്ലാതെ മനസ്സുകൾ 
വേദന തിന്ന് രോഗികളാകുന്നു.
മണ്ണിൽ വീണലിഞ്ഞു പോകുമ്പോഴും
ബാക്കി നില്ക്കുന്നു നോവുകളങ്ങനെ.

പ്രണയമേ നീ എന്തിനായിങ്ങനെ
തുടരെ നോവുകൾ നല്കുന്നു ജീവനിൽ.
മരണമെത്തുന്ന നേരം വരേയ്ക്കുമേ
അലയുവാൻ വിടുന്നന്യരെപ്പോലവേ.

പകയും രാഗ വിദ്വേഷങ്ങളും നാൾക്കു നാൾ
പടയെടുത്തു വരുന്നൂ നേർക്കുനേർ.
ഇതളടർന്നു പോം പൂവിൻ്റെ നോവിനെ
അറിയുന്നവനാകുമോ ഇന്ദിന്ദിരം.

അടിയറവു ഞാൻ ചൊല്ലുന്നു മത്സഖീ
പറയുക നാം പരസ്പരം പിണങ്ങില്ല.
മുടിയഴിച്ചാർത്തു വരുമൊരു മാരിയും
വഴി തടയില്ല നാം ഒന്നു ചേരുകിൽ.

ഇനി നമുക്കെന്തിനീ പൊയ്മുഖങ്ങൾ
ഇനി നമുക്കെന്തിനീ മൗനവല്മീകവും.
തുറന്നിടുക നാം കൊട്ടിയടച്ചൊരാ
ഇടയിലെ പുകമറയുടെ തിരശ്ശീല.
@ബിജു ജി.നാഥ്

No comments:

Post a Comment