പ്രണയപർവ്വം
...........................
വെയില്‍ താഴും താഴ്വാരങ്ങളില്‍ ചേക്കേറും
ഋതുപ്പക്ഷികളവരിരുവര്‍ കാൺക നിങ്ങള്‍ .
പ്രണയത്തിന്‍ മലയേറുവാന്‍ വൃതമെടുത്ത്
വിപിനമതിൽ പിച്ച വയ്ക്കുന്നു കുതൂഹലം.
അരുമയോടവള്‍ തന്‍ കരം ഗ്രഹിച്ചവന്‍
അടിവച്ചു നീങ്ങുന്നു നിഗൂഢമാ വനാന്തരേ.
മൃദുലമാം പുല്‍പ്പരപ്പുകള്‍ കടന്നു ചെമ്മേ
മുനനിറയും ചരല്‍ക്കല്ലുകള്‍ താണ്ടവേ
തളരുമാ തന്‍ പാദപത്മങ്ങളില്‍ കൂടുകൂട്ടും
കഠിനവേദനയാ കണ്ണുകള്‍ നിറയ്ക്കുന്നു.
ഒരു മൃദുഹാസത്തോടവള്‍ തന്‍ കാല്കള്‍
പതിയെയവന്‍ മുത്തുന്നു മുഖം ചേര്‍ക്കുന്നു.
തുരുതുരെ കണ്ണുനീര്‍ത്തുള്ളികളടർന്നവന്‍
തന്‍ ശിരസ്സതിൽ നിപതിക്കുന്നു മഴപോല്‍.
കുളിര് ചൂടും വനാന്തരത്തിന്‍ രാവിലവനുടെ
മടിമേൽ മയങ്ങുമവളൊരു മുയല്‍ക്കുഞ്ഞ്.
പുലരിമഞ്ഞില്‍ ചിരിതൂകും തുഷാരം പോല്‍
തിളങ്ങിടുന്നവള്‍ തന്‍ മിഴികള്‍ മനോഹരം .
നദിതന്‍ തിരകൾ കണ്ടു കടന്നു പോകവേ
ആമ്പല്‍ലതയാൽ തീര്‍ത്തൊരം പാദസരം .
അലിവോടവള്‍ തന്‍ കണങ്കാലിലണിയുന്നു .
ഒരു ദീര്‍ഘമാം നിശ്വാസത്തോടവളുടൻ
അടര്‍ന്നുവീഴുന്നവന്‍ തന്‍ മാറിലായ്.
ഒരു സുനാമിതന്‍ ആരവത്തോടാ നദി
കരയെ വലിച്ചുകൊണ്ടൊഴുകുന്നതിദ്രുതം.
പരല്‍മീനുകള്‍ പിടയുമ്പോളുടലാകേ
ഉതിരും പ്രണയപ്പിടപ്പുകള്‍ നിലയ്ക്കവേ
പതിനെട്ടാംപടി കയറിക്കഴിഞ്ഞതറിയുന്നു.
കാണുന്നു, മുന്നിലായ് വാക്യം ‘തത്വമസി’
@ബിജു ജി.നാഥ്
No comments:
Post a Comment