Tuesday, February 15, 2022

കുഞ്ഞിക്കിളിയുടെ ആകുലതകൾ.


കാമാര്‍ത്ഥമോഹങ്ങളില്ലാത്ത സൗഹൃദ-
പ്പൂങ്കാവനത്തില്‍ കൂടൊന്നു കൂട്ടുവാന്‍
മോഹിച്ചു വന്നതാണാ ചെറുപൈങ്കിളി,
പ്രാപ്പിടിയര്‍ തൻ ലോകത്തുനിന്നുമേ!

കണ്ടു ചുറ്റാകെയും നാവു നീട്ടും
കൗശലക്കാരാം പൊയ്മുഖവേഷങ്ങള്‍.
കണ്ടതില്ലതിലൊന്നിലും തെല്ലുമേ
നന്മനിറഞ്ഞൊരു പുഞ്ചിരിപ്പൂവത്.

നീ വരൂ ഞാനേകാം സൗഹൃദമെന്നെത്ര
പൊയ്‌വാക്കുകള്‍ കേട്ടവൾ ചുറ്റിലും.
തൊട്ടു തലോടലിൻ ആവേഗങ്ങളിൽ
മാംസദാഹത്തിൻ ചൂരറിഞ്ഞകന്നവൾ.

പെണ്ണുടലിൻ്റെയീ മുറ്റുമുഴുപ്പുകൾ
എന്നും തടസ്സമോ നല്ച്ചിന്ത നല്കുവാൻ?
ഒന്നുപ്പുനോക്കുവാനല്ലേ പരിചയം, പിന്നെ
പ്രണയവും ചൊല്ലുമീ ആൺലോകം !

ചിറകു തളർന്നാൽ ചില്ലയേകില്ലെങ്കിൽ
മരമെന്തിനായേവം മാനത്തേക്കായുന്നു.
ഹൃദയം മുറിഞ്ഞാൽ മുറികൂടുകില്ലെങ്കിൽ
മരുന്നും മന്ത്രവും വളരുന്നതെന്തിനായ്.

കാറ്റു മറുപടി നല്കിയാ കിളിയുടെ
ചോദ്യങ്ങൾക്കേവമുത്തരം തത്ക്ഷണം..
കണ്ടറിഞ്ഞീടുക, ചൊല്ലിക്കൊടുക്കുക
തല്ലിയും കൃഷ്ണമണി മൂർച്ചയും നല്കുക.

നല്ലതും ചീത്തയും ഒന്നുചേർന്നുള്ളതാ-ണീ ലോകമെന്നത് നീയറിഞ്ഞീടുക.!
ഉണ്ട് പനിനീർച്ചെടിയിൽ നിറസൗരഭം.
ഉണ്ടതിൽ ചോര പൊടിക്കുന്ന മുള്ളുകൾ.

എന്തിനുമുണ്ടാവാം രണ്ടു വശങ്ങൾ, നാം
കണ്ടതു മാത്രമല്ലീയുലകിൻ സത്യമേ!
പുഞ്ചിരി തന്നുടെ പിന്നിലുണ്ടാം ചതി.
കാർക്കശ്യത്തിനകത്തുറഞ്ഞത് നന്മയും.

ആത്മബോധത്തിൻ്റെ സൂര്യവെളിച്ചമായ്
പാറിപ്പറക്കുക നീയുമീ ലോകത്തിൽ.
ഇക്കണ്ട സൗന്ദര്യം, ഈ മധുപാത്രവും
നിന്നുടെ കൂടിയവകാശമെന്നറിയേണം.

ഇത്രയും ചൊല്ലിയകന്ന പവനൻ്റെ പൂ-
വിരൽ സ്പർശത്തിൽ ഊർജ്ജമേറ്റവളുടൻ
വർദ്ധിത സ്നേഹത്താൽ ആമോദമോടെ
ആ വനിയിലാകെയും പാറിപ്പറന്നുടൻ.

നാം കാണും കാഴ്ചകളാകണം നേരെന്ന്
ആദ്യമേയാരും ശഠിക്കല്ലേ ലോകമേ!
കണ്ണുതുറന്നങ്ങു നോക്കുക ഉള്ളിലോ
വേണ്ടതിൽ മുൻവിധികൾ ഒന്നിനുമേതിനും.
@ബിജു ജി.നാഥ്





No comments:

Post a Comment