Thursday, February 10, 2022

എളങ്കൂർ: 6761 22 ...........വിദ്യ പൂവഞ്ചേരി

എളങ്കൂർ: 6761 22 ( കവിതകൾ)
വിദ്യ പൂവഞ്ചേരി
ധ്വനി ബുക്സ്
വില: ₹ 140.00 

അതി മനോഹരങ്ങളായ 32 കവിതകളുടെ പുസ്തകം! അങ്ങനെയാണ് ശ്രീമതി വിദ്യ പൂവഞ്ചേരി എന്ന കവിയുടെ എളങ്കൂർ: 676122 എന്ന കവിത സമാഹാരത്തെ ഒറ്റവാക്കിൽ അടയാളപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത്. മലയാള കവിതാ സാഹിത്യ വിഭാഗത്തിൽ തിളക്കമാർന്ന അനവധി കവികൾ തങ്ങളുടെ കവിതകളുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടത്തിൽ മൗനത്തിൻ്റെ തണുത്ത തിരശ്ശീല മറവിലായി വിഷാദത്തിൻ്റെ കടും ചായങ്ങളാൽ അടയാളപ്പെട്ട ഒരാൾ അതെ അങ്ങനെയാകണം വിദ്യയെന്ന കവിയെ കാലം അടയാളപ്പെടുത്തുക. ഈ പുസ്തകത്തിന് പഠനം എഴുതിയ ഡോ. അരുൺലാൽ മൊകേരി, കവിയെ വിശേഷിപ്പിച്ചത് സിൽവിയ പ്ലാത്തിൻ്റെ ഒപ്പമാണ്. പക്ഷേ കൂട്ടത്തിൽ അദ്ദേഹം പരാമർശി മാത്രം പോയ മാധവിക്കുട്ടിയുണ്ട്. ഈ കവിതകൾ മുഴുവൻ വായിച്ചു പോകവേ മാധവിക്കുട്ടിയുടെ ഓർമ്മകൾ ആണെന്നിൽ വിടർന്നത്. 

പെൺമൗനങ്ങളുടെ ഒരു വനാന്തരമാണ് വിദ്യയുടെ കവിതകൾ. രതിയും വിഷാദവും ബാല്യകൗമാരങ്ങളും ഭയത്തിൻ്റെ സില്ക്ക് തൂവാലയും ഒക്കെയായി ആ കവിതകൾ പൂത്തുലഞ്ഞു കിടക്കുന്നു. നഗരവും ഗ്രാമവും കടന്നത് ആദി മനുഷ്യൻ്റെ കളിത്തൊട്ടിലിലേക്ക് നടന്നു പോകുന്നു. കവിതകൾ പലപ്പോഴും വർത്തമാനകാലത്തിൽ നിന്നും കൗശലപൂർവ്വം ഭൂതകാലത്തിലേക്ക് വലിച്ചു കൊണ്ടു പോകുകയും അവിടെയുപേക്ഷിച്ചു കവി കടന്നുകളയുകയും ചെയ്യുകയാണ് എന്ന് തോന്നിപ്പിക്കുന്ന വായനകളാണ്. സൗഹൃദങ്ങളുടെ പൂത്തുലഞ്ഞ മഴക്കാടുകൾക്കിടയിൽ പോലും ഏകാന്തതയുടെ മരുഭൂമിയനുഭവിക്കുന്ന ഒരു വളെപ്പോലെയാണ് കവിതകളിലൂടെ വിദ്യ സഞ്ചരിക്കുന്നത്. പഠനത്തിനിടയിലേക്ക് മണ്ണെണ്ണ വിളക്കിൻ്റെ നാളത്തിൽ പെട്ട് പിടഞ്ഞ് മുന്നിൽ വീഴുന്ന രണ്ടു വണ്ടുകൾ നാല്പതുകൾക്കപ്പുറം നില്ക്കുന്ന ഓരോ വായനക്കാരനുമൊരു പോലെ ഹൃദ്യമായ ഓർമ്മയാകും. പക്ഷേ, പൊടുന്നനെ വിളക്കുതിയണയ്ക്കുകയും കതകും ജാലകങ്ങളും അടയ്ക്കുകയും ഇരുളിൽ ആ വണ്ടുകൾക്ക് നടുവിലവൾ മലർന്നു കിടക്കുകയും ചെയ്യുമ്പോൾ ഒരൊറ്റ ലോകത്തിൽ നിന്നും മറ്റൊരു  ലോകത്തിലേക്ക് വായനക്കാരൻ മൂക്കുകുത്തി വീഴുകയും ശ്വാസം മുട്ടിപ്പിടക്കുകയും ചെയ്യും.

വിദ്യയുടെ ഈ കവിതകൾ എല്ലാം തന്നെ ഗദ്യകവിതകളാണ്. ഒരു തരത്തിൽ മിനിക്കഥകളെന്നോ, കുറിമാനങ്ങളെന്നോ പറയാം. പക്ഷേ , അവയുടെ കാവ്യഭംഗിയും ലളിതവത്ക്കരണവും കവിതയുടെ സ്വതസിദ്ധമായ ലാവണ്യം നേടുന്നതിനാൽ ഓരോ കവി ത യും വ്യത്യസ്ഥങ്ങളായ കാഴ്ചകൾ ആവുകയാണ്. ഒരു ചലച്ചിത്രത്തിലെന്ന പോലെ വിഷ്വലുകളെ സമന്വയിപ്പിച്ചു നിർത്താനും അതിനെ വായനയിൽക്കൂടി കാഴ്ചകളായി മാറ്റാനും കഴിയുന്ന ചാതുരി വിദ്യയെന്ന കവിയുടെ സർഗ്ഗശേഷിയെ വെളിവാക്കുന്നു. ഓരോ കാഴ്ചകളും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മനസ്സിലെ കാൻവാസിൽ പതിപ്പിക്കുന്നുണ്ട് കവി. ശരിക്കും വായനാനുഭവം എങ്ങനെ സ്വാദിഷ്ടമാക്കാം എന്നൊരു അന്വേഷണത്തെ വിദ്യ , തൻ്റെ കവിതകളാൽ മരവിപ്പിക്കുന്നു. വിഷാദത്തിൻ്റെ കടുത്ത ആവരണമിട്ട വരികളാൽ വിദ്യയെന്ന കവി ഒരു പ്രത്യേക ലോകം തുറക്കുന്നു. മാധവിക്കുട്ടിയുടെ വരികൾ നല്കിയ വിങ്ങലുകൾക്ക് അനുരണനം പോലെയാണാ ലോകത്തിലേക്കുള്ള യാത്ര. 

മലയാളം അറിയുന്ന വലിയ കവിയായി കാലം അടയാളപ്പെടുത്തട്ടെ വിദ്യയെയെന്ന് ആശംസിക്കുന്നു. സ്നേഹത്തോടെ , വായന നല്കിയ ആനന്ദം പങ്കുവയ്ക്കുന്നു. ബിജു. ജി. നാഥ്

No comments:

Post a Comment