നീ ഒഴിഞ്ഞു പോയ വീട്.
.................................................................
മനസ്സിൽ ഒരു വീടുണ്ട്!
ഹൃദയം നിറയെ സന്തോഷവുമായി,
ഉമ്മറപ്പടിയിൽ നിന്നെ കാത്തു നിന്നിരുന്ന
ഒരു വീട്.
ജീവിതത്തിന് അർത്ഥവും
താളവും നിറഞ്ഞ നാളുകൾക്ക്
ഒരു പ്രതീക്ഷയുണ്ടായിരുന്നു.
എൻ്റെ മുന്നിലേക്ക് നീ വരുന്നതും
നമുക്കിടയിലൊരു വസന്തം വിരുന്നെത്തുന്നതും ...
എൻ്റെ തന്നെ നിശ്വാസങ്ങളും
എൻ്റെ വേദനകളും കൊണ്ടാകാം മുറ്റമാകെയും
ഇന്ന് കാടുപിടിച്ചിരിക്കുന്നു.
മുറികളെല്ലാം ഉണങ്ങി വരണ്ടതും
ഗന്ധമേറിയതുമായിരിക്കുന്നു.
നിന്നെ കാത്തിരുന്നിട്ടുമാകാം
എൻ്റെയസ്ഥികൾ പൂത്തിരിക്കുന്നു.
എനിക്ക് ജ്വരം ബാധിച്ചിരിക്കുന്നു.
തമസ്സിൻ്റെ ആഴങ്ങളിൽ നിന്നും
എൻ്റെ തന്നെ ശബ്ദങ്ങൾ !
അവയെന്നെ പേടിപ്പെടുത്തുന്നു.
നോക്കൂ ....
നീ വരുമായിരിക്കുമൊരുനാൾ!
പക്ഷേ,
ഇരുളടഞ്ഞ മുറികളിലേക്ക് കയറും മുന്നേ സ്വീകരണ മുറിയുടെ ഒത്തനടുക്ക്
നീയെൻ്റെ അസ്ഥിപഞ്ജരം കണ്ടെടുക്കും.
ഒരു ഭാവഭേദവും കൂടാതെയന്ന് നീയത് തീയിടണം.
പഴന്തുണികളും പേപ്പറുമൊക്കെ കൂട്ടിയിട്ട്
കത്തിക്കുന്ന കൂട്ടത്തിലേക്ക് വലിച്ചെറിയുക.
ഞാനെന്ന ഓർമ്മപോലും
നിന്നിലവശേഷിക്കില്ലെന്നറിയുന്നതിനാൽ
കത്താൻ മടിക്കുന്ന ആ എല്ലിൻ കഷണങ്ങളിൽ
അല്പം മണ്ണെണ്ണ ഒഴിച്ചേക്കുക.
നിനക്ക് വേദനിക്കില്ലെന്നെനിക്കറിയാം .
@ബിജു ജി.നാഥ്
No comments:
Post a Comment