Saturday, June 15, 2019

മാസ്റ്റർ പീസ്

ജീവിതത്തെ എഴുതിപ്പഠിക്കുന്നവൻ
ഒരിക്കൽ,
ഒരിക്കൽ മാത്രം
ജീവിതത്തെ വരച്ചു നോക്കുന്നു.
നിറങ്ങൾ ഏതൊക്കെ ചേർത്തിട്ടും
വരകൾ എങ്ങനെയൊക്കെ വരച്ചിട്ടും
പൂർണ്ണമാകാത്തൊരു ചിത്രം!
അയാൾ നിരാശനായില്ല.
കടലാസ് വലിച്ചു കീറിയ ശേഷം
സ്വന്തം ഹൃദയത്തെ നെടുകെ പിളർന്ന്
സ്റ്റാന്റിൽ പതിപ്പിച്ചു.
വാർന്നു പോയ ചോര ബ്രഷാൽ ഒപ്പി
വീണ്ടും വരച്ചു തുടങ്ങി.
ചുവന്ന നിറം മാറി വരുന്നതും
മഴവില്ലിൻ വർണ്ണജാലം വിരിയുന്നതും കണ്ട്
ആസ്വാദകർ ആരവം മുഴക്കി.
അനുമോദനങ്ങളുടെ പൂക്കൂടകളുമായവർ
അയാളെ തേടി വന്നു.
കുളിച്ചൊരുങ്ങി ആദ്യമായയാൾ അവരെ കാത്തുകിടന്നു.
ഓരോ പൂക്കൂടകളും അവരയാളുടെ
ശൂന്യമായ നെഞ്ചിൽ വച്ചു കടന്നു പോയി.
അപ്പോൾ,
അയാളൊരിക്കലും ചിരിച്ചിട്ടില്ലാത്ത വിധം
ഒരു നേർത്ത സ്മിതം ആ മുഖത്തുണ്ടായിരുന്നു.
ആരും അതു കണ്ടതേയില്ല.
..... ബിജു.ജി.നാഥ് വർക്കല  15.06.2019

No comments:

Post a Comment