Wednesday, June 19, 2019

കവി സത്യവാനാണ് ....!

എഴുതാനൊന്നുമില്ലാത്തവന്റെ
വിളറിയ ഹൃദയം പോലെ
ശോകാകുലമായൊന്നുമില്ല കാഴ്ച
ഭൂമിയിലെ മറ്റൊരു വേദനയും അതിനൊപ്പവുമല്ല.
കവി സത്യം പറയുന്നവനെന്നൊരു ഭാഷണം കേൾക്കവേ
ഞാനെന്റെ കവിതകൾ മറിച്ചു നോക്കി.
സത്യം.... എന്തൊരു നുണയാണത്.
പ്രണയമായും
രതിയായും
നിലാവിന്റെ ഓലക്കുടയായും
കവിതകളിൽ കളവുകൾ നിറഞ്ഞു കിടക്കുന്നു.
ഞാനാരെയും (നിന്നെയല്ലാതെ) പ്രണയിച്ചിട്ടില്ലായെന്ന്
അവനും അവളും ആവർത്തിക്കുന്നു.
കവിതയിൽ എഴുത്തുകാരനെ തിരയരുതേയെന്ന
കരാറുമായ് അവർ തർക്കത്തിലേർപ്പെടുന്നു.
നിഗൂഢമായ പ്രണയ രസങ്ങൾ നിറച്ച
അതിമധുരമായ പാനീയം അവർ നുണയുന്നു.
നിന്റെ വരികളിലെ പ്രണയം നുകരാൻ
എനിക്കു ഭാഗ്യം ലഭിച്ചെങ്കിലെന്നവർ സ്വകാര്യമായെഴുതുന്നു.
സത്യമായും ഞാൻ നിന്റെയെന്ന മറുവാക്കിൽ
സ്വപ്നങ്ങൾ പൂക്കുന്നു
അവനോ അവളോ
ആരോ ഒരാൾ
അല്ലെങ്കിൽ രണ്ടു പേരും കളവു പറയുന്നു.
ഞാൻ എന്നെ വച്ച് ലോകത്തെ വായിക്കുമ്പോൾ
കാഴ്ചയും കാലവും എനിക്ക് മാത്രം ശരിയാകുന്നുവോ?
നീ പറയാത്തവ കണ്ടെടുക്കുന്നതിൽ
ഞാനാനന്ദം കൊള്ളുന്നു.
പരസ്പരം അവിശ്വാസികളായ് നാം
നമ്മെ അപരനിലൂടെ തിരയുന്നു
പിന്നെ, ആ സത്യങ്ങളെ ശരിയായ് നിനച്ച്
വെറുതെ കനലുകൾ തിന്നുന്നു.
..... ബി.ജി.എൻ വർക്കല 19.06.2019

No comments:

Post a Comment