Tuesday, June 11, 2019

ലെസ്ബിയൻസ്

അവർ
നന്ദകുമാറിന്റെ'രണ്ടുപെൺകുട്ടികൾ'ആയിരുന്നില്ല.
കാമം നുരയുന്ന,
ആ രണ്ടു പെൺകുതിരകൾ.
മുലകളെ തമ്മിൽ പരിലാളിക്കുവാനോ
അറുപത്തൊൻപതാസ്വദിക്കാനോ
അവർക്ക് താത്പര്യവുമില്ലായിരുന്നു.
പരസ്പരം അവർ അറിയുകയായിരുന്നു.
പ്രായത്തിന്റെ നോവുകൾ പങ്കുവച്ചും
പ്രണയത്തിന്റെ വിചിത്രതകൾ പറഞ്ഞു രസിച്ചും
പുരുഷലോകത്തെ നിർവ്വചിക്കുകയായിരുന്നു.
ഒരിക്കലും അവർ തങ്ങളുടെ ശരീരത്തെ
രതിയുടെ മഴപ്പാറ്റകൾക്ക് മേയാൻ വിട്ടില്ല.
കൗമാരം കടിഞ്ഞാൺ പൊട്ടിച്ച
അവളിലൊരാൾക്ക് വേണ്ടി
ഇണയുടെ ഗന്ധത്തെ പങ്കു വച്ചില്ല.
അവർക്കു പറയാൻ ഒരുപാടുണ്ടായിരുന്നു.
തങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന കണ്ണുകൾക്ക്
പറയാനുണ്ടായിരുന്ന കഥകൾ ഓർത്ത്
അവർ തെല്ലും ഖേദിച്ചിരുന്നില്ല.
അവരതറിഞ്ഞിരുന്നുമില്ല:
പ്രണയത്തിൽ ലിംഗമോ യോനിയോ
തമ്മിലുള്ള രസാനുഭൂതിയല്ല മുഖ്യം,
രണ്ടു മനസ്സുകൾ തമ്മിലുള്ള ഐക്യം
പങ്കു വയ്ക്കലാണ് എന്നവർ പറഞ്ഞു.
ഇടയിലൊരു കട്ടുറുമ്പ് പോലുമില്ലാത്ത
അവരുടെ ലോകത്തിൽ പരിസരബോധമില്ലാതെ
കവിളുകളിൽ പതിപ്പിക്കുന്ന ചുംബനങ്ങളെ നോക്കി
ലോകം മാത്രം വിധിയെഴുതി
ലെസ്ബിയൻസ്.
..... ബി.ജി.എൻ വർക്കല.       10.06.2019

No comments:

Post a Comment