Saturday, June 8, 2019

നാലുകെട്ട്.......................... എം ടി വാസുദേവന്‍ നായര്‍



നാലുകെട്ട്(നോവല്‍)
എം ടി വാസുദേവന്‍ നായര്‍
കറന്റ്ബുക്സ്
വില: 200 രൂപ 



ഒരു കാലത്ത് വായനയില്‍ വളരെയേറെ വിപ്ലവം കൊണ്ട് വരികയും കൂടുതല്‍ ആളുകള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും സിനിമകള്‍ ആകുകയും ചെയ്ത ഒരുപാട് നോവലുകള്‍ , ചെറുകഥകള്‍ എന്നിവ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്നു . നോവലുകളെ ഒരു ജനകീയ മുഖം നല്‍കി നിലനിര്‍ത്താന്‍ ഈ സിനിമാ പരിവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ ആണ് പില്‍ക്കാലത്ത് മനോരമ , മംഗളം വാരികകളില്‍ നിന്നും  ഈ രീതിയില്‍ ചില നോവലുകളെ സിനിമയും അതില്‍ ക്ലച്ച് പിടിക്കാതെ സീരിയല്‍ മേഖലയിലേക്കും വഴിനടത്തിച്ചത് എന്ന് കാണാം. എന്തുകൊണ്ടാകും അന്നത്തെ നോവലുകള്‍ക്കും കഥകള്‍ക്കും ഇത്ര ജനസമ്മതി ലഭിക്കാന്‍ കാരണം? ജീവിതത്തെ നാം അടയാളപ്പെടുത്തുന്ന രീതികളും അതിലെ  പ്രത്യേകതകളും തന്നെയാണ് ഇതിനു കാരണമായി എടുത്തു പറയേണ്ടത് എന്നു കരുതുന്നു . ഭാഷയുടെ മനോഹാരിതയും അതിനെ പ്രയോഗിക്കാന്‍ അറിയുന്ന എഴുത്തുകാരും അവരില്‍ നിറഞ്ഞ വായനയും ഉണ്ടായിരുന്നു . അന്ന് ലോകമിത്ര കലുഷിതവും , സാഹചര്യങ്ങള്‍ ഇന്നത്തെപ്പോലെ സുഭിക്ഷവും ആയിരുന്നില്ല. അനുഭവത്തിന്റെ തീക്ഷ്ണത അന്നത്തെ എഴുത്തിനെ നന്നായി സ്വാധീനിച്ചിരുന്നു.

            എം ടി യുടെ എഴുത്തുകള്‍ക്ക് ഒരു ഏകത ഉണ്ട്. ക്ഷയിച്ചു പോയ നായര്‍ തറവാടുകളുടെ കഥയാണ് ഒരു പക്ഷെ എം ടി എഴുതിയവയില്‍ മിക്കതും എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അതല്ലാതെ എടുത്തു പറയാന്‍ ഉള്ളത് മഞ്ഞും രണ്ടാമൂഴവും മാത്രമാണ് എന്നും കരുതുന്നു. ഒരു ക്ഷയിച്ചു പോയ നായര്‍ തറവാട് . അവിടെ ജോലീം കൂലീം ഇല്ലാത്ത അവസാനത്തെ തലമുറയിലെ ഒരു യുവാവ് . അയാളുടെ ജീവിതം പറയുക അതല്ലെങ്കില്‍ മംഗല്യഭാഗ്യം കിട്ടാതെ പോയ ഒരു നായര്‍യുവതി. അവളുടെ ജീവിതം പറയുക . ഇടയില്‍ കുറച്ചു മാപ്പിള വിശേഷങ്ങള്‍ . പറ്റിയാല്‍ ഒരു മതമൈത്രിരീതിയില്‍ അവരെ തമ്മില്‍ ഒന്ന് ബാന്ധവിപ്പിക്കുക. കൊയ്ത്ത് , കാളപ്പൂട്ടു, തുടങ്ങിയ അന്യമാകുന്നതോ അന്യമായതോ ആയ വിശേഷങ്ങള്‍. ഇവയെ വായിക്കാന്‍ എം ടി യെ വായിച്ചാല്‍ മതി എന്ന സ്ഥിതിയാണ്.  ഒരു കാലത്ത് നിലവിലിരുന്ന കൂട്ടുകുടുംബ വ്യവസ്ഥയുള്ള നായര്‍ തറവാടുകളുടെ നാശത്തിന്റെ കഥകള്‍ അറിയാന്‍ എം ടി യുടെ നോവലുകള്‍ ഒരു പരിധിവരെ ഒരു ചൂണ്ടു പലകയാണ്. പക്ഷേ, അതിലും ഏകദേശം ഒരു നവീന കാലഘട്ടം ആണ് ദര്‍ശിക്കാന്‍ കഴിയുക എന്നതും വായനയുടെ പഴമയെ അത്ര പഴമ ആണെന്ന കാഴ്ചപ്പാട് മാറ്റാന്‍ പ്രേരിപ്പിക്കുന്നു. പഴയ നായര്‍ തറവാടുകളും , ആചാരങ്ങളും സംസ്കാരവും സമൂഹത്തിലെ അവരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഒക്കെ എം ടി കഥകളില്‍ നിറഞ്ഞു കിടക്കുന്നു . താന്‍ പരിചയിച്ച സാഹചര്യങ്ങളുടെ ആവിഷ്കാരം ആയതിനാല്‍ അതില്‍ മുഹമ്മദീയരുടെ ജീവിതവും സംസ്കാരവും കൂടി പടര്‍ന്നു കിടപ്പുണ്ട്. ഒരു കാലത്ത് എങ്ങനെ ആയിരുന്നു മലബാര്‍ ജനജീവിതത്തില്‍ രണ്ടു മതവും സംസ്കാരവും പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞത് എന്നത് മനസ്സിലാക്കാന്‍ ഈ നോവലുകളിലൂടെ  കുറേയൊക്കെ സാധിക്കുന്നുണ്ട്. എം ടി യുടെ നോവലുകള്‍ പഠനം ആക്കേണ്ടത് ചരിത്ര വിദ്യാര്‍ത്ഥികൾക്ക് ആവശ്യമായ ഒരു ഘടകം ആണെന്ന് തോന്നിപ്പിക്കുന്നുണ്ട് .
         നാലുകെട്ട് എന്ന നോവല്‍ പ്രതിപാദിപ്പിക്കുന്നത്  അപ്പുണ്ണി എന്ന ബാലന്‍ വളര്‍ന്നു അപ്പുണ്ണി നായര്‍ ആയിമാറുന്ന ജീവിത കഥയാണ് . തറവാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമ്മയുമൊത്തു ഒറ്റയ്ക്ക് ജീവിക്കുന്ന അപ്പുണ്ണി എന്ന ബാലന്റെ ഉള്ളില്‍ തന്റെ അച്ഛനെ കൊലപ്പെടുത്തിയ സെയ്തലവിയെ കൊല്ലുക എന്ന ഒരൊറ്റ ചിന്തയാണ്. പക്ഷെ അവിടെ നിന്നും അപ്പുണ്ണി അമ്മയെ ഉപേക്ഷിച്ചു തന്റെ അമ്മയെ പുറത്താക്കിയ തറവാട്ടില്‍ തിരിച്ചു കയറി അവിടെ ഒരു അധികപ്പറ്റായി  നിന്നും സ്വന്തം പരിശ്രമം കൊണ്ട് പഠിച്ചു പത്താം ക്ലാസ് പാസ്സായി  ഒരുകാലത്ത് കൊല്ലാന്‍ ആലോചിച്ചു നടന്ന സെയ്തലവിയുടെ സഹായത്താലൊരു ഫാക്ടറിയില്‍ ജോലിക്കാരന്‍ ആകുകയും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നു ക്ഷയിച്ചു പോയ തറവാട് വിലകൊടുത്തു വാങ്ങി അവിടെ അമ്മയെയും അമ്മയുടെ പങ്കാളിയായ ശങ്കരന്‍ നായരെയും കൊണ്ട് വന്നു താമസിപ്പിക്കുന്നതുമാണ് കഥ. വള്ളുവനാടന്‍ ജീവിതവും സംസ്കാരവും മറ്റും പ്രതിപാദിക്കുന്ന ഈ നോവല്‍ ആഖ്യായന ഭംഗിയും ഭാഷാ വിപുലതയും കൊണ്ട് മനോഹരമായി അനുഭവപ്പെടുന്നു. കഥകളുടെ പശ്ചാത്തലങ്ങള്‍ ടൈപ്പ് ആകുന്നു എന്ന തോന്നല്‍ ഉണ്ടാക്കാതെ ശ്രദ്ധിക്കാന്‍  എം ടി ശ്രമിക്കുന്നുണ്ട് എങ്കിലും വായനയില്‍ അത്  വിജയിച്ചില്ല എന്ന് തോന്നിപ്പിക്കുന്നുണ്ട്.
         വാക്കുകളുടെ വാഗ്മയ ചിത്രം രചിക്കുന്ന എം ടി യുടെ നോവലുകള്‍ വായനക്കാരെ ഒരിക്കലും മുഷിപ്പിക്കുന്നില്ല എന്ന ഒറ്റ ജാമ്യത്താല്‍ ഈ നോവല്‍ നല്ലതാണ് എന്ന് പറയിപ്പിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment