Saturday, June 22, 2019

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ................ മാര്‍ക്സ്, എംഗല്‍സ്


കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
മാര്‍ക്സ്, എംഗല്‍സ്
പ്രോഗ്രസ്സിവ് പബ്ലിക്കേഷന്‍സ്


എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും ഒരു കൈപ്പുസ്തകം ഉണ്ടാകും . അത് ഒരു പക്ഷെ മോക്ഷത്തിലേക്ക് ഉള്ളതാകം അല്ലെങ്കില്‍ ജീവിത വിജയത്തിലേക്കുള്ളതാകാം. ഇന്ന് പുറത്തിറങ്ങുന്ന എല്ലാ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും കൂടെ അതെങ്ങനെ ഉപയോഗിക്കണം എന്നൊരു കുറിപ്പുണ്ടാകുന്നത് പോലെ മതവും പ്രത്യാശശാസ്ത്രങ്ങളും അവയുടെ കൈപ്പുസ്തകം ജീവിച്രുചിന്നിട്ടുള്ളതോ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തതോ  ആയ ഓരോരുത്തരുടെ പേരില്‍ പുറത്തിറക്കുകയും അതുപയോഗിച്ച് ആ മതത്തിന്റെയോ വിശ്വാസത്തിന്റെയോ അനുയായികളെ വഴി നടത്തിക്കുകയും ചെയ്യും. ഇത്തരം വഴിനടത്തലുകള്‍ക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു പ്രധാനപോരായ്മ എന്തെന്ന് മനസ്സിലാക്കേണ്ടത് സമൂഹത്തിനു ആവശ്യമായ ഒരു കാര്യം ആണെന്ന് കരുതുന്നു . പൊതുവില്‍ മതങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും അന്ധമായി പിന്തുടരുന്ന ജനത അതിന്റെ കൈപ്പുസ്തകം വായിച്ചു അറിഞ്ഞവര്‍ ആകണം എന്നില്ല. അവര്‍ അവയെ കേട്ടറിഞ്ഞവര്‍ ആണ് കൂടുതലും. അതുകൊണ്ട് തന്നെ തങ്ങളുടെ വിശ്വാസത്തെ അവര്‍ വല്ലാതെ വ്യാഖ്യാനിക്കുകയും അതില്‍ ഇല്ലാത്തതു പോലും അവര്‍   ഉണ്ട് എന്ന് കരുതി വിശ്വാസപൂര്‍വ്വം പ്രചരിപ്പിക്കുകയും ചെയ്യും. മതത്തിന്റെ കാര്യത്തില്‍ ഇത് ഏറ്റവും വിശ്വസനീയമായ തെളിവായി കാണാം എന്ന് കരുതുന്നതിലും നല്ലത് പ്രത്യയ ശാസ്ത്രങ്ങളുടെ പേരിലും ഇത് അതേപോലെ പ്രായോഗികമാണ് എന്ന് ചിന്തിക്കുന്നതാണ്. വിശ്വാസങ്ങളുടെ പേരില്‍ ആയുധമെടുക്കുന്നവര്‍ ഒരിക്കലും തെറ്റുകാര്‍ അല്ല. കാരണം അവര്‍ അത് ചെയ്യാന്‍ കാരണം അവരതിനെ പൂര്‍ണ്ണമായും അത് പറയുന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നു എന്നതിനാല്‍ ആണ്. അത് മറച്ചു പിടിച്ചുകൊണ്ടു അവര്‍ തെറ്റുകാര്‍ എന്ന് ആ വിശ്വാസത്തില്‍ കഴിയുന്ന ബാക്കിഭൂരിപക്ഷം പറയുന്നത് മേല്‍പ്പറഞ്ഞത്‌  പോലെ അവരതിനെ പഠിച്ചിട്ടില്ലാ എന്നതിനാല്‍ മാത്രമാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യയിലും യൂറോപ്പിലും പച്ചപിടിച്ചു തുടങ്ങിയ ഒരു പുതിയ മതം ആണ് കമ്യൂണിസം എന്നത്. കമ്യൂണിസം ഒരു മതമായി നില്‍ക്കുമ്പോള്‍ തന്നെയാണ് അതിന്റെ ആചാര്യതലത്തില്‍ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാ'ണെന്ന നിഗമനങ്ങള്‍ ഉണ്ടായതും എന്നത് തികച്ചും വിരോധാഭാസമായി കാണേണ്ടിയിരിക്കുന്നു. കമ്മ്യൂണിസം എന്താണ് എന്നറിയാന്‍ ലോകമൊട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ ഉപയോഗിക്കുന്ന കൈപ്പുസ്തകം ആണ് "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". മറ്റേതൊരു വിശ്വാസ സമൂഹങ്ങളും അവരുടെ വിശ്വാസത്തെ എന്തെന്ന് പറയാന്‍ ഉപയോഗിക്കുന്ന ഒരു വഴികാട്ടി എന്നതുപോലെ ഇതും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ എന്താണ് എന്ന് പറയാനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് എന്നാണു മനസ്സിലാക്കുന്നത്. എന്താണ് കമ്മ്യൂണിസം എന്ന് മനസ്സിലാക്കാന്‍ ഒരു പുസ്തകവും വായിക്കണ്ട എന്ന് പറയുന്നതും എന്താണ് മനുഷ്യത്വം എന്ന് മനസ്സിലാക്കാന്‍ ഒരു മതത്തിലും വിശ്വസിക്കണ്ട എന്ന് പറയുന്നതും ഒരുപോലെയാണ് എന്നെനിക്കു തോന്നുന്നുണ്ട്. കാരണം എത്ര തന്നെ വായിക്കുന്നോ അത്ര തന്നെ അതിനോടുള്ള ഇഷ്ടങ്ങള്‍ നഷ്ടമാകും എന്നതാണ് .
ഈ പുസ്തകത്തില്‍ എന്താണ് കമ്യൂണിസത്തിന്റെ ലക്‌ഷ്യം എന്ന് പറയുന്നത് എന്നൊന്ന് പരിശോധിക്കാം. 
കമ്മ്യൂണിസ്റ്റ്കാരുടെ അടിയന്തിര ലക്‌ഷ്യം തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക , ബൂര്‍ഷ്വാ മേധാവിത്തം മറിച്ചിടുക തൊഴിലാളി വര്‍ഗ്ഗം രാഷ്ട്രീയാധികാരം പിടിച്ച് പറ്റുക” 
ഇതാണ് ഈ പുസ്തകം പറയുന്നത്. അതായത് അധികാരം പിടിച്ചു പറ്റുക. ബൂര്‍ഷ്വാ മേധാവിത്വം മറിച്ചിടുക. തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക. എന്താണ് അധികാരം പിടിച്ചു പറ്റിയ ശേഷം ചെയ്യുക എന്നത് കമ്മ്യൂണിസ്റ്റ് ആചാര്യമാര്‍ക്ക് പറയാന്‍ അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയാതെ പോയതിനാല്‍ ആകണം റഷ്യയുടെ ഇന്നത്തെ സ്ഥിതി എന്നോ ഇങ്ങു താഴെ ഇന്ത്യയില്‍ പശ്ചിമബംഗാളിലുണ്ടായ സ്ഥിതി എന്നോ ഒക്കെ പറയാന്‍ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. തൊഴിലാളികളെ ഒരു വര്‍ഗ്ഗമായി സംഘടിപ്പിക്കുക. നാരായണ ഗുരു പറഞ്ഞു 'വിദ്യ കൊണ്ട് പ്രബുധരാകുക സംഘടന കൊണ്ട് ശക്തരാകുക'. ഇവിടെ സംഘടന കൊണ്ട് ശക്തമായി എന്നതിന്റെ അര്‍ത്ഥം എന്താണ് എന്ന് ചോദിച്ചാല്‍ അതിനുത്തരം ആണ് ബൂര്‍ഷാ മേധാവിത്വം മറിച്ചിടുക എന്ന് ഞാന്‍ മനസിലാക്കുന്നു . അങ്ങനെ വരുമ്പോള്‍ എന്താണ് ബൂര്‍ഷാ എന്നതും എന്താണ് തൊഴിലാളി എന്നതും കൂടി  പറയാന്‍ ഈ പുസ്തകം ബാധ്യതപ്പെട്ടിരിക്കുന്നു . അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു.
ബൂര്‍ഷ്വാസി : സാമൂഹ്യ ഉത്പാദനഉപകരണങ്ങളുടെ ഉടമകളും, കൂലിവേലയെടുപ്പിക്കുന്നവരുമായ ആധുനിക മുതലാളി വര്‍ഗ്ഗം.
തൊഴിലാളി: ഉത്പാദനോപകരണങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാല്‍ ഉപജീവനാര്‍ത്ഥം തങ്ങളുടെ അധ്വാനശേഷി വില്‍ക്കേണ്ടി വരുന്ന ആധുനിക കൂലിവേലക്കാരുടെ വര്‍ഗ്ഗം.
ഈ നിര്‍വ്വചനങ്ങളില്‍ നിന്നും മനസിലാക്കുക ബൂര്‍ഷ്വാ എന്നാല്‍ മുതലാളി വര്‍ഗ്ഗം ആണ് . അവര്‍ എല്ലാ വിധ സാങ്കേതിക  ഉപകരണങ്ങളുടെയും ഉടമകള്‍ ആണ്. അതുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആണ് തൊഴിലാളികളും. കാരണം അവര്‍ക്ക് അത് സ്വന്തമായി ഇല്ല.  ഇവിടെ മുതലാളി വര്‍ഗ്ഗം ഇല്ലാതായാല്‍ തൊഴിലാളികള്‍ മാത്രം ഉണ്ടാകുകയും സമത്വം ഉണ്ടാകുകയും ചെയ്യും എന്നൊരു കാഴ്ചപ്പാട് ആണ് മുന്നില്‍ വരിക. തൊഴിലാളികള്‍ ആര്‍ക്കു വേണ്ടി പണിയെടുക്കാം എന്നൊരു ചോദ്യം വന്നേക്കാം. അവനവനു വേണ്ടുന്ന വിഭവങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി അവന്‍ പണി എടുക്കണം. അത് ശാസ്ത്രത്തിന്റെ വളര്‍ച്ച ആകുമോ? സാങ്കേതിക രംഗത്തിന്റെ വളര്‍ച്ച ആകുമോ ? എന്തിനു സമൂഹത്തിന്റെ തന്നെയും വളര്ച്ചയാകുമോ? അങ്ങനെ ഒരു വളര്‍ച്ച ഉണ്ടാകണം എങ്കില്‍ മൂലധനം വേണം. ഈ മൂലധനം ഉള്ളവര്‍ ബൂര്‍ഷകള്‍ ആണ് . ആ മൂലധനം  പിടിച്ചെടുത്തു തൊഴിലാളികള്‍ക്ക് കൊടുക്കുക എന്നത് കമ്മ്യൂണിസം. ശരി അങ്ങനെ കിട്ടുമ്പോള്‍ തൊഴിലാളികള്‍ക്ക് അതൊരു മൂലധനം ആയി. അപ്പോള്‍ അവരുടെ കൈയ്യില്‍ മൂലധനം ഉണ്ടെങ്കില്‍ അവരും ബൂര്‍ഷകള്‍ ആകുകയല്ലേ തത്വത്തില്‍. അതിനു മറ്റൊരു സംഗതി വിഭാവനം ചെയ്യുന്നു . ആര്‍ക്കും സ്വകാര്യ സ്വത്ത്‌ എന്നൊരു സംഗതി ഉണ്ടാകാതെ അധികം വരുന്നത് എല്ലാം സ്റ്റേറ്റിന്റെ കൈയ്യിലേക്ക് വരണം. അപ്പോള്‍ സ്റ്റേറ്റ് ബൂര്‍ഷ ആയി. ഇത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നൊരു കാഴ്ചപ്പാട് അവര്‍ക്കുണ്ടാകണം. അത് വികസനങ്ങളുടെ വിരോധത്തിനു മേല്‍ ആണ്  നിലനില്‍ക്കുന്നതെങ്കില്‍ എങ്ങനെയാണ് ആ മൂലധനം വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടുക. ഇതിലും രസകരമായ മറ്റൊരു സംഗതി എന്താണ് ബൂര്‍ഷ്വാസി എന്ന് മാനിഫെസ്റ്റോ വിവരിക്കുന്നവയാണ് .
"ബൂര്‍ഷാസി അതിനു പ്രാബല്യം ലഭിച്ച ഇടങ്ങളിലെല്ലാം സര്‍വ്വവിധ നാടുവാഴി ബന്ധങ്ങളും പാട്ട്രിയാര്‍ക്കീര്‍ക്കിക്കല്‍ ബന്ധങ്ങളും ഗ്രാമീണ ബന്ധങ്ങളും ഇല്ലായ്മ ചെയ്തു. "
"മനുഷ്യനും മനുഷ്യനും തമ്മിലുള്ള നഗ്നമായ സ്വാര്‍ത്ഥമൊഴികെ , ഹൃദയശൂന്യമായ രൊക്കം പൈസയോഴികെ മറ്റൊന്നും അത് ബാക്കി വച്ചില്ല."
"അതുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കുകയും ചെയ്തുവന്നിരുന്ന എല്ലാത്തരം തൊഴിലിന്റെയും മാഹാത്മ്യത്തെ ബൂര്‍ഷാസി നിശേഷം നശിപ്പിച്ചുകളഞ്ഞു."
"മനുഷ്യന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എന്തൊക്കെ നേടാനാവുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷാസിയാണ്."
"ഉത്പാദനത്തില്‍ സമൂലപരിവര്‍ത്തനം , എല്ലാ സാമൂഹിക സ്ഥിതിഗതികള്‍ക്കും ഇടതവില്ലാത്ത ഇളകി മറിച്ചില്‍, അവസാനിക്കാത്ത അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും ഇതൊക്കെയാണ് ബൂര്‍ഷാ കാലഘട്ടത്തെ മറ്റു കാലഘട്ടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന പ്രത്യേകതകള്‍."
ഇതൊക്കെക്കൊണ്ട് എന്ത് സംഭവിക്കുന്നു ?
"അവസാനം മനുഷ്യന്‍ തന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെയും തന്റെ കൂട്ടുകാരുമായുള്ള ബന്ധത്തെയും സമചിത്തതയോടെ നേരിടാന്‍ നിര്‍ബന്ധിതനാകുന്നു."
"ദേശീയമായ പക്ഷപാതിത്വവും സങ്കുചിത മനസ്ഥിതിയും അധികമധികം അസാധ്യമായിത്തീരുന്നു."
എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് . ബൂര്‍ഷ്വാസികള്‍ എന്നാല്‍ ഒഴിവാക്കേണ്ട ഒരു വിഭാഗം എന്ന് തന്നെയല്ലേ. അതെ അത് തന്നെ ഇവിടെ ഒടുക്കം പറയുന്നു. എന്താണത്.
"ബൂര്‍ഷ്വയോ ഇടത്തരം ഭൂവുടമയോ വഴിയില്‍ നിന്നും അടിച്ചു നീക്കണം . അങ്ങനെയൊരാള്‍  ഉണ്ടാകാന്‍ പാടില്ല."
ഇതല്ലേ മതവും ചെയ്യുന്നത്. തന്റെ മതത്തിന്റെ ആശയങ്ങളും ആയി പൊരുത്തപ്പെടാത്തവര്‍ എല്ലാം തന്റെ ശത്രുക്കള്‍ ആണ് അതിനാല്‍ അവരെ ഉന്മൂലനം ചെയ്യണം. അപ്പോള്‍ കമ്മ്യൂണിസം ഒരു മതമല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുക. എതിരാളികളെ കൊന്നൊടുക്കുന്നതില്‍ അവര്‍ക്കുള്ള ഭയാനകമായ ചരിത്രങ്ങള്‍ നമുക്ക് ഇന്ന് ലഭ്യമാണെന്നിരിക്കെ. പലപ്പോഴും അവ ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്ന് കാണവേ മാനിഫെസ്റ്റോ വായിച്ച് ഒരാള്‍ കമ്മ്യൂണിസം സ്നേഹമാണ് എന്ന് വിശ്വസിക്കും എന്ന് ഇപ്പോഴും നേതൃത്വങ്ങള്‍ കരുതുന്നുണ്ടാകുമോ? സ്ത്രീകളോടുള്ള കമ്യൂണിസത്തിന്റെ ആദ്യകാല കാഴ്ചപ്പാട് എന്തായിരുന്നുഎ എന്നതിന് മാനിഫെസ്റ്റോ തരുന്ന ഉത്തരം കൂടി ഇതിനൊപ്പം പരിശോധിക്കപ്പെടണം.
ബൂര്‍ഷ്വാസികളുടെ നയവൈകല്യം മൂലം തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന ച്യുതി എന്തെന്ന് നോക്കാം.
"തൊഴിലിന്നാവശ്യമായ സാമര്‍ത്ഥ്യവും അത് ചെയ്യാനുള്ള കായികാധ്വാനവും ചുരുങ്ങി വന്നതോടെ അതായത് ആധുനിക വ്യവസായം കൂടുതല്‍ വികസിക്കുംതോറും പുരുഷന്മാര്‍ക്ക് പകരം സ്ത്രീകളെ തൊഴിലാളിയായി എടുക്കുന്ന സമ്പ്രദായം കൂടി വരുന്നു."
ഇതൊരു പരാതിയായി വായനയില്‍ മുഴച്ചു നില്‍ക്കുന്നു. ഒപ്പം തന്നെ മറ്റൊരു വിശദീകരണം കൂടി ഉള്ളത് നോക്കാം. കുടുംബ വ്യവസ്ഥയില്‍ കമ്യൂണിസം വീട് കുടുംബം എന്നതിനപ്പുറം സമൂഹം എന്നൊരു കാഴ്ചപ്പാട് ആണ് മുന്നോട്ട് വയ്ക്കുന്നത്. സ്വകാര്യ സ്വത്ത് എന്നൊരു സംഗതി വേണ്ട എന്നത് പോലെ സ്ത്രീകളുടെ മേല്‍ ഉള്ള സ്വകാര്യസ്വത്ത്‌ എന്ന കാഴ്ചപ്പാടും വേണ്ട എന്ന സ്വതന്ത്ര ചിന്ത കമ്യൂണിസം മുന്നോട്ടു വയ്ക്കുന്നു. നല്ല കാര്യം പക്ഷെ അതിനു അവര്‍ നല്‍കുന്ന വിശദീകരണം ആണ് ആ കാഴ്ചപ്പാടിലെ സ്ത്രീ വിരുദ്ധതയെ നന്നായി പ്രതിഫലിപ്പിക്കുന്നത്.
"സ്ത്രീകളുടെമേല്‍ പൊതുവുടമ സ്ഥാപിക്കേണ്ടതായ ആവശ്യം കമ്മ്യൂണിസത്തിനില്ല . അനാദികാലം മുതല്‍ക്കേ അത് നിലനിന്നു പോയിട്ടുണ്ട്."
അതെ പണ്ട് മുതലേ നിലനിന്നു പോയ ഒരു സംഗതിയാണ് അത് അതിനെ നിങ്ങള്‍ പിന്തുടരുക മാത്രം മതി. അതിനര്‍ത്ഥം നിങ്ങളായിട്ടു പൊതുമുതല്‍ ആക്കണ്ട അവള്‍ പണ്ട് മുതലേ പൊതുമുതല്‍ ആണ് . ഇതിനെ സ്വതന്ത്ര ചിന്ത എന്ന് വിളിക്കാമോ എന്ന കാര്യത്തില്‍ വായനക്കാര്‍ക്ക് ഒരു യോജിപ്പില്‍ എത്താന്‍ കഴിയുമായിരിക്കും എന്ന് കരുതുന്നു.
വിഭവങ്ങള്‍ നിര്‍മ്മിക്കുന്നതും അവ ഉപയോഗിക്കുന്നതും ദേശീയമായിട്ടാകണം എന്നും ഒന്നും പുറത്തു നിന്നും വരുകയോ പുറത്തേക്ക് പോകുകയോ ചെയ്യാതിരിക്കണം എന്നും അത് വിഭാവനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു രാഷ്ട്രത്തിനു നിലനില്പ്പെന്നത് എത്രകണ്ട് പ്രായോഗികം ആകും എന്നത് ചിന്തനീയം. കാരണം കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്
 "എല്ലാ വ്യാവസായിക നിലനില്‍പ്പിന്റെയും ആദ്യത്തെ ഉപാധി എന്നത് പഴയ ഉത്പാദന രീതികളെ ഒരു മാറ്റവും കൂടാതെ  നിലനിര്‍ത്തുക എന്നതാണ്." 
ആധുനികതയെ കണ്ണുമടച്ചു നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തുകൊണ്ട് പുരോഗമനത്തെ എങ്ങനെയാണ് ഒരു സമൂഹം, ഒരു രാഷ്ട്രം സ്വീകരിക്കുക.
നവീകരണം എല്ലാ തലങ്ങളിലും ആവശ്യമാണ്‌ . ഈ മാനിഫെസ്റ്റൊയുടെ തുടക്കത്തിലെ മുഖക്കുറിപ്പില്‍ മാര്‍ക്സും എംഗല്‍സും പറയുന്ന ഒരു വാക്യമുണ്ട്.
 “മാനിഫെസ്റ്റോയില്‍ പറയുന്നത് പോലെ എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക.” 
എന്നാല്‍ ഈ ഒരു സംഗതിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എപ്പോഴെങ്കിലും എവിടെയെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയോ അതിനു  പരിശീലിച്ചു തെളിയിക്കുകയോ ഉണ്ടായിട്ടുണ്ടോ? ലോകത്തെവിടെയാണ്‌ കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന ഒരു സമൂഹത്തെ അവര്‍ക്ക് ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അത് ഉത്ഭവിച്ച രാജ്യങ്ങളില്‍? പൂര്‍ണ്ണമായും അവരുടെ കീഴില്‍ ഉണ്ടായിരുന്ന, ഉള്ള ഏതെങ്കിലും ഇടങ്ങളില്‍ അങ്ങനെ ഒരു സാമൂഹ്യ ജീവിതക്രമവും സാമ്പത്തികപുരോഗതിയും രാഷ്ട്രപുരോഗതിയും ഉണ്ടായതായി പറയാന്‍ കഴിയുമോ? അപചയങ്ങളെ മുന്നില്‍ കണ്ടു അവയെ തിരുത്താന്‍ കഴിയാത്തിടത്തോളം ഒരു വിശ്വാസത്തിനും നിലനില്പ്പുണ്ടാകില്ല അധിക കാലം. ഒരു നൂറ്റാണ്ടു കൂടി കഴിയുമ്പോള്‍ ഇല്ലാതാകുക മതം മാത്രമാകില്ല കമ്മ്യൂണിസം കൂടിയാകും അവര്‍ അതിനു നവീകരണം നടത്താന്‍ തയ്യാറായില്ല എങ്കില്‍. അടിത്തട്ടില്‍ നിന്നും ഉണ്ടാകേണ്ട വളര്‍ച്ചയ്ക്ക് ഒരു ക്രമം തുടക്കത്തില്‍ എങ്കിലും ഉണ്ടായിരുന്നു എങ്കിലും മാറുന്ന കാലത്തിനു അനുസരിച്ച് അവ മാറ്റാനോ പരിഷ്കരിക്കാനോ കഴിയാതെ പോയതാണ് എല്ലാ ഇടങ്ങളിലും ലോപിച്ച് പോകുന്ന ഒരു വിശ്വാസമായി ഈ ആശയവും മാറാന്‍ കാരണം. സോഷ്യല്‍ മീഡിയകളില്‍ ഇരുന്നു ഇന്ന് മാര്‍ക്സിനെയും എംഗല്‍സിനെയും വരെ കമ്മ്യൂണിസം എന്ത് എന്ന് പഠിപ്പിക്കുന്ന പുതിയ സഖാക്കള്‍ എങ്കിലും ഇത് തിരിച്ചറിയുമ്പോള്‍ മാനിഫെസ്റ്റോ ഒരു പുതിയ മുഖത്തോടെ കൂടുതല്‍ സ്വീകാര്യതയോടെ മുന്നോട്ടു വരും എന്ന ശുഭാപ്തി വിശ്വാസത്തോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment