Saturday, June 15, 2019

Memories of a Father ...................Prof: T.V Eachara Varier


Memories of a Father
Prof: T.V Eachara Varier
Translated by Neelan
Published by Asia Human Rights & Jananeethi.


മനുഷ്യര്‍ ഓര്‍മ്മകളുടെ ശവമഞ്ചം പേറുന്ന ജീവികള്‍ ആണ് . ഓര്‍മ്മകള്‍ക്ക് സമ്മിശ്രഗന്ധമാണ് എങ്കിലും അവ നല്‍കുന്ന പ്രതികരണങ്ങള്‍ അവന്റെ ജീവിതത്തെ നയിക്കുന്നത് അഗാധമായ വികാരങ്ങളിലേക്കാണ്. ചിലരുടെ ഓര്‍മ്മകള്‍ സന്തോഷം നല്‍കുന്നവ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് പറയാനുണ്ടാകുക ദുഃഖങ്ങള്‍ മാത്രമാകും . വായനക്കാര്‍ ഇത്തരം ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലത്തിലൂടെയാണ്‌ സഞ്ചരിക്കുക. ഒരു പക്ഷെ താന്‍ കടന്നുപോയ ഒരു കാലമാകം അത് അല്ലെങ്കില്‍ താന്‍ കേട്ട് വളര്‍ന്ന ഒരു കാലമോ കഥയോ ആകാം. ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നത് ഒരു രാജ്യത്തിന്റെ ഓര്‍മ്മക്കുറിപ്പ് ആകുന്നതെങ്ങനെ എന്നറിയാന്‍ വായിക്കേണ്ട ഒരു പുസ്തകമാണ്  പ്രൊഫ ഈച്ചരവാര്യര്‍ എഴുതിയ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍". ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷനും ജനനീതിയും ചേര്‍ന്ന് ഈ പുസ്തകത്തിന്റെ ആംഗലേയ പരിഭാഷ മലയാളത്തില്‍ നിന്നും നീലന്‍ വഴി നിര്‍വഹിക്കുകയും അത് ലോകം വായിക്കുകയും ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് .
അടിയന്തിരാവസ്ഥ എന്നൊരു കറുത്ത കാലം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട് . എഴുപത്തഞ്ചു എഴുപത്തിയാറു കാലത്തെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സമൂഹം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ട്. കാരണം ഒരുപാട് നഷ്ടങ്ങള്‍ അത് നല്‍കിയെന്നത് തന്നെയാണ്. എത്രയോ മനുഷ്യര്‍ ആണ് ഒരിക്കലും ആരും കാണാത്ത ഇടങ്ങളിലേക്ക് മറഞ്ഞുപോയത്. ഏതൊരു പോലീസുകാരനും ആരുടെ ചങ്കിലേക്കും വെടിയുണ്ട പായിക്കാന്‍ കഴിയുന്ന ഒരു കാലമായിരുന്നത്. അത്തരം ഒരു കാലത്ത് കേരളത്തിലും സ്ഥിതി മോശമായിരുന്നില്ല. ഇന്ദിരയുടെ വിശ്വസ്തനായ കരുണാകരന്‍ ആഭ്യന്തരം കൈകാര്യം ചെയ്ത ആ കാലത്ത് കേരളത്തിലെ കായണ്ണ പോലീസ് സ്റ്റേഷനില്‍ നക്സല്‍ ആക്രമണം നടക്കുകയും ഒരു റൈഫിള്‍ അവര്‍ കവര്‍ന്നു കൊണ്ട് പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നടന്ന പോലീസ് ആക്ഷനില്‍ ചാത്തമംഗലം എഞ്ചിനീയറിംഗ് കോളേജിലെ രാജന്‍ എന്ന യുവാവിനെയും കുറച്ചു ചെറുപ്പക്കാരെയും പോലീസ് , കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പിലേക്ക് കൊണ്ട് പോയി. പിന്നീട് ഒരിക്കലും രാജനെ ആരും കണ്ടിട്ടില്ല. മകനെ അന്വേഷിച്ചു ചെന്ന പിതാവിനോട് അവന്‍ ഉള്ളില്‍ ഉണ്ട് പക്ഷെ കാണാന്‍ പറ്റില്ല എന്ന് പറഞ്ഞ കാവല്‍ക്കാരന്റെ മുന്നില്‍ നിന്നും നിസ്സഹായനായി തിരിഞ്ഞു നടന്ന ആ പിതാവിന്റെ പേരാണ് ഈച്ചര വാര്യര്‍. തന്റെ ഒറ്റമകനെ വിട്ടുകിട്ടാന്‍ അദ്ദേഹം കരുണാകരന്‍ , അച്യുതമേനോന്‍ എന്നിവരെയും പോലീസ് മേധാവി രാജനെയും സമീപിച്ചുവെങ്കിലും അവരൊക്കെയും കൈയ്യൊഴിയുകയായിരുന്നു..
            പില്‍ക്കാലത്ത് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാകുകയും അഖിലേന്ത്യാ തലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന ഒരു വലിയ നിയമ പോരാട്ടം അദ്ദേഹം നടത്തുകയുണ്ടായി തന്റെ മകനെ തിരിച്ചു കിട്ടാനായി. മകന്‍ മരിച്ചതറിയാതെ അവനെ പ്രതീക്ഷയോടെ കാത്തിരുന്നു മരിച്ച ഒരമ്മയും അവനെ തിരഞ്ഞു തിരഞ്ഞൊടുവിൽ അവനൊപ്പം ക്യാമ്പില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അവന്‍ പോലീസ് ചോദ്യം ചെയ്യലില്‍ കൊല്ലപ്പെടുകയും എവിടെയോ പഞ്ചസാരചേര്‍ത്തു കത്തിച്ചു തെളിവുകള്‍ പോലും പോലീസ് നശിപ്പിക്കുകയും ചെയ്തു എന്ന വാര്‍ത്ത അദ്ദേഹത്തിനു സ്വീകരിക്കേണ്ടി വരികയും അലയലിനു വിരാമമിട്ടുകൊണ്ട് മാനസിക വിഷമം നിറഞ്ഞ വാർദ്ധക്യവും രോഗവും മൂലം മരണത്തിലേക്ക് നടന്നു പോകുകയും ചെയ്തു . ഒരച്ഛന്റെ മാനസിക സംഘര്‍ഷങ്ങളും ആത്മവേദനയും വായനക്കാരെ അഗാധമായ ദുഃഖത്തില്‍ ആഴ്ത്തും എന്നത് ആ ഓര്‍മ്മകളുടെ തീവ്രത എത്രയെന്നു നമ്മേ ഓര്‍മ്മിപ്പിക്കുന്നു .
            രാഷ്ട്രീയവും അധികാരവും സാധാരണ ജനത്തോടു കാണിക്കുന്ന അവഗണനയും നിസ്സഹകരണ മനോഭാവവും എത്ര വലുതാണ്‌ എന്നറിയാന്‍ ഈ പുസ്തകം നല്ലൊരു ഉദാഹരണം ആണ് . അധികാരം എന്നത് ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതാകണം.. ജനത്തിന്റെ സുരക്ഷയും സന്തോഷവും പ്രദാനം ചെയ്യുന്നതിനു കഴിയാത്ത അധികാരം എകാധിപത്യത്തിന്റെയാണ്. ജനാധിപത്യം എന്നത് ഇന്ന് വിലകുറഞ്ഞ ഒരു വിപണനതന്ത്രം മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യ എന്ന രാജ്യത്തില്‍ പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഓര്‍മ്മിപ്പിക്കാന്‍ ഉള്ളതും. മാനുഷിക മൂല്യങ്ങളെ ഒരിക്കലും പരിഗണിക്കാതെ ഭരണാധിപന്‍മാര്‍ എങ്ങനെയാണ് ഒരു രാഷ്ട്രത്തെ വളര്‍ത്തിയെടുക്കുക. അടിയന്തിരവസ്തയെക്കുറിച്ചൊക്കെ ഒരുപാട് പുസ്തകങ്ങള്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. കക്കയം ക്യാമ്പിന്റെ ഓര്‍മ്മകളും ഇറങ്ങിയിട്ടുണ്ട് . ഒട്ടനവധി കഥകളും ലേഖനങ്ങളും സിനിമ, ഡോക്യുമെന്ററികളും അതിന്റെ പേരില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇവയൊന്നും തന്നെ നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്കോ ജീവനോ നീതി നല്‍കുന്നതല്ല എന്നതാണ്  ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇന്നൊരു പക്ഷെ ഇത്തരം അതിക്രൂരമായ ഒരു അവസ്ഥ നമുക്ക് അനുഭവിക്കേണ്ടി വരില്ല എന്ന ധാരണ സമൂഹം വച്ച് പുലര്‍ത്തുന്നുണ്ട്. പക്ഷെ അത് വെറും മോഹം മാത്രമാകും എന്നോര്‍മ്മിപ്പിക്കുന്ന ഭരണാധികാരികള്‍ ആണ് നമ്മെ മുന്നോട്ടു നയിക്കുന്നത് എന്നതിനാല്‍ ഭാവിയിലും ഇത്തരം പുസ്തകങ്ങള്‍ വായിക്കപ്പെടേണ്ടിി വരുമോ എന്നൊരു ഭയത്തോടുകൂടി വായന മുഴുമിപ്പിക്കുകയായിരുന്നു .
ബി.ജി.എന്‍ വര്‍ക്കല




No comments:

Post a Comment