Thursday, June 13, 2019

കവിയും കവിതയും

പ്രണയത്തിന്റെ അഗ്നിപുഷ്പങ്ങളിൽ
ചന്ദനഗന്ധം പടർത്തിയെഴുതിയ
ഭാവനയുടെ സാന്ദ്ര വരികൾക്ക്
മഴവില്ലിന്റെ നിറമേഴുമുണ്ടായിരുന്നു.

ഒരിടത്തിരുന്നൊരുവൾ
അതിങ്ങനെ വായിക്കപ്പെടുകയുണ്ടായി.
ഓരോ വരികൾക്കും
എന്നെ തൊടാനാകുന്നു.
എന്റെ ഹൃദയം കാണാനാകുന്നു.
നിന്റെ പ്രണയം എന്നെ രാഗവിവശയാക്കുന്നു.

മറ്റൊരുവൾ ഇങ്ങനെ ചിന്തിച്ചു തുടങ്ങി.
എന്നെ മറന്നിരിക്കുന്നു.
പുതിയതായാരോ അവനിൽ
കൂടുകൂട്ടിയിരിക്കുന്നു.
ഇവയൊക്കെയും ഒരിക്കൽ
ഇഷ്ടത്തിലിരിക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു.
അവളേറ്റം ക്രൂദ്ധയായത് ഡിലിറ്റ് ചെയ്യുന്നു.

ഇനിയൊരുവൾ പറയുന്നു
നിന്റെ പ്രണയം ലഭിപ്പവൾ എത്ര ഭാഗ്യവതി.
വരികൾ തൊടുന്നിടങ്ങളൊക്കെ
പൂത്തുലയുന്നുവല്ലോ!
അവൾ ആനന്ദത്തോടെയവന് നേരെ
പ്രതീക്ഷയുടെ കൈകൾ നീട്ടുന്നു.

ഏട്ടിലെ പശു പുല്ലു തിന്നില്ലന്നതു പോലെ
അക്ഷരങ്ങൾക്ക് മാത്രം നല്കാൻ കഴിയുന്ന
പ്രണയത്തിന്റെ രതിമൂർച്ഛയിൽ
അയാൾ ഉറക്കെച്ചിരിക്കുന്നു
ആരാകും
ആർക്കാകും
എന്നെയൊന്നു പ്രണയിക്കാനാവുക.?
എന്നെ ഒന്നു മനസ്സിലാവുക.
വെറും മണ്ണിൽ വീണ്
ഉള്ളുരുകി കരയുമ്പോൾ
ഉള്ളിൽ മറ്റൊരു കവിത വിരിയുന്നു.
അയാൾ വീണ്ടും എഴുതാനിരിക്കുന്നു.

        .......ബി.ജി.എൻ വർക്കല 12.06.2019

No comments:

Post a Comment