Sunday, June 9, 2019

ഓർമ്മക്കുറിമാനം

നിന്റെ മൗനം എനിക്ക് പകർന്നു തരുന്നത്
ഓർക്കാതെ പെയ്ത മഴയിൽ
കുടയില്ലാതെ നിന്നൊരു കുഞ്ഞിന്റെ
വിഹ്വലമായ നിമിഷങ്ങളാണ്.
കാലം ഒരിക്കലും തിരിഞ്ഞു നോക്കിയിരുന്നില്ല.
നിന്നെ ഓർക്കാതെ മടക്കം അസാധ്യമാകവേ
എങ്ങനെയാണ് ഞാൻ
ഇരച്ചു പെയ്യുന്ന മഴയെ നിഷേധിക്കുക.?
ഏതോ യുഗ സന്ധ്യയുടെ നിഴലിൽ
പ്രണയത്തിന്റെ നീല മഷിയാൽ
നീയെനിക്കൊരു കുറിമാനം തന്നിരുന്നു.
എന്നെയിഷ്ടമാണെന്ന വാക്കിന്റെ
അസപ്ഷ്ടമായ ധ്വനിയോടെ
നീയെന്റെ ചിറകുകളെ തടവിയുയിർ നല്കി.
തിരിഞ്ഞു നോക്കുക എന്നത്
അസാധ്യമാക്കും വിധം
നീയെന്റെ കാഴ്ചകളിൽ നിറഞ്ഞു.
ഉപാധികളോടെ പ്രണയിക്കേണ്ടി വരികയെന്നത്
അനിശ്ചിതമായ ഒരു ഘടനാവാക്യമാണ്.
നമുക്ക് ഒന്നിച്ചുറങ്ങുവാൻ കഴിയാത്ത
ഒന്നിച്ചു നടക്കാൻ കഴിയാത്ത
ഒന്നുറക്കെ ലോകമറിയെ മിണ്ടാൻ കഴിയാത്ത
അത്രയും അകലങ്ങളുടെ വേലികൾക്കുള്ളിൽ
ശ്വാസം മുട്ടിപ്പിടയുന്നവർ നാം!
ഒരു വരി കവിത പോലും നിനക്കായല്ലാതെ
എഴുതുവാൻ കഴിയാത്തൊരു കാലം.!
കോമാളിയാക്കുന്ന ഫലിത വാക്യങ്ങളിൽ
നമുക്കിടയിലൊരു മഞ്ഞിൻ ശിലയുയരുന്നുവോ?
                             ..........  ബി.ജി.എൻ വർക്കല -

No comments:

Post a Comment