വേരു തൊടും നിലാവ് (കവിത),
കെ.വി.സുമിത്ര
കറൻ്റ് ബുക്സ് ( 2013)
വില: ₹ 60.00
എത്രത്തോളം അറിവ് കൂടുന്നോ അത്രയും അശ്രദ്ധയും കൂടുന്ന ഒരു സാംസ്കാരിക വിഭാഗമാണ് സാഹിത്യം . ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയവർ കാണിക്കുന്ന അശ്രദ്ധകൾക്ക് വിശദീകരണങ്ങൾ ഉണ്ടാകാൻ വഴിയില്ല. എന്നാൽ ഒരു ബിരുദവുമില്ലാത്തവർ ചമയ്ക്കുന്ന സാഹിത്യം എത്രയോ മികച്ചതുമായിരിക്കും. എവിടെയോ കേട്ടിട്ടുണ്ട് ഒരു നല്ല വിമർശകൻ ഒരിക്കലും ഒരു നല്ല കൃതിയുടെ ഉടമസ്ഥനാകില്ല എന്ന്. ചിലപ്പോഴൊക്കെ വിമർശകൻ സ്വയം തൻ്റെ തെറ്റായി ഉപയോഗിക്കാറുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഒരിക്കൽ ഒരു വേദിയിൽ വച്ച് ഒരിരുത്തം വന്ന എഴുത്തുകാരൻ ഒരു പുതുമുഖക്കാരൻ്റെ കവിതകളെ നിശിതം വിമർശിക്കുകയും ഇവയൊന്നും കവിതയേയല്ല എന്നു പറഞ്ഞു നിർത്തുകയും ചെയ്തു. ഇവയെ ഞാൻ രചനകൾ എന്നാണ് വിളിക്കാനാഗ്രഹിക്കുന്നത് എന്നും പറയുകയുണ്ടായി. പിൽക്കാലത്ത് ഒരു ആനുകാലിക വാരികയിൽ ഇവർ രണ്ടുപേരുടെയും കവിതകൾ ഒരേ പേജിൽ വരികയുണ്ടായി. അന്ന് ആ കവിത വായിച്ച പുതുമുഖ കവി അതിനെ വിമർശിച്ചത് ചവറ് എന്നായിരുന്നു. തന്നെ വിമർശിച്ച കവിയോടുള്ള പകയായിരുന്നില്ല അതിന് പിന്നിൽ. തന്നെ വിമർശിച്ച കവിയിൽ നിന്നും പിറന്ന ഒരു ഗുണവുമില്ലാത്ത ഒരു രചന തൻ്റെ രചനക്കൊപ്പം വന്നപ്പോൾ, അത് വായിച്ചപ്പോൾ ഉണ്ടായ സ്വാഭാവികമായ ഒരു പ്രതികരണം മാത്രം. ഇത്രയും പറയാൻ കാരണം അടുത്തിടെ വായിച്ച കൃതികളുടെ രചനാവൈശിഷ്ഠ്യങ്ങൾ കൊണ്ടാണ്. ഏറെ ബിരുദങ്ങൾ ഭാഷയ്ക്ക് കിട്ടിയ പലരും എഴുതിയിട്ടുള്ള കവിതകൾ , പ്രതീക്ഷകളെ അപ്പാടെ തകിടം മറിയ്ക്കുന്ന വെറും എഴുത്തുകൾ ആയിരുന്നു. ഒരു പുതുമയും ഇല്ലാത്തതും പുതിയ കാല എഴുത്തുകാർ എഴുതുന്നതിലും തുലോം പുരോഗതിയില്ലാത്തതുമായ രചനകൾ !
വേരു തേടും നിലാവ് എന്ന കവിതാ സമാഹാരം കെ.വി സുമിത്ര എന്ന എഴുത്തുകാരിയുടെ 41 കവിതകൾ അടങ്ങിയ ഒരു പുസ്തകമാണ്. ഈ പുസ്തകമടക്കം മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ കവി മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയതും ഡി സി യുടെ ഓൺലൈൻ പബ്ലീഷിംഗിൽ സഹ എഡിറ്റർ തസ്തികയിൽ ഇരിക്കുന്നതുമായ ഒരാൾ ആണ്. എഴുത്തിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാൾ എന്ന നിലയ്ക്കും കവിതകൾ ആത്മാവിൻ്റെ നൊമ്പരമാകുന്ന സ്വകീയ ചിത്രങ്ങൾ ആണെന്ന പ്രസ്ഥാവനയാലും വായനക്കാരനിൽ ഒരുപാട് പ്രതീക്ഷകൾ നല്കുന്ന ഒരു പുസ്തകമാണ് ഇത്.
പ്രണയം, പ്രകൃതി, ആത്മ സംവേദനങ്ങൾ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിക്കുന്ന 41 കവിതകളാണ് ഇതിലുള്ളത്. ഗദ്യകവിതകളുടെയും പുതിയ കാല കവിതാ രൂപത്തിൽ പറയുന്നതുമായ ഇതിലെ ചെറുതും വലുതുമായ കവിതകൾക്ക് ഒന്നും തന്നെ പ്രത്യേകിച്ചു പറയാനുണ്ടെന്ന് തോന്നുന്നില്ല .ആത്മാവിഷ്കാരങ്ങൾ കവിതയിലൂടെ പറഞ്ഞു പോകുമ്പോഴും വായനക്കാരുമായി സംവദിക്കാനുള്ള ശ്രമം കവിതകളിൽ കണ്ടെത്താൻ കഴിയുന്നില്ല. ജീവിതം ഓരോ മനുഷ്യർക്കും ഓരോ വിധമായിരിക്കും. അവ അടയാളപ്പെടുത്തുമ്പോഴും ഈ വൈവിധ്യം അതിൽ ഉണ്ടാകുക എന്നത് വേറിട്ട കാഴ്ചയല്ല.
നിയതമായ ഒരു ഘടനയോ പാതയോ നഷ്ടപ്പെട്ട കവിതകളുടെ ആധുനിക ലോകത്ത് ഈ കവിതകൾ ചൊൽക്കാഴ്ചകൾ ആകുന്നില്ല എന്നത് കവിതയുടെ പ്രമേയ വൈവിധ്യവും അത് സഞ്ചരിക്കുന്ന മേഖലകളിലെ നിഗൂഢതകളും ചേർന്ന് തീരുമാനിക്കപ്പെടുന്ന ഒന്നാകുന്നു ഈ കവിതാ പുസ്തകത്തിൽ.
ഭാഷയുടെ കാര്യത്തിൽ എപ്പോഴും എഴുത്തുകാർക്ക് സംഭവിക്കുന്ന വളരെ പ്രധാനമായ പല തെറ്റുകളും ഈ കവിതാ പുസ്തകത്തിനും ബാധകമായിരിക്കുന്നതായി കാണാം. ഒരു നല്ല എഡിറ്ററുടെ അഭാവം ചെറുകിട പബ്ലീഷേഴ്സ് മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നം അല്ല എന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. വളരെ നിസാരമായ ചെരാതിനെ ചിരാതാക്കുന്ന തെറ്റുകൾ പോലും മാറ്റാതെ നില്ക്കുമ്പോൾ ഭാഷയുടെ പേരിൽ നേടുന്ന ബിരുദങ്ങളുടെ വലുപ്പചെറുപ്പങ്ങളെ തമാശയോടെ കാണാൻ തോന്നുക സ്വാഭാവികമാണ്. എഴുത്തുകാരിയുടെ പദവിയും ഭാഷാ ബിരുദങ്ങളും സ്വന്തം കൃതികളിൽ കാണാൻ കഴിയാതെ വായനക്കാരൻ വിഷമിച്ചു പോകുന്ന സന്ദർഭങ്ങളിലൂടെ ഈ കവിതകൾ ചിലപ്പോൾ വഴി നടത്തുന്നുണ്ട്.
ഓർത്തു വയ്ക്കാൻ ഒന്നും തന്നെ നല്കാതെ , വായന അവസാനിക്കുന്നു. പലപ്പോഴും ഈണത്തോടെ ചൊല്ലിത്തുടങ്ങുന്ന കവിതകൾ പാതി വഴിയിൽ പിണങ്ങി വഴി മാറി നടന്നകലുന്ന കാഴ്ചകൾ മാത്രം സമ്മാനിച്ച ഒരു വായനയാണ് വേരു തൊടുന്ന നിലാവ് എന്ന വിഷാദം പങ്കു വയ്ക്കുന്നു. എങ്കിലും ഇനിയും ഒരുപാട് വായനക്കാർക്ക് വിരുന്നൊരുക്കുന്ന നല്ല രചനകൾ പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment