നമുക്കിടയിൽ...
.........................
നിശബ്ദമായ യാമങ്ങളില്‍ ഒക്കെയും
ഞാന്‍ നിന്നെ വായിക്കാന്‍ ശ്രമിക്കാറുണ്ട്.
ഒട്ടും തന്നെ തിടുക്കമില്ലാതെ
നിന്നിലേക്ക് ആഴത്തില്‍ സഞ്ചരിക്കാറുണ്ട്.
വേരുകള്‍ നഷ്‌ടമായെന്നും
വീണുപോകുമെന്നും തോന്നിപ്പിക്കുന്ന
കരിഞ്ഞുപോയൊരു ഗാഫ് മരമാണ് നീ.
മരുഭൂമിയുടെ അത്രയും ആഴങ്ങളിലേക്കും
നീരിന്റെ ഒരു തുള്ളിയെങ്കിലും കിട്ടും വരേയ്ക്കും
ആശ കൈവിടാതെ സഞ്ചരിക്കുന്നവള്‍.
നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒക്കെയും
എന്റെ ഹൃദയം തുടിച്ചു പൊങ്ങുന്നുണ്ട്
അത്ഭുതം പോലെ നിന്റെ ശബ്ദം
എന്നെ എല്ലാ നിരാശകളില്‍ നിന്നും ഉണര്‍ത്തുകയും
ജീവിതത്തിന്
ഇത്രയേറെ നിറങ്ങള്‍,
ഇത്രയേറെ സുഗന്ധങ്ങള്‍
ഇത്രയും വലിപ്പമുള്ള ഒരാകാശം
ഒക്കെയും ഉണ്ടെന്നു തോന്നിപ്പിക്കാറുണ്ട്
നീ പലപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു. .
ഉറങ്ങിപ്പോയി എന്ന് കരുതുമ്പോള്‍,
ഇറങ്ങിപ്പോയി എന്ന് കരുതുമ്പോള്‍,
പിണങ്ങിപ്പോയി എന്ന് കരുതുമ്പോള്‍,
നിന്റെ ചലനങ്ങള്‍ കൊണ്ട് നീയറിയിക്കുന്നു
പിണക്കം
ഉറക്കം
ഇറക്കം
ഇവയൊക്കെയും എന്റെ തമാശകള്‍ എന്ന്.
പരസ്പരം നഷ്ടപ്പെടുത്തുമ്പോള്‍ മാത്രം
നമുക്ക് നമ്മെ പരിചിതം എന്ന് നീ.
മരുഭൂമിയിലെ വരണ്ട പൊടിക്കാറ്റ്
കടല്ക്കരയിലെ ഈറൻകാറ്റുമായി
ഇതിലും നന്നായി എന്ത് പങ്കിടാനാണ്?
ഇതാ നിന്നെ ഞാന്‍ തൊട്ടെന്ന തോന്നല്‍
ചുണ്ടോളം എത്തിയ കപ്പിനെ പോലെ..
പക്ഷേ, അപ്പോഴും നമ്മള്‍ ഇഷ്ടത്തിലാണ്.
ഇനിയില്ല എന്ന് പറഞ്ഞു പിരിയുകയും
നിനക്കാദ്യം മിണ്ടിയാലെന്താന്നു
പരസ്പരം മനസ്സില്‍ പറഞ്ഞിരിക്കുകയും ചെയ്യുക.
ഒടുവില്‍ വഴക്ക് പറഞ്ഞാണെങ്കിലും
നമുക്കിടയിലെ മൗനം മുറിക്കുക
എന്തോ, ഈ സൗഹൃദം എന്നത്
എന്റെ ഹൃദയത്തില്‍ കൊരുത്തുകിടക്കുന്ന
ഒരു ലോലാക്ക് പോലെയാണ് .
ഇളകുമ്പോള്‍ ഒക്കെയും വേദനിപ്പിക്കുകയും
ഞാനിവിടെയുണ്ട് എന്നോര്‍മ്മിപ്പിക്കുകയും
മിണ്ടാതെ നോക്കിയിരിക്കുകയും ചെയ്യുക.
നിന്നെ ഞാനെങ്ങനെയാണ് പ്രണയിക്കുക?
നിന്നെ ഞാന്‍ എങ്ങനെയാണ് വെറുക്കുക !
...... ബി.ജി.എൻ വർക്കല
No comments:
Post a Comment