പ്രതി പൂവൻകോഴി
ഉണ്ണി ആർ
ഡി.സി.ബുക്സ്
വില: ₹ 99.00
മതം, രാഷ്ട്രീയം എന്നിവ ഓരോ സമൂഹത്തിൻ്റെയും നാഡീഞരമ്പുകളായി വർത്തിക്കുന്ന കാലത്തോളം മാനവരാശിയുടെ ചിന്തകളും സംസ്കാരവും അച്ചിലിടപ്പെട്ട അക്ഷരങ്ങൾ പോലെയായിരിക്കും. ഒരു സമൂഹത്തെ ഉണർത്താൻ കഴിയാത്ത ഒരു വിശ്വാസവും ഒരിക്കലും ഒരുപകാരവും ചെയ്യുന്നവയല്ല. നിരീശ്വരൻ എന്ന നോവലിലൂടെ നാസ്തികതയെ വളരെ മോശം കാഴ്ചപ്പാടിലേക്ക് കൊണ്ടു പോയ കാഴ്ചയിൽ നിന്നു കൊണ്ടു തന്നെ പറയാം. സമൂഹത്തിന് ഒരു തരത്തിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഒരു വിശ്വാസത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാം എന്നല്ലാതെ പുതിയതായി ഒന്നും ഉണ്ടായി വരില്ല. ലോകമൊട്ടാകെയുള്ള വിശ്വാസങ്ങൾക്ക് ഏകതാ രൂപം ഉണ്ടാകാൻ കാരണം എന്തെന്ന് ചിന്തിച്ചാൽ അതു ബോധ്യമാകുന്നതാണ്.
ഉണ്ണി ആർ എന്ന എഴുത്തുകാരൻ്റെ ആദ്യ നോവലാണ് പ്രതി പൂവൻകോഴി . ഈ നോവലിൻ്റെ തലക്കെട്ടിൽ ഒരു ചിത്രം ഇറങ്ങിയതിനാലും ആ ചിത്രം ആദ്യം കണ്ടതിന്നാലും ആദ്യം മനസ്സിൽ വന്ന ചിന്ത ഈ സിനിമ എത്രത്തോളം നോവലുമായി നീതി പുലർത്തി എന്നതായിരുന്നു. കാരണം 80-90 കൾക്ക് ശേഷം മലയാള സിനിമ നമുക്കങ്ങനെ ഒരു ഭാഗ്യം തന്നിട്ടില്ല. എന്നാൽ ചിന്തയും ആ ചേർത്തു വായനയും പാടേ തെറ്റാണ് എന്ന് വായന തെളിയിച്ചു. പേര് മാത്രമാണ് സാമ്യം. ഒപ്പം ചിത്രത്തിൻ്റെ കഥാതന്തു ഈ നോവലിലെ ഒരൊറ്റ കഥാപാത്രത്തിൻ്റെ ഒരു പരാമർശം മാത്രമാണ് എന്നു കാണാന്നുമായി എന്നതൊഴിച്ചാൽ സിനിമയും നോവലും തമ്മിൽ ഒരു ബന്ധവും ഇല്ല.
പ്രതീകാത്മകമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ആധുനിക സാഹിത്യത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട്. ഒരു പാട് നല്ല വായനകളും ഇതുമൂലം ലഭ്യമാകുന്നുണ്ട്. വി.കെ.എൻ തൻ്റെ രാഷ്ട്രീയ ആക്ഷേപങ്ങളെ സ്വതസിദ്ധമായ ഹാസ്യത്തിലൂടെ പ്രതീകാത്മകമായി പറയുന്നതു വായിക്കുക രസാവഹമാണ്. ഇവിടെ ഉണ്ണി മനോഹരമായി ഒരു കഥയവതരിപ്പിക്കുന്നു. അതിൽ ഒളിച്ചു വച്ച ശരങ്ങൾ സമൂഹത്തിന് നന്നായി തറച്ചുകയറുന്നതാണ്. എന്നാൽ മനസ്സിലാക്കുക പ്രയാസവുമാണത്.
ഓരോ നാട്ടിലും നമുക്ക് കാണാനാകുന്ന ഒന്നാണ് അധികാരവും പണവും ഒത്തുചേർന്നു നിർമ്മിക്കുന്ന ഒരധോലോകം. കൂട്ടമായി തന്നെ ഭയത്തിലും അടിമകളായി വർത്തിക്കുന്നതിലും പരിഭവമൊന്നുമില്ലാത്ത ജനതയുടെ മേൽ അധിനിവേശം ചെയ്യുക എളുപ്പമാകുന്നു. അതിനാൽത്തന്നെ എതിർപ്പിൻ്റെ സ്വരത്തെ വളരെ വേഗം നിശബ്ദമാക്കാൻ കഴിയുകയും ചെയ്യും. നാട്ടിലെ പണക്കാരൻ തൻ്റെ ലാഭത്തിനായി തൻ്റെ കൊട്ടാരത്തിന് കളങ്കമാകുന്ന കുടിൽ നശിപ്പിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്ന യുവത്വത്തിന് തിളയ്ക്കുന്ന ചോരയുടെ ചൂടും ചൂരുമുണ്ട്. പക്ഷേ അധികാര വർഗ്ഗത്തിൻ്റെ കണ്ണിൽ ആ തീക്ഷ്ണയൗവ്വനത്തെ നക്സൽ ആയിട്ടോ വിപ്ലവകാരിയോ തീവ്രവാദിയോ ആയവതരിപ്പിക്കപ്പെട്ടു പോയാൽ പിന്നെ രക്ഷയില്ല. ഒപ്പം ജനങ്ങൾക്ക് മേൽ അകാരണമായ അജ്ഞാതമായ ഭയം കൂടി വിതച്ചാൽ ചിത്രം പൂർണ്ണമാകും. ആത്മീയതയും രാഷ്ട്രീയവും പണക്കൊഴുപ്പും ചേർന്നു രൂപം കൊള്ളുന്ന ഒരധോലോകത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുമില്ല .
ഈ നോവലിനെ വായിച്ചു മടക്കുമ്പോൾ എഴുത്തിലെ നവരസങ്ങളും വായനയുടെ ആനന്ദം കവരുന്ന അനുഭൂതി ലഭിച്ചു. സൗമ്യവും ലളിതവുമായ ഭാഷയും മനോഹരമായ അടുക്കി വയ്ക്കലും കൊണ്ട് ഉണ്ണി ആർ എന്ന എഴുത്തുകാരൻ മലയാള സാഹിത്യത്തിൽ സ്വന്തമായ ഒരിരിപ്പിടം സ്വന്തമാക്കിയ കാഴ്ച കാണാനാകുന്നു. വ്യത്യസ്ഥവും, പ്രതീകാത്മകവുമായ ശൈലികൊണ്ട് സാഹിത്യത്തിൽ കൂടുതൽ സംഭാവനകൾ നല്കാൻ പ്രാപ്‌തനാണ് താൻ എന്ന ആഹ്വാനം തന്നെയാണീ നോവൽ. തികച്ചും മനോഹരമായ ഒരു വായന സമ്മാനിച്ചതിൽ സന്തോഷം. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment