Monday, March 11, 2019

എന്‍റെ പ്രിയപ്പെട്ട കഥകള്‍. ............മാധവിക്കുട്ടി


എന്‍റെ പ്രിയപ്പെട്ട കഥകള്‍. മാധവിക്കുട്ടി (കഥകള്‍)
മാധവിക്കുട്ടി
ഡി സി ബുക്സ്
വില : 120 രൂപ

ജീവിതത്തെ നമുക്ക് എഴുതാന്‍ കഴിയുമോ? അഥവാ അങ്ങനെ എഴുതുകയാണെങ്കില്‍ അതില്‍ എത്ര ശതമാനം ആത്മാര്‍ത്ഥമായി അതിനെ പറയാന്‍ കഴിയും? തന്നില്‍ നിന്നും വേറിട്ട്‌ നിന്നുകൊണ്ട് തന്നെ അടയാളപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുമോ? എപ്പോഴും എഴുത്തുകാര്‍ തുടരുന്ന ഒരു കാപട്യം ഉണ്ട്. തന്നില്‍ നിന്നും പുറപ്പെടുന്ന തന്റെ ചിന്തകളെ വിദഗ്ധമായി മറ്റൊരാളുടെ ചുമലിലേക്ക് വച്ചുകൊടുത്തുകൊണ്ട് മാറി നില്‍ക്കുകയും കഥയും കഥാകാരനും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നൊരു വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയും ചെയ്യും. എഴുത്തുകാരന്‍ ഒരു പക്ഷെ സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാള്‍ ആണെങ്കില്‍ , വായനക്കാരനില്‍ ഉയരുക അയാളിലെ എഴുത്തും ആ എഴുത്തുകാരനും തമ്മില്‍ ഉള്ള സാമ്യതയോര്‍ത്തു അയാളെ ചേര്‍ത്ത് വായിക്കാനുള്ള ഒരു അഭിനിവേശമാകും. പലപ്പോഴും എഴുത്തുകാരന്‍ ഇതിനാല്‍ തന്നെ എഴുത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും ചെയ്യാറുണ്ട്. ആത്മഗതങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ട് പരഹൃദയം പറയാന്‍ എഴുത്തുകാരന്‍ ശ്രമിക്കുമ്പോഴൊക്കെ പലപ്പോഴും വിവാദങ്ങള്‍ കടന്നു വരുന്നത് അവയെ എഴുത്തുകാരനുമായി ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
മലയാള സാഹിത്യത്തില്‍ പല സ്ത്രീ എഴുത്തുകാരും തങ്ങളുടെ ആത്മകഥാംശം നിറഞ്ഞ കഥകള്‍ എഴുതിയിട്ടുണ്ട് . പലപ്പോഴും നോവലുകള്‍ ആത്മകഥകള്‍ ആയി വന്നിട്ടും ഉണ്ട്. സമൂഹത്തില്‍ പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന അവരില്‍ പലരും തുറന്ന പുസ്തകം പോലെയാണ് എന്ന് കാണാന്‍ കഴിയാറുണ്ട് . അതുകൊണ്ട് തന്നെ അവര്‍ എഴുതുന്നത് വായനക്കാര്‍ക്ക് മനസ്സിലാകുകയും അതിനെ അതേ ഗൗരവത്തോടെ കാണുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ പലപ്പോഴും എഴുത്തിലെ തുറന്നെഴുത്തുകള്‍ വിവാദങ്ങള്‍ ആയി വരാറുണ്ട്. മാധവിക്കുട്ടിയുടെ "എന്റെ കഥയും", "എന്റെ ലോകവും" ഇതിനു ഒരു ഉദാഹരണം ആണ്. എഴുതിപ്പോയ സത്യങ്ങളെ അത് കഥയാണ് എന്റെ ജീവിതമല്ല എന്ന് നിരസിക്കുന്ന അവസ്ഥ സംജാതമാക്കിയത് അതില്‍ ജീവിക്കുന്നവര്‍ എല്ലാം തന്നെ മുന്നില്‍ ജീവനോടെ ഉള്ളതുകൊണ്ട് മാത്രമല്ലായിരുന്നു അതില്‍ തുറന്നെഴുത്തുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണെന്ന് നമുക്കറിയാം. ഷെമി എഴുതിയ "നടവഴിയിലെ നേരുകള്‍" , ഹണി ഭാസ്കര്‍ എഴുതിയ "ഉടല്‍ രാഷ്ട്രീയം" എന്നിവയും ഇതുപോലെ ആത്മകഥാംശമുള്ള കഥകള്‍ ആണെന്ന് അവര്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടവഴിയിലെ നേരുകള്‍ പ്രതിനിധാനം ചെയ്യുന്ന വിഷയത്തിന്റെ തീവ്രത ഇനിയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണ് എന്നിരുന്നാലും ഷെമിക്ക് അതിനെ നിരസിക്കേണ്ടി വന്നിട്ടില്ല. ഹണി ഭാസ്കര്‍ പക്ഷെ പിന്നീട് ചില വേദികളില്‍ ഒക്കെ അത് വെറും കഥയാണ് എന്നും , എഴുത്തുകാരനെയും എഴുത്തിനെയും ഒന്നിച്ചു വായിക്കരുതെന്ന് അഭിപ്രായപ്പെടേണ്ടി വരികയും ചെയ്തു. ഇത് തന്റെ രക്തവും മാംസവും എന്ന് തൊണ്ട ഇടറി പറഞ്ഞ അതേ എഴുത്തുകാരിക്കു തന്നെ അതങ്ങനെ അല്ല എന്ന് പറയേണ്ടി വന്ന അവസ്ഥ ഇന്നും എഴുത്തിലെ സ്ത്രീ സാന്നിധ്യവും തുറന്നു പറച്ചിലുകളും നേരിടുന്ന ചില അരുതായ്കകള്‍ നിലനില്പുണ്ട് എന്ന തിരിച്ചറിവുകൂടിയാണ്. മാധവിക്കുട്ടി എന്റെ ലോകം എഴുതിയത് ഇതുപോലെ ഒരു തിരിച്ചറിവില്‍ നിന്നായിരുന്നു.
മാധവിക്കുട്ടിയുടെ കഥകള്‍ വായിക്കുമ്പോള്‍ ഒക്കെയും മനസ്സിലാകുന്ന ഒരു വിഷയം ഉണ്ട്. ഒരുപക്ഷെ മാധവിക്കുട്ടിയെ ആദ്യം വായിക്കുന്നവര്‍ അവരുടെ എന്റെ കഥ വായിച്ചിട്ടാകും എങ്കില്‍ തീര്‍ച്ചയായും മറ്റെല്ലാ കഥകളിലും (എല്ലാം എന്നാല്‍ ഭൂരിഭാഗവും എന്ന് മാത്രം അര്‍ത്ഥമാക്കുന്നുള്ളൂ) എന്റെ കഥയിലെ മാധവിക്കുട്ടി പറഞ്ഞ കാര്യങ്ങളെ , ഓരോ സംഭവങ്ങളെ മറ്റൊരു കഥാപാത്രത്തിന്റെ കണ്ണിലൂടെ പിരിച്ചെടുത്തു പറയുകയാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയും. മുത്തശ്ശിയെക്കുറിച്ചും ബാല്യത്തെക്കുറിച്ചും നാലുകെട്ടും വാല്യക്കാരും കുളവും ഒക്കെയായി അത് ആവര്‍ത്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഓരോ പ്രണയവും ഓരോ ജീവിതവും ഓരോ ഭാര്യയും ഓരോ മകളും ഓരോ കാമുകിയും മാധവിക്കുട്ടി തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഒരു പക്ഷെ ഈ കഥകള്‍ ഒക്കെ എഴുതിക്കഴിഞ്ഞ ശേഷം ആകാം എന്റെ കഥ പുറത്തു വന്നിട്ടുണ്ടാകുക എങ്കിലും ഇന്ന് വായനക്കാര്‍ ആദ്യം വായിക്കുന്നത് അതാകുകില്‍ മറ്റുള്ള വായനകള്‍ അതിന്റെ തുടര്‍ച്ച മാത്രമാകുകയെ ഉള്ളൂ. അതിനാല്‍ തന്നെ പത്തൊന്‍പത് കഥകള്‍ ഉള്ള ഈ സമാഹാരത്തില്‍ പണ്ട് പഠനകാലത്ത് പഠിച്ച 'നെയ്പ്പായസം ' എന്ന കഥ ഒഴിച്ച് മറ്റെല്ലാം മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല നിമിഷങ്ങളെ പല പേരിലും പല കാലങ്ങളിലും പല ഇടങ്ങളിലും വച്ച് കണ്ടു മുട്ടുന്നു എന്ന വ്യത്യാസം മാത്രം അനുഭവപ്പെട്ടു. കൂട്ടത്തില്‍ മനോഹരമായി തോന്നിയ മറ്റൊരു കഥ 'പ്രഭാതത്തിന്റെ രഹസ്യം ' എന്നതായിരുന്നു.
ഇങ്ങനെ ഒരു അഭിപ്രായം വരുന്നത് കൊണ്ട് ആ കഥകള്‍ ഒന്നും കഥകള്‍ അല്ല എന്നല്ല പറയാന്‍ ശ്രമിക്കുന്നത്. അവയില്‍ മാധവിക്കുട്ടി ഉണ്ട് എന്ന് മാത്രം. ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ കാലങ്ങള്‍ , ചിന്തകള്‍ , വികാരങ്ങള്‍ ഒക്കെയും മാധവിക്കുട്ടിയുടെ കഥകളില്‍ വായിക്കുവാന്‍ കഴിയുന്നവയാണ്. അവയില്‍ നമുക്ക് ജീവിതത്തെ കാണാന്‍ കഴിയും . ഓരോ കഥാപാത്രവും അന്യമല്ല എന്നും അവയ്ക്കൊക്കെ ജീവനുണ്ട് എന്നും കാണാം . വര്‍ഷങ്ങള്‍ക്കിപ്പുറം നെയ്പ്പായസം വായിക്കുമ്പോഴും മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കാന്‍ കഴിയുന്നത് പോലെ ഓരോ കഥയിലും നേരിന്റെ പൊടികള്‍ ഉണ്ട് . കലര്‍പ്പില്ലാതെ പറഞ്ഞു പോകാന്‍ കഴിയുന്നുണ്ട്. അത് തന്നെയാണ് മാധവിക്കുട്ടിയെ വായനക്കാര്‍ക്ക് ഇഷ്ടമാകാന്‍ കാരണവും. തനിക്ക് പറയാനുള്ളത് മുഖം മൂടികള്‍ ഇല്ലാതെ പറയാന്‍ കഴിയുന്നു . മനസ്സിലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു ലജ്ജയും ഇല്ലാത്ത കഥാപാത്രങ്ങള്‍ ആണ് മാധവിക്കുട്ടിയുടേത്. അത് പ്രണയം ആകാം രതി ആകാം വിദ്വേഷം ആകാം കുശുമ്പോ അസൂയയോ ആകാം. അവയെ അതുപോലെ അവര്‍ക്ക് പറഞ്ഞു പോകാന്‍ കഴിയുന്നുണ്ട്. മറ്റൊന്ന് , സ്നേഹമല്ലാതെ പക ഒരിക്കലും ഒരു കഥയിലും കടന്നു വരുന്നതേയില്ല എന്നതാണ്. ഒരുപക്ഷെ അതിനെ തൊട്ടെടുക്കാന്‍ കഴിയാതെ പോയതാകാം എങ്കിലും പൊതുവായ ഒരു അവലോകനം ആ ഒരു വികാരത്തെ കാണാന്‍ കഴിയാത്ത കഥാപാത്രങ്ങള്‍ കൊണ്ട് നിറഞ്ഞ കഥകള്‍ ആണ് മാധവിക്കുട്ടിയുടേത് എന്നാണു.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment