Tuesday, March 12, 2019

ഭവാനി ------------------ എം ആര്‍ കൃഷ്ണവാര്യര്‍


ഭവാനി (ഖണ്ഡകാവ്യം)
എം ആര്‍ കൃഷ്ണവാര്യര്‍  ബി എ എല്‍ ടി
ബി വി ബുക്ക്‌ ഡിപ്പോ
വില : 7 അണ


കവിതയില്‍ ഇന്ന് കാണാന്‍ കഴിയാത്തതും ഒരുകാലത്ത് കവിതയുടെ പ്രധാനവായനയും ആയിരുന്നത് ഖണ്ഡകാവ്യങ്ങള്‍ ആയിരുന്നു. ആശാനെയും മറ്റും നാം വായിക്കുന്നത് അറിയുന്നത് അവര്‍ എഴുതിയ ഈ കാവ്യപുസ്തകങ്ങള്‍ മൂലം ആണല്ലോ. ഒരു കവിതയിലൂടെ ഒരു ജീവിതമോ , സംഭവമോ ഒക്കെ വിവരിക്കുന്ന സങ്കേതം ആണല്ലോ ഖണ്ഡകാവ്യം എന്നത്. കഥയോ നോവലോ വായിക്കും പോലെ അത് വായനക്കാര്‍ക്ക് വായിച്ചു രസിക്കാന്‍ കഴിയും . രമണന്‍ ഒക്കെ ഇന്നും വായിക്കപ്പെടുന്ന ഇത്തരം കഥകളുടെ കവിതാ ഭാവങ്ങള്‍ ആണെന്ന് മലയാളി വായനക്കാര്‍ സമ്മതിക്കാതെ തരമില്ല. ഇന്ന് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കാത്തത് എന്ന് ചിന്തിക്കുമ്പോള്‍ മനസിലാകുന്നത് കാച്ചിക്കുറുക്കി ഉപമകളും ഉത്പ്രേക്ഷകളും കൊണ്ട് ചെറിയ വരികള്‍ സൃഷ്ടിച്ച് അതിലൂടെ ഒരു  വലിയ ലോകം സൃഷ്ടിക്കുന്ന ഇന്നത്തെ കവികള്‍ക്ക് കവിതയിലൂടെ അത്രയും ബുദ്ധിമുട്ട് സഹിക്കാന്‍ ഉള്ള സമയം ഇല്ല എന്നതാണ്. ഈണം വേണം ,താളം വേണം, വരികള്‍ക്ക് ഭംഗി വേണം, ഭാഷയുടെ നിയമങ്ങള്‍ അനുസരിക്കണം തുടങ്ങി ഒരുപാട് കടമ്പകള്‍ ഇന്നത്തെ കവികള്‍ക്ക് ദഹിക്കാത്തവയായി അതിനു ആവശ്യമാണ്‌ . നമുക്കിഷ്ടം പെട്ടെന്ന് കാര്യങ്ങള്‍ പറയണം . ഒരു മുഹൂര്‍ത്തം അല്ലെങ്കില്‍ ഒരു കാര്യം പറയണം അത്രയും കൊണ്ട് നാം തൃപ്തര്‍ ആണ് വായനക്കാരും. ഒരു പാരഗ്രാഫില്‍ കൂടുതല്‍ ഉള്ള ഒരു കുറിപ്പിനെ പോലും വായിക്കാന്‍ സമയമില്ലാത്ത ഒരു തലമുറയുടെ മുന്നില്‍ ഖണ്ഡകാവ്യം ചമയ്ക്കുന്ന തമാശയെക്കുറിച്ച് ഓര്‍ക്കുക കൂടി വയ്യ.
“ഭവാനി” എന്ന വിശുദ്ധശൃംഗാര ഖണ്ഡകാവ്യം പങ്കുവയ്ക്കുന്നത് ഭവാനി എന്നൊരു പെണ്‍കുട്ടിയുടെ ജീവിതകഥയാണ്. പഠിക്കാന്‍ പറഞ്ഞു വിട്ട മകള്‍ വാര്‍ഷികത്തിന് വന്ന പ്രശസ്തന്റെ വലയില്‍ വീണ് പ്രണയാതുരയായി അയാള്‍ക്ക്‌ വേണ്ടി ക്ലാസ് കട്ട് ചെയ്തു പുറത്തു പോയി കന്യകാത്വം എന്ന സംഗതി നഷ്ടപ്പെട്ടു അയാളാല്‍ ഉപേക്ഷിക്കപ്പെട്ടു വീട്ടില്‍ ദുഃഖിച്ചിരിക്കുന്നതും അമ്മ കാര്യം ചോദിച്ചു മനസ്സിലാക്കി ആളിനെ കണ്ടു ഞെട്ടി ആ ദുഷ്ടന്‍ , വിടന്‍ അവന്  ഇതാണ് സ്ഥിരം തൊഴില്‍ നീ എങ്ങനെ ഇതില്‍ പെട്ടുപോയി എന്ന് വിലപിക്കുകയും അച്ഛനും വിവരം അറിയുകയും ചെയ്യുമ്പോള്‍ ദുഃഖിതയായ മകള്‍ രോഗശയ്യയില്‍ ആകുന്നു . പത്രങ്ങളില്‍ കാണുന്ന ചികിത്സാ മാര്‍ഗ്ഗങ്ങളടക്കം  നിലവിലുള്ള എല്ലാ ചികിത്സാ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു ആ മാതാപിതാക്കള്‍ തളര്‍ന്നെങ്കിലും അവള്‍ രോഗശയ്യയില്‍ നിന്നും എഴുന്നേല്‍ക്കുന്നില്ല. ഒടുവില്‍ ഒരു കൊല്ലം അങ്ങനെ കഴിഞ്ഞുപോകവേ ഒരു സന്യാസിനി, തന്റെ ആശ്രമവും അതിനോട് ചേര്‍ന്നുള്ള ആതുരാലയവും നടത്തിപ്പിന് ഭിക്ഷ യാചിച്ചു അവിടെ വരികയും, ആ പിതാവിന്റെ കണ്ണുനീര്‍ കണ്ടു മകളെ നാല് ദിവസം അവിടെ നിന്നുകൊണ്ട് തന്നെ ചികിത്സിക്കുകയും അവള്‍ക്ക് മാറ്റങ്ങള്‍ കാണുമ്പോള്‍ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. പൂര്‍ണ്ണ സുഖം ആയ ശേഷം മാതാപിതാക്കളെ ഇനി കണ്ടാല്‍ മതിയെന്ന് ആ സന്യാസിനി എഴുതിയറിയിക്കുന്നു . ആശ്രമത്തില്‍ താമസിച്ചു അവള്‍ സുഖം പ്രാപിച്ചു വരുന്നു . അങ്ങനെയിരിക്കെ മരുന്ന് ശേഖരിക്കാന്‍ ആശ്രമത്തിലെ പെണ്ണുങ്ങള്‍ കാട്ടില്‍ പോകുമ്പോള്‍ ഏതോ മൃഗം ആക്രമിച്ചു പരിക്കേറ്റു കിടക്കുന്ന ഒരു യുവാവിനെ കണ്ടു അയാളെ ആശ്രമത്തിലേക്ക് എടുത്തു കൊണ്ട് വരുന്നു . രോഗ ശുശ്രൂക്ഷകള്‍ പഠിച്ചു തുടങ്ങിയ ഭവാനിയമ്മയെ ആ രോഗിക്ക് കൂട്ടിരിക്കാന്‍ നിയോഗിക്കുന്നു. ആ യുവാവിനെ പുതപ്പുകൊണ്ട്‌ കഴുത്തു വരെ മൂടവേ അയാളുടെ മുഖം കണ്ടു അവള്‍ തനിക്കു സംഭവിച്ച പൂര്‍വ്വകാലം ഒന്നുകൂടി ഓര്‍ക്കുകയും അയാള്‍ അബോധാവസ്ഥയില്‍ നിന്നും ഉണരുകയും തന്റെ വഴിപിഴച്ച ജീവിതത്തെക്കുറിച്ച് പറയുകയും വിലപിക്കുകയും ചെയ്യുന്നു. അവള്‍   അയാള്‍ക്ക്‌ പാല്‍ കുടിക്കാന്‍ കൊടുക്കുകയും അയാള്‍ അതും കുടിച്ചു മരണത്തിലേക്ക് പോകുകയും ചെയ്യുന്നു . രോഗം പൂര്‍ണ്ണമായും ഭേദമായ ഭവാനിയെ വീട്ടുകാര്‍ വന്നു കൂടെ കൊണ്ട് പോകുന്നുവെങ്കിലും അവള്‍ വീണ്ടും തിരികെ ആ ആശ്രമത്തിലേക്ക് കാവി ഉടുത്ത് തിരികെ പോകുന്നു. ഇതാണ് ഈ കവിതയുടെ ഇതിവൃത്തം.  
 ഈ കവിതയുടെ കാലം 1930 കള്‍ ആണ് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ആധുനിക വിദ്യാഭ്യാസം മലയാളിയുടെ സ്വീകരണമുറികളിലേക്ക് കടന്നുവന്ന കാലത്ത് ബി എ യും എല്‍ ടി യും നേടിയ കൃഷ്ണ വാര്യര്‍ എഴുതിയ ഈ കവിത പക്ഷെ മുച്ചൂടും ആധുനിക വിദ്യാഭ്യാസത്തെ തള്ളിപ്പറയുന്ന ഒന്നാണെന്ന് പറയാതെ വയ്യ.  ആധുനിക വിദ്യാഭ്യാസം നല്‍കുക വഴി പെണ്‍കുട്ടികള്‍ ഒക്കെ സംസ്കാരം നശിച്ചുപോയവര്‍ ആയി എന്ന് കവി വിലപിക്കുന്നു . മറ്റെല്ലാ ഭാഷയും കേവലം പോറ്റമ്മമാര്‍ മര്‍ത്യന് തന്‍ മാതൃഭാഷ പെറ്റമ്മ എന്ന് കരുതുന്നതില്‍ തെറ്റില്ല പക്ഷെ അത് മാത്രമേ പഠിക്കൂ പഠിക്കാവൂ അതല്ലെങ്കില്‍ സംസ്കാരം നഷ്ടമാകും വീട്ടില്‍ ഇരിക്കേണ്ട പെണ്‍കുട്ടികള്‍ നാട്ടില്‍ ഇറങ്ങും , ആധുനിക വസ്ത്രങ്ങള്‍ എല്ലാം കുഴപ്പം പിടിച്ചതാണ് . ആധുനിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത് കൊണ്ട് ഗുണം ഒന്നുമില്ല തുടങ്ങി കവി രണ്ടു പേജോളം അതിനെ തള്ളിപ്പറയാന്‍ മാത്രം ഉപയോഗിക്കുന്നുണ്ട് വരികള്‍.
“ഒരന്യഭാഷാ പഥമേറി വിദ്യ-
യഭ്യസിക്കുവാന്‍ ബാലകളേ നടത്തുകില്‍,
ഒടുക്കമുണ്ടാവതസംസ്കൃതാശയ –
സ്വഭാവഭാവം കലരുന്ന പൗരികള്‍” എന്നാണു കവിക്ക് പറയാന്‍ ഉള്ളത് ചുരുക്കത്തില്‍.
“വിദേശ വിദ്യാലയമേ! യഥാര്‍ത്ഥമാം
വിനോദ വിജ്ഞാനപഥം ത്യജിക്കയാല്‍,
വിപത്തണയ്ക്കുന്നു വിലോഭനോദയോ-
യുത്സവങ്ങളാല്‍ നീയിഹ നിന്റെ മക്കളില്‍” എന്ന് വിലപിക്കുന്ന കവി പെണ്‍കുട്ടികള്‍
“മഹാഭിമാനം കലരും പിതാവിനി-
മലീമസ വ്യാജ വിഹാര പ്രവര്‍ത്തികള്‍
മനസ്സുടയ്ക്കാം; കലശുദ്ധികാത്തക-
ത്തിരിക്കുവാനുള്ളവരാണ് കന്യകള്‍” എന്ന ചിന്താഗതിയുടെ പ്രചാരകന്‍ ആണ് . ഈ കാലത്തിനു യോജിക്കാത്ത ചിന്തകള്‍ നിറഞ്ഞ ഒരു കവിതാഖ്യാനം എന്നതിനപ്പുറം ഈ കവിതയെ സ്വീകരിക്കുക പ്രയാസം തന്നെയാണ്. എന്നാല്‍ കവിതകള്‍ വായിക്കുകയും അതിലെ മാറ്റങ്ങളും പദ പ്രയോഗങ്ങളും ശ്രദ്ധിക്കുകയും ചെയ്യുന്നവര്‍ക്കും മറ്റു ഭാഷാ ഗവേഷകര്‍ക്കും ഇത്തരം കവിതകളും കാലവും വായിക്കുന്നത് സംസ്കാരവും ഭാഷയും ചിന്തയും പരിണമിക്കുന്ന വഴികളും അതിന്റെ രീതികളും മനസിലാക്കാന്‍ വളരെ ഉപകാരപ്രദം ആയിരിക്കും എന്ന് കരുതുന്നു .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
   






No comments:

Post a Comment