Saturday, March 9, 2019

വിപ്ലവം.. മതം ...ജനാധിപത്യം ...


ഹേ വിപ്ലവകാരീ ..!
പഴകിയ സംഹിതകള്‍ കൊണ്ട് നീ
ഇനിയും മണ്ടത്തരങ്ങള്‍ കാട്ടാതിരിക്കൂ .
കാലഹരണപ്പെട്ട ആശയങ്ങള്‍ക്കിനി
നീ ചാര്‍ത്തുക മതത്തിന്റെ പരിവേഷം .
സംസ്കാരത്തിന്റെ കോണകം ഉടുപ്പിക്കുക
തീവ്രവാദമെന്നാല്‍ മാവോയിസം അല്ല എന്നുറപ്പിക്കുക
മത തീവ്രവാദം മാത്രം വേവുന്ന മൂശയില്‍
നീ നിന്റെ രക്തരൂക്ഷിത വിപ്ലവം ബലികൊടുക്കുക.
ഇനിയും നിനക്ക് ബോധമുദിച്ചില്ലയോ ?
ആശയം നിന്റേതു തന്നെയാകട്ടെ
എന്നാല്‍ ,
ജനാധിപത്യരാജ്യത്ത് അത് നടപ്പിലാക്കാന്‍
മത തീവ്രവാദം കൊണ്ട് മാത്രമേ സാധിക്കൂ.
സംസ്കാര സംരക്ഷകവേഷം കൊണ്ടേ കഴിയൂ.
തുള വീണ നെഞ്ചില്‍ മുലപ്പാലും,
ചിതറിയ തലച്ചോറില്‍ നിന്നും തീക്കാറ്റും പുറപ്പെടാതിരിക്കാന്‍
നിനക്ക് കവചമാകുക അതൊന്നും മാത്രം.
ഇന്ത്യയെന്ന മഹാരാജ്യത്ത്
തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍
സ്വന്തമായി ഒരു മതം വേണം .
ഒരു തോക്കും ചൂണ്ടപ്പെടില്ല
ഒരു നാവും ശബ്ദിക്കില്ല.
നക്സലാകുക എന്നാല്‍ മാത്രമാണ്
രാജ്യദ്രോഹിയാകുക
ചിന്തിക്കുന്ന തലച്ചോറുകള്‍ മാത്രമാണ്
ഭരണകൂടത്തിന്‍റെ അന്തകര്‍
ഓര്‍ക്കുക
നിന്റെ തീക്കണ്ണുകള്‍ പൊള്ളിക്കുന്നുണ്ട്
നിന്റെ നാവുകള്‍ ചാട്ടവാര്‍ ആകുന്നുണ്ട്
മതേതര ജനാധിപത്യം അതാഗ്രഹിക്കുന്നില്ല.
നിനക്കൊരിക്കലും സ്വതന്ത്രനാകാന്‍ കഴിയില്ല.
ചാരു മജൂന്താറില്‍ നിന്നും
ജലീലില്‍ എത്തുമ്പോഴും
അതിനാല്‍ മാത്രമാണ്
അത് കൊണ്ട് മാത്രമാണ്
നിന്റെ സ്വപ്നത്തിലെ രാജ്യം വരാതെ പോകുന്നത്.
അതിനാല്‍ മാത്രമാണ്
നിനക്ക് കാട് വീടാകുന്നത്.
-------ബിജു.ജി.നാഥ് വര്‍ക്കല


No comments:

Post a Comment