Wednesday, March 27, 2019

മഴയാണ് ഞാൻ.

മഴയാണ് ഞാൻ.
...........................
ഓർമ്മയിലേക്ക് ചാഞ്ഞു പെയ്യുന്ന
ഒരു മഴയാകണമെനിക്ക്.
നീയെത്ര തന്നെ ശ്രമിച്ചാലും ,
നിന്നെ നനച്ചും
വശം കെടുത്തിയും
ശാപവാക്കുകൾ പറയിപ്പിക്കുന്ന
പിശറൻ മഴ.
നനയാൻ കൊതിക്കാതെ
നനയേണ്ടി വരുന്ന മഴ!
എത്ര മനോഹരമായൊരു പ്രതികാരമാണത്.
എന്നെ മറക്കാനും
എന്നിൽ നിന്നകലാനും
നീ ശ്രമിക്കുമ്പോഴൊക്കെ
എന്നെ ഓർമ്മിപ്പിക്കാൻ
ഞാനിനി മഴയായേ പറ്റൂ.
ഉഷ്ണം കൊണ്ടു പൊതിയുന്ന
നിന്റെ ഉടലിനെ
മഴ കൊണ്ടു സ്നേഹിക്കുകയാണ് ഞാൻ.
നിനക്കതരോചകമാകിലും....
നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി
ചിറക് നനഞ്ഞ കിളിയെ ഓർമ്മിപ്പിച്ച്
പിടിക വരാന്തയിൽ നിൽക്കുമ്പോൾ
നിന്റെ മുഖത്ത് വിരിയുന്നത്
എന്നോടുള്ള പ്രിയമാകില്ല.
വെറുപ്പിന്റെ തിരമാലകളാൽ
നീയെന്നെ മറക്കുവാൻ ശ്രമിക്കും.
ഓർമ്മിക്കാൻ ശ്രമിക്കലാണ്
മറക്കുവാനുള്ള ഏകമാർഗ്ഗമെന്ന് ഞാനും.
അങ്ങനെ
ഓർമ്മിച്ചും വെറുത്തും
നീയെന്നെ കടന്നു പോകും
നിനക്ക് പ്രിയമായിരുന്ന,
ഇന്നപ്രിയമായ
ചാറ്റൽ മഴയായി ഞാൻ പെയ്തു കൊണ്ടേയിരിക്കും
നീ നടക്കുന്ന വഴിയോരങ്ങളിലൊക്കെയും.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment