ശാപം (കഥകള്‍)
സല്‍മ
പരിഭാഷ ഷാഫി
ചെറുമാവിലായി
ഒലിവ്
വില : 100 രൂപ
കഥകള്‍
ഭാഷ മാറുമ്പോള്‍ വേഷവും ഭാവവും മാറി വരും എന്നൊരു തോന്നല്‍ മിക്ക പരിഭാഷകളും
വായിക്കുമ്പോള്‍ തോന്നാറുണ്ട്. ഇതിന് കാരണം മറ്റൊന്നുമല്ല . കഥയുടെ ആത്മാവു എങ്ങോ
നഷ്ടമാകുകയും അവിടെ വികലമായ ഒരു കഥയോ നോവലോ കവിതയോ ജന്മം കൊള്ളുകയും ചെയ്യുന്നത്
ഒട്ടുമിക്ക പരിഭാഷകള്‍ വായിച്ചാലും തോന്നിപ്പിക്കുന്നുണ്ട്. തര്‍ജ്ജമകള്‍ പല വിധം
ചെയ്യാം . ഒന്നു പദാനുപദം വിവര്‍ത്തനം ചെയ്യുക എന്നതാണു . ഇത് ഏറ്റവും വികൃതമായ
ഒരു വായനയാണ് നല്കുക . ഇതുപോലെ അല്ലാതെ ഒരു കഥയെ വായിച്ചു അതിനെ മലയാളത്തിലേക്കു
മൊഴിമാറ്റം ചെയ്യുമ്പോള്‍ ആ കഥയുടെ ആശയങ്ങളും പരിസരവും കഥാപാത്രങ്ങളും സംഭവങ്ങളും
എല്ലാം അത് തന്നെ ആയിരിക്കുകയും അതേസമയം ഭാഷ പരിഭാഷക്കാരന്റെ സ്വന്തം ആകുകയും
ചെയ്യും . ഇത് രചയിതാവിനോടുള്ള നീതിപുലര്‍ത്തല്‍ ആണ്. ഒരുപക്ഷേ നല്ലൊരു എഴുത്തുകാരന്‍
ആണെങ്കില്‍ ആ കഥ കൂടുതല്‍ സ്വീകാര്യം ആകുകയും ചെയ്യും..മറ്റൊരു വിധം എന്താന്നു
വച്ചാല്‍ കഥ വായിക്കുകയും അതിന്റെ ആശയം മാത്രം എടുക്കുകയും അതിനെ വച്ചുകൊണ്ടു ഒരു
പുതിയ കഥ രചിക്കുകയും ചെയ്യും . ഭാഷാപരമായ സ്വാതന്ത്ര്യവും കടപ്പാടും മാത്രമേ
ഇവിടെ എഴുത്തുകാരനുമായി നീക്കുപോക്കില്‍ വരുന്നുള്ളൂ . ഇവിടെയും വിവര്‍ത്തകനിലെ
സാഹിത്യകഴിവ് എഴുത്തില്‍ ഒരു പ്രധാന ഘടകം ത്തന്നെയാണ് .
ഒരുപാട്
തമിഴ് കൃതികള്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത ഒരു വ്യക്തിയാണ് ഷാഫി ചെറുമാവിലായി
എന്നു കാണുന്നു. അദ്ദേഹം തമിഴിലെ എഴുത്തുകാരിയായ സല്‍മയുടെ പതിനൊന്നു കഥകള്‍
മൊഴിമാറ്റം ചെയ്തിരിക്കുന്നു . അതാണ് “ശാപം” എന്ന കഥാ സമാഹാരം. മുസ്ലീം
സമുദായത്തില്‍ നിന്നുള്ള സല്‍മയുടെ കഥകള്‍ എല്ലാം തന്നെ സമുദായത്തിനുള്ളില്‍
ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തെ കുറിക്കുന്നവയാണ് എന്നു കാണാം . ഓരോ കഥയും ഓരോ
സ്ത്രീയുടെ കഥയാണ് . ഓരോ ലോകം . വ്യത്യസ്തമായ പരിസ്ഥികള്‍ അല്ലവ. നമുക്ക് പരിചിതമായ എല്ലാ ഭാവ,വികാര,സമൂഹ പരിതസ്ഥിതികളും ഈ കഥകളില്‍ കാണാന്‍
കഴിയും .സ്ത്രീകള്‍ പ്രത്യേകിച്ച്
സാമൂഹ്യപരമായും സാമ്പത്തികപരമായും താഴെ നിലയില്‍ ഉള്ളവരും മധ്യവര്‍ത്തികളും
അനുഭവിക്കുന്ന അസുരക്ഷിതമായ ജീവിത പരിസരങ്ങളെ സല്‍മയുടെ കഥാപാത്രങ്ങള്‍ മിഴിവോടെ
അവതരിപ്പിക്കപ്പെടുന്നുണ്ട്. അതുപോലെ മതത്തിന്റെ വേലിക്കെട്ടില്‍ നിന്നുകൊണ്ടുള്ള
അതിജീവനത്തിന്റെ ബാലികേറാമലകളെ തുറന്നു
പറയാന്‍ എഴുത്തുകാരിക്ക് കഴിയുന്നുണ്ട് . ശാപം പേറിയ ജന്മങ്ങളുടെ ആത്മദുഃഖങ്ങള്‍ ,
പകയുടെയും വ്യസനത്തിന്റെയും പ്രണയത്തിന്റെയും നരച്ച കാഴ്ചകള്‍ ഒക്കെയും ഈ കഥകള്‍ക്ക്
വിഷയം ആകുന്നുണ്ട് . കുടുംബങ്ങളില്‍
സംഭവിക്കുന്ന സാധാരണ വിഷയങ്ങളില്‍ നിന്നും , ചിന്തകളില്‍ നിന്നും ഒരു പാട്
പഠിക്കാന്‍ ഉണ്ട് എന്ന് സല്‍മയുടെ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു സമൂഹത്തോട്.
അടിയറവു പറയാന്‍ വേണ്ടി മാത്രം ഉള്ള ഒരു ജീവിതം ആണോ സ്ത്രീയുടെത് എന്നും ,
മാന്യതയും സ്നേഹവും തുടങ്ങിയ മാനുഷിക വികാരങ്ങള്‍ക്ക് സ്ത്രീ എത്ര കണ്ടു അര്‍ഹയാകുന്നു
മതവും സദാചാരവും കുടപിടിച്ച ഒരു സമൂഹത്തില്‍ എന്നുമൊക്കെ തികച്ചും പൊടിപ്പും
തൊങ്ങലുകളും ഇല്ലാതെ സല്‍മഴിയുന്നു.
ഈ കഥകള്‍
വായിക്കുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നതായി അനുഭവപ്പെട്ടു
എന്നതാണ് ഇതിന്റെ പരിഭാഷയില്‍ നിന്നും ലഭിച്ച പാളിച്ച. ഒരു കഥയെപ്പോലും ആസ്വദിച്ചു
വായിക്കുവാന്‍ കഴിഞ്ഞില്ല. വികാരങ്ങളുടെയും വിചാരങ്ങളുടെയും എഴുത്തുഭാഷയെ
യാന്ത്രികമായി എഴുതിവച്ചത് പോലെ തോന്നിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിലാകുന്നു
എന്നതിനപ്പുറം ഓരോ വരിയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ഒരു അന്യഭാഷയിലാണ് വായന
സംഭവിക്കുന്നത് എന്ന്. ഇത് വായനയുടെ ആസ്വാദനത്തെ ബാധിക്കുകയും പലവുരു പുസ്തകം അടച്ചു
വയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു . അടുത്തിടെ വായിച്ചവയില്‍ ഏറ്റവും ബോറായി
തോന്നിയ വായനയായിരുന്നു ഇത് . പലപ്പോഴും മനസ്സ് പറഞ്ഞു തമിഴ് പഠിച്ചിട്ടു മൂലകൃതി
വായിക്കുന്നതായിരുന്നു കൂടുതല്‍ നല്ലത് എന്ന് . വായനക്കാരെ നിരാശപ്പെടുത്തുന്ന
ഇത്തരം പരിഭാഷകര്‍ കൃതികളെ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുകയല്ല ചെയ്യുക പകരം
വായനയെ മുരടിപ്പിക്കുകയാകും ചെയ്യുക . ഒരുതരത്തില്‍ തര്‍ജ്ജമ എത്രത്തോളം ഭാരിച്ച
പണിയാണ് എന്ന് അനുഭവത്തില്‍ ഉള്ളതുകൊണ്ട് തന്നെ ഗൌരവപരമായി ഒരു തര്‍ജ്ജമ ചെയ്യാന്‍
കഴിയാത്തവര്‍ അതിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു
. തീര്‍ച്ചയായും എഴുത്തുകാരി ഇതില്‍ നിസ്സഹായയാണ് . വായനയില്‍ ആ എഴുത്തിന്റെ
കാമ്പ് അറിയാന്‍ കഴിയുന്നുണ്ട് . പക്ഷെ അതിനെ അതേപോലെ പറഞ്ഞു ഫലിപ്പിക്കാന്‍
പരിഭാഷകന് കഴിഞ്ഞില്ല എന്ന ഖേദം പ്രകടിപ്പിച്ചുകൊണ്ട് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment