Sunday, March 10, 2019

ഋതുക്കൾ നിശബ്ദം പറയുന്നു.

ഋതുക്കൾ നിശബ്ദം പറയുന്നു.
.................................................
അലസതയുടെ മുടിക്കെട്ടഴിഞ്ഞു വീഴുന്നു.
പകലിന്റെ രൗദ്രത്തില്‍ വീണു
മന്ദാരപ്പൂവിന്റെ കവിള്‍ ചുവക്കുന്നു.
നിഴലില്‍ നിന്നും ഒരു തുള്ളി മഴവില്ല് പൊടിയുന്നു.
 
വേനലാണേയെന്ന് ഒരു കുയില്‍ പാടുന്നു
പൊടുന്നനെ കൊഴിയുന്ന മാമ്പൂക്കള്‍ നോക്കി
ശലഭങ്ങള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നു.
ഇരുളായെന്നോര്‍ത്ത് ഒരു നരിച്ചില്‍ പറക്കുന്നു.
 
ഇനിയും വെളുക്കാത്ത രാത്രിയെ ഉള്ളില്‍ പേറി
ഇരട്ടവാലന്‍ പുഴു തിന്നൊരു ഗ്രന്ഥം.
പുകയുടെ ശ്വാസം മുട്ടലില്‍ വീണു പിടയുന്നു
കവിതകൊണ്ട് നിറഞ്ഞൊരു മൂടുപടം.
 
ജാരനെ തിരഞ്ഞൊരു ജാലകവിരി മാറുന്നു
മുല്ലവള്ളിയുടെ വേരിലൊരു തുള്ളി രക്തം.
കൂട്ടുപോയൊരു പൊന്മാനെ തിരഞ്ഞു
മാനത്തുകണ്ണി ജലപ്പരപ്പില്‍ തപസ്സു ചെയ്യുന്നു.
 
ആകാശം വെളുത്തും കറുത്തും ചിരിക്കുന്നു
മുടിയിഴകള്‍ സങ്കടം കൊണ്ട് നരയ്ക്കുന്നു.
കായല്‍പ്പരപ്പില്‍ ഒരു കവിത തേങ്ങുന്നു
മഴ പെയ്യുവാന്‍ മറന്നു  മണ്ണിനെ നോക്കുന്നു.
.... ബിജു.ജി.നാഥ് വർക്കല
 
 

No comments:

Post a Comment