Wednesday, March 13, 2019

പുരുഷാന്തരങ്ങളിലൂടെ..................... വയലാര്‍ രാമവര്‍മ്മ


പുരുഷാന്തരങ്ങളിലൂടെ. (യാത്രാവിവരണം)
വയലാര്‍ രാമവര്‍മ്മ
പ്രഭാത്‌ ബുക്ക്‌ ഹൌസ്
വില : 25 രൂപ

ഒരു നല്ല എഴുത്തുകാരന്‍ ഒരു യാത്രക്കാരന്‍ ആയിരിക്കണം . എങ്കില്‍ മാത്രമേ അവനിലെ എഴുത്തിനുള്ള ബീജങ്ങള്‍ അവനു ലഭിക്കുകയുള്ളൂ. ലോക കാഴ്ചകള്‍ ഉള്ളവനേ നല്ല കവിതകളും കഥകളും എഴുതാന്‍ കഴിയൂ. നല്ല നോവലുകള്‍ രചിക്കാന്‍ കഴിയൂ. വായനയും യാത്രയും ഒരു എഴുത്തുകാരന് അവശ്യമായും ഉണ്ടായിരിക്കേണ്ട ഒരു വസ്തുതയാണ്. എഴുത്ത് കേവലം ഒരു അധ്വാനവും , എത്തിപ്പിടിക്കാന്‍ ഉള്ള ടൂളും ആകുന്നിടത്ത് മുഴച്ചു നില്‍ക്കലുകള്‍ ഒരുപാടുണ്ടാകും . സീസണ്‍ എഴുത്തുകാര്‍ ആണ് ഇന്ന് സാഹിത്യത്തില്‍ ഉള്ളത് എന്നൊരു തോന്നലുണ്ടാകാറുണ്ട്. അതിനു ഒരു ഉദാഹരണം ആയി സമകാല സംഭവങ്ങളില്‍ എടുത്തു പറയാവുന്നത് കേരളം പ്രളയത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ അതിനെ നോവലില്‍ പകര്‍ത്താന്‍ എഴുത്തുകാര്‍ വിമാനം പിടിച്ചു വന്നതും , വിദേശങ്ങളില്‍ ഇരുന്നു പ്രളയ കഥകളും പ്രളയ ദുരിതാശ്വാസ കൈബുക്കുകളും എഴുതുകയും ചെയ്തതാണ് . അത് പുസ്തകരൂപത്തിന്റെ സാഹിത്യ സംഭാവനകള്‍ ആകുമ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയെ പ്രളയത്തെ കവിതയാക്കി കഥയാക്കി ഓര്‍മ്മകള്‍ ആക്കി ആഘോഷിച്ച എഴുത്തുകാര്‍ അനവധിയായിരുന്നു . യുദ്ധഭൂമിയില്‍ സഞ്ചരിച്ചുകൊണ്ടു അവയുടെ ഭീകരത പകര്‍ത്തുകയും മനുഷ്യത്വ രഹിതമായ സംഭവങ്ങളെ നേരിട്ട് റിപ്പോര്‍ട്ട്  ചെയ്യുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ നമുക്കിടയില്‍ ഇല്ല എങ്കിലും വിദേശങ്ങളില്‍ ഉണ്ട്. എന്നാല്‍ നമുക്കിടയില്‍ ഇരുന്നെഴുതുന്ന എഴുത്തുകാര്‍ യുദ്ധത്തെ വര്‍ണ്ണിക്കുന്നതും യുദ്ധ മുഖത്തെ ക്രൂരതകള്‍ എഴുതുന്നതും കണ്ടാല്‍ ഒരു പക്ഷെ യഥാര്‍ത്ഥ യുദ്ധ ഭീകരതയുടെ ഇരകള്‍ തങ്ങളുടെ ദുഃഖം മറന്നു പൊട്ടിച്ചിരിച്ചേക്കും. പത്രവാര്‍ത്തകളും കേട്ടറിവുകളും വച്ച് കഥയും നോവലും എഴുതാനും അതില്‍ വായനക്കാര്‍ക്ക് വേണ്ട ഉപ്പും മുളകും ചേര്‍ക്കാനും കഴിവുള്ളവര്‍ ആണ് എഴുത്തുകാര്‍ എന്ന് തോന്നിപ്പിക്കുന്ന അത്തരം എഴുത്തുകള്‍ക്ക് പക്ഷെ ഈ ഇടങ്ങളില്‍ ഇന്ന് സ്വീകാര്യത കൂടുതല്‍ ആണ് . വാസ്തവികതകള്‍ അല്ല ഇന്ന് വായനക്കാര്‍ക്ക് പഥ്യം. ഏകപക്ഷീയമായ വായനകളും സമീപനങ്ങളും കൊണ്ട് സാഹിത്യം പോലും ഇന്ന് ഒരു മിഥ്യാലോകം കാഴ്ചവയ്ക്കുന്നുണ്ട്.
പ്രശസ്ത കവി വയലാര്‍ ഇന്ദ്രപ്രസ്ഥത്തിലെക്ക് നടത്തിയ ഒരു യാത്രയുടെ ചെറു വിവരണം ആണ് “പുരുഷാന്തരങ്ങളിലൂടെ” എന്ന യാത്രാ വിവരണപുസ്തകം പങ്കു വയ്ക്കുന്നത്. 1956 ഇല്‍ എഴുത്തുകാരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയ വയലാര്‍ താന്‍ കണ്ട മഥുരയും കുത്തബ്മിനാറും റെഡ് ഫോര്‍ട്ടും രാജ് ഘട്ടും തന്റേതായ കാവ്യ ഭാഷയില്‍ ഒരു ഗദ്യ കവിതപോലെ അവതരിപ്പിക്കുന്നു. ചരിത്രവും മിത്തുകളും ഇടകലര്‍ന്ന മഥുരയുടെ ഗലികളും , കഥകള്‍ നിറഞ്ഞ കുത്തബ് മിനാറും ചുവന്ന കോട്ടയും കടന്നു കവി പോകുമ്പോള്‍ ഷാജഹാന്റെ പ്രണയവും കലാപരമായ സൗന്ദര്യ കാഴ്ചപ്പാടുകളും ഔറംഗസീബിന്റെ ചോര മരവിപ്പിക്കുന്ന ക്രൂരതകളും ബ്രിട്ടീഷ്കാര്‍ നശിപ്പിച്ചതും കടത്തിക്കൊണ്ടു പോയതുമായ സംസ്കാരശേഷിപ്പുകളുടെ അസ്ഥിപഞ്ജരങ്ങളും വായനക്കാരിലും വിവിധ വികാരങ്ങളോടെ കടന്നുവരും. ഓരോ സന്ദര്‍ശകനോടും നിന്നെക്കാത്താണ് ഞാന്‍  നിന്നതെന്ന ഭാവത്തില്‍ നില്‍ക്കുന്ന പൂച്ചെടിയുടെ സൗന്ദര്യം വായനക്കാരന്‍ ആസ്വദിക്കും. രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധിക്കരികില്‍ കണ്ണുനീരോടെ നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ വന്ന ഗാന്ധിജിയുടെ കൈയ്യില്‍ തൊടാന്‍ കഴിഞ്ഞൊരു കുഞ്ഞിന്റെ ഓര്‍മ്മ കവിയില്‍ ഇരച്ചു പെയ്യുകയാണ് .
വളരെ മനോഹരമായ കവി ഭാഷയുടെ ഭംഗി ആസ്വദിച്ചുകൊണ്ട്‌ ഒരു യാത്രാവിവരണം വായിക്കുക എന്നത് ഒരു സന്തോഷകരമായ സംഗതിയാണ് . ആ അനുഭൂതി വയലാര്‍ തന്റെ ഈ പുസ്തകത്തിലൂടെ വായനക്കാരന് സമ്മാനിക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല   

No comments:

Post a Comment