Sunday, March 24, 2019

തുടയ്ക്കുക നിന്റെ കണ്ണുനീർ.

തുടയ്ക്കുക നിന്റെ കണ്ണുനീർ.
...............................................
മെല്ലെ
വളരെ മെല്ലെ
നിന്റെ പ്രണയത്തിന്റെ ഉപ്പു ഭരണിയിലേക്ക്
ഞാൻ മുറിവുകൾ തുന്നിക്കെട്ടിയ
ഏറ്റം ദുർബലമായൊരു ഹൃദയം
ഏറെ പ്രിയത്തോടെ ഇറക്കി വയ്ക്കുന്നു.
നിന്റെ കണ്ണീരിനും
പരിഭവത്തിന്റെ നഖമുനകൾക്കും
കോപത്തിന്റെ വാക്ശരങ്ങൾക്കും
ഒരിക്കലും പരിചയാകാതെ
ഏറ്റുവാങ്ങാനായാ ഹൃദയം മിടിക്കുന്നുണ്ട്.
കർഷകർ ആത്മഹത്യ ചെയ്യുന്നതറിഞ്ഞും
പെൺകുട്ടികൾ ഉടഞ്ഞു ചിതറുന്നത് കേട്ടും
പാകിസ്താനിലേക്ക് പോകാനലറിയവർ
ഇരുമ്പ് ദണ്ഡിനാൽ പ്രഹരമേൽപ്പിക്കുമ്പോഴും
ദേശീയത തെളിയിക്കാനാവാതെ പിടയുന്നവരെയോർത്തും
നിന്റെ ഉള്ളു കത്തുന്നത് കാണുന്നുണ്ട് ഞാൻ .
തൊലി പൊളിയുന്ന ഉഷ്ണവും
വറ്റിവരണ്ട ഭൂഗർഭവും
ഒഴുകിയുണങ്ങിയ പുഴകളും
മരുഭൂമിയെ ഓർമ്മിപ്പിക്കുന്നു എന്ന് നീ പറയുമ്പോൾ
പൂക്കാതെ പോയ കിനാവുകളുടെ
ഉള്ളുരുക്കങ്ങളിൽ നിന്നു കത്തുന്നയെന്നിൽ
സൂര്യതാപം സുമ സ്പർശം മാത്രമാണല്ലോ!
എല്ലാം ഉപേക്ഷിച്ചു കൊണ്ട്
പിന്നിലെല്ലാം ഇട്ടെറിഞ്ഞു കൊണ്ട്
അജ്ഞാതമായൊരിടത്തിലേക്ക് നിന്നെയൊളിപ്പിക്കാൻ,
അതുമല്ലെങ്കിൽ
ഏറ്റമടുത്തൊരു നിമിഷത്തിൽ
ഒരു വിറകു കൊള്ളിപോൽ എരിഞ്ഞുതീരാൻ
സ്വപ്നം കാണുന്നു നീയപ്പോഴും.
ലോകം എത്ര ചെറുതാണല്ലേ?
നമ്മൾ മാത്രമില്ലാത്ത
നമ്മുടെ ലോകം.!
നോക്കൂ
ഇവിടെ നാം അന്യരാണ്.
പരസ്പരം വിരലുകൾ കോർത്തിരിക്കുമ്പോഴും
ഉള്ളു കൊണ്ടായിരം വട്ടം പ്രണയം പറയുമ്പോഴും
നോക്കിലോ വാക്കിലോ
പരിചയം ഭാവിക്കാൻ ഭയന്നു
നാം മുഖം തിരിക്കുന്നു നിരന്തരം.
മൂടുപടങ്ങൾ വലിച്ചെറിയുന്ന കാലം വരും.
മുഖമില്ലാത്ത ഒരു ലോകം വരും.
അന്ന് നാം മാത്രം
നമ്മൾ മാത്രം
മുഖമുള്ളവരായിരിക്കും.
മനസ്സിൽ നെയ്തുകൂട്ടിയ
വരികളിൽ കൊരുത്തു ചേർത്ത
സ്വപ്നങ്ങൾക്ക് നിറം കൊടുക്കണമന്ന് നമുക്ക്.
മരണത്തിന്റെ നരച്ച വർണ്ണങ്ങൾ
കാഴ്ചയുടെ തിമിരം നിറയ്ക്കും മുന്നേ
നമുക്കൊരു കാലം വരുമോ?
ചുളിവുകൾ വീണ ചർമ്മങ്ങൾക്ക്
കറുത്തപാടുകൾ പതിഞ്ഞ് തിളങ്ങുന്നതിൻ മുന്നേ
നമുക്കു നനയാൻ മാത്രമായൊരു മഴ.
തുടയ്ക്കുക നിന്റെ കണ്ണുനീർ
കാലം ക്രൂരമായിരിക്കില്ല ദീർഘ നാൾ.
തുടയ്ക്കുക നിന്റെ കണ്ണുനീർ.
.... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment