Monday, March 18, 2019

മഞ്ഞ്......................................... എം ടി വാസുദേവന്‍‌ നായര്‍


മഞ്ഞ് (നോവല്‍)
എം ടി വാസുദേവന്‍‌ നായര്‍
കറന്റ് ബുക്സ്
വില :60 രൂപ



കാത്തിരിപ്പ് എത്രയോ വേദനയുള്ള ഒരു കാര്യമാണ് . ജീവനോടെയിരിക്കുന്നോ എന്ന് പോലും അറിയാത്ത , പ്രതീക്ഷകള്‍ മാത്രം കൈമുതലായി ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു സംഗതിയാണ് കാത്തിരിപ്പ്‌. പ്രണയത്തിലായാലും മരണത്തിലായാലും ജീവിതത്തിലായാലും ഈ കാത്തിരിപ്പ് വലിയ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നീതിക്ക് വേണ്ടി കാത്തിരുന്ന ഈച്ചരവാര്യര്‍ മലയാളിക്ക് ഓര്‍മ്മ ഉള്ള ഒരാള്‍ ആണല്ലോ. മൊയ്തീനും കാഞ്ചനമാലയും മറ്റൊരു കാത്തിരിപ്പിന്റെ ബാക്കിയോര്‍മ്മകള്‍ ആണ് . ജീവിതത്തെ കാത്തിരിപ്പുമായി ബന്ധിപ്പിക്കുന്ന എഴുത്തുകള്‍ പലപ്പോഴും വായനക്കാരെ നെടുവീര്‍പ്പുകള്‍ നല്‍കി കഥാപാത്രങ്ങള്‍ക്കൊപ്പം അലയാന്‍ വിടുന്ന അവസ്ഥ ഉണ്ടാക്കിയിട്ടുള്ളതായി പല വായനക്കുറിപ്പുകളും സൂചിപ്പിച്ചു കണ്ടിട്ടുണ്ട് . വിരഹിണിയായ രാധയുടെ കാത്തിരിപ്പിനെ എഴുതാന്‍ ബാക്കിയുള്ള കവി കാമിനിമാര്‍ ഉണ്ടാകുമോ എന്നറിയില്ല. എം ടി യുടെ കഥാപാത്രങ്ങള്‍ ഒക്കെയും പങ്കിടുന്ന ചില മാനറിസങ്ങള്‍ ഉണ്ട് . സ്വന്തം നീതിയും , ചിന്തയും ശരിയെന്നു വായനക്കാരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും അതില്‍ നിന്നും അവര്‍ക്ക് സംശയങ്ങള്‍ ഒട്ടും തന്നെ നല്‍കാതെ പുറത്തു ചാടാതെ പിടിച്ചു നിര്‍ത്താനും കഴിയുന്നവയാണ് അവ എന്ന് തോന്നിയിട്ടുണ്ട് .  ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത "മഞ്ഞ്" എന്ന നോവല്‍ ആണ് വായനയില്‍ ഇന്ന് തിരഞ്ഞെടുത്തത്. കാലം തെറ്റി പെയ്യുന്ന മഴ പോലെയാണ് ചില വായനകള്‍. എന്തുകൊണ്ട് നീ എന്നെ വായിക്കാന്‍ ഇത്രയും താമസിച്ചുപോയ് എന്നൊരു പരിഭവം നിലനിര്‍ത്തുന്ന എഴുത്തുകള്‍ പലപ്പോഴും വായനയില്‍ എത്തപ്പെടും . അവയുടെ മുന്നില്‍ തപസ്സിരിക്കുന്ന അവസ്ഥ. വായനയില്‍ പലപ്പോഴും മനസ്സുകൊണ്ട് അവര്‍ സഞ്ചരിക്കുന്ന ഭൂവിഭാഗങ്ങളിലൂടെ സഞ്ചരിക്കുക എന്നത് അത്ഭുതം നല്‍കുന്ന ഒരു അനുഭവം ആണ് .
മഞ്ഞ് എന്ന നോവല്‍ എം ടി യുടെ വര്‍ക്കുകളില്‍ മികച്ചവയില്‍ നില്‍ക്കുന്നു. വിമല എന്ന മുപ്പത്തൊന്നുകാരിയുടെ മനസ്സിലൂടെ , ശരീരത്തിലൂടെ ചിന്തയിലൂടെ  പരിസരങ്ങളിലൂടെ വായനക്കാരും കടന്നു പോകുന്നു . വാര്‍ഡന്‍ ആയി ജോലി ചെയ്യുന്ന ഹോസ്റ്റലിൽ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്രയുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ മനസ്സില്ലാതെ ഒന്‍പത് വര്‍ഷമായി അവള്‍ കാത്തിരിക്കുകയാണ് തന്റെ മനസ്സിലേക്കും തന്റെ ശരീരത്തിലേക്കും കടന്നു വന്നു, മറഞ്ഞ സുധീര്‍കുമാര്‍ മിശ്രയെ. അയാളുടെ സിഗരറ്റ് മ നിറഞ്ഞ ആ ഒരു നിമിഷത്തെ മാത്രം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന , അയാള്‍ സമ്മാനിച്ച സ്വെറ്റര്‍ കരുതലോടെ സൂക്ഷിക്കുന്ന വിമല. അവളുടെ കാത്തിരിപ്പിന്റെ കഥയാണ് മഞ്ഞ്.
മനസ്സിനെ തണുപ്പിക്കുന്ന മഞ്ഞല്ല , മനസ്സിനെ മൂടിയിരിക്കുന്ന വിഷാദത്തിന്റെ മഞ്ഞാണ് ഈ നോവല്‍ . അതുരുക്കിക്കളയാന്‍ കഴിയുന്ന ഒരു പ്രഭാത സൂര്യന്റെ അഭാവം ഓരോ ദിനവും അടുത്ത പ്രഭാതത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാകുന്നു . തനിക്കു മുന്നിലൂടെ കടന്നു പോകുന്നവര്‍ എല്ലാം ഒരു പോലെ ഇതേ കാത്തിരിപ്പിന്റെ ഇരകള്‍ ആണ് എന്നതാണ് വിമലയുടെ ദുഃഖത്തിന് അവളില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയാതെ നിലനിര്‍ത്തുന്നത് . അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കുന്ന അമ്മയും കാമുകനും , തന്റെ കുത്തഴിഞ്ഞ ജീവിതത്തിനു പണം കിട്ടുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കിയിരിക്കുന്ന അനിയന്‍ , അയലത്തുകാരന്‍ വെളുത്ത സായിപ്പിന്റെ പ്രണയം കാത്ത് അണിഞ്ഞൊരുങ്ങിയിരിക്കുന്ന അനുജത്തി , ഏതോ ഒരു വെള്ളക്കാരന്റെ വിനോദം മൂലം ജനിക്കേണ്ടി വന്ന ബുദ്ദുവിന്റെ അച്ഛന്റെ വരവിനായുള്ള കാത്തിരിപ്പ് , മരണത്തിന്റെ പതിനഞ്ചു ദിനങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും വിമലയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു അവള്‍ക്കൊപ്പം ഒരു സായാഹ്ന സവാരി കാത്തിരിക്കുന്ന വയസ്സന്‍ സര്‍ദാര്‍ജി. സഞ്ചാരികളെ കാത്ത് കിടക്കുന്ന താഴ് വര..... അതെ കാത്തിരിപ്പുകളുടെ ഒരു വലിയ കുന്നാണ്‌ മഞ്ഞ് എന്ന് പറയാം. ഓരോ കാത്തിരിപ്പിനും അതിന്റെതായ ന്യായങ്ങളുണ്ട്‌. ഈ കാത്തിരിപ്പുകള്‍ ഒക്കെ പറയാന്‍ വേണ്ടി വിമലയെ മുന്നില്‍ നിര്‍ത്തുന്ന കഥാകാരന്‍ വലിയൊരു കാത്തിരിപ്പാണ് വിമലയും കൊണ്ട് നടക്കുന്നതെന്ന് മനോഹരമായി പറയുന്നു . എം ടി യുടെ ഭാഷയുടെ പ്രയോഗങ്ങളും കൈയ്യടക്കങ്ങളും വെളിവാകുന്ന പല സന്ദര്‍ഭങ്ങള്‍ ഉണ്ട് എങ്കിലും എടുത്തു പറയാവുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ ഒരു ശരീരസംഗമം ആയിരുന്നു വിമലയുടെയും സുധീര്‍ മിശ്രയുടെയും. അതിനെ എത്ര ഒതുക്കി ഭംഗിയായി അവതരിപ്പിച്ചു എന്നതാണ് വായന നല്‍കിയ മധുരം. എഴുത്തുകാരന്‍ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കുകയും വായനക്കാരെ ഇക്കിളിപ്പെടുത്തി ഉത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെ അവര്‍ പരത്തിപ്പറയുന്നത് ഒതുക്കി, എന്നാല്‍ അതിലധികം പറഞ്ഞു പോകുന്നത് ഇരുത്തം വന്ന ഒരു എഴുത്തുകാരനു മാത്രം പറ്റുന്ന സംഗതിയാണ് .
യുവതയുടെ സ്വാതന്ത്ര്യം , പ്രണയത്തിന്റെ ശരീരഭാഷകള്‍ , പട്ടാളക്കാരുടെയും , സദാചാരക്കാരുടെയും കണ്ണുകള്‍ പെണ്ണുടലുകളിൽ അളവുകള്‍ നെയ്യുന്നത് , തികച്ചും സാധാരണക്കാരായ മനുഷ്യരുടെ സ്വഭാവവൈശിഷ്ട്യട്യങ്ങൾ ഇവയൊക്കെ വിമലയിലൂടെ കിട്ടുന്ന കാഴ്ചകള്‍ ആണ് . വിമല ഒരുപാട് വായിക്കുന്ന ഒരാൾ ആണെന്നതിനാല്‍ തന്നെ നല്ല ഉള്‍ക്കാഴ്ചയുള്ള ഒരു സ്ത്രീയായി ഇതില്‍ കാണാന്‍ കഴിയും. സദാചാരക്കണ്ണുകൾക്ക് മുന്നിലോ , യുവതയുടെ പ്രണയ ഭാഷകളുടെ സൂചനകളിലോ നിന്നും അസ്വസ്ഥതയാകുന്ന ഒരാള്‍ അല്ല വിമല . ഒഴിഞ്ഞു പോകേണ്ട ഇടങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകാനും , കണ്ണടക്കേണ്ട ഇടങ്ങളില്‍ കണ്ണടച്ച് പെരുമാറാനും വിമലക്ക് കഴിയുന്നുണ്ട് . അകറ്റി നിര്‍ത്തേണ്ടതും അണച്ച് നിര്‍ത്തേണ്ടതും എന്തെന്നു നല്ല ബോധം ഉള്ള, വ്യക്തിത്വം ഉള്ള കഥാപാത്രം ആണ് വിമല. പക്വതയോടെ സംസാരിക്കാനും വിവേകത്തോടെ പെരുമാറാനും കഴിയുന്നവള്‍ തന്റെ കണ്ണുനീര്‍ ആരും കാണാതിരിക്കാന്‍ അവള്‍ ഇപ്പോഴും ശ്രദ്ധിക്കുന്നു. ദുഃഖം കൊണ്ട് കണ്ണുകള്‍ നിറയുമെന്ന ഘട്ടത്തില്‍ തന്‍റെ കിടക്കയിലേക്ക് ഇത്രയേറെ ദൂരമുണ്ടെന്ന തോന്നലില്‍ പായുന്ന വിമല  മനസ്സില്‍ വളരെ ആഴത്തില്‍ പതിഞ്ഞ ഒരു കഥാപാത്രമായി നില്കുന്നു .
വായനയിൽ നല്ലൊരു അനുഭവമായി മഞ്ഞിൻ പാടകൾക്ക് അപ്പുറത്ത് ലേക്കിലേക്ക് നോക്കി വിമല നില്ക്കുന്ന ചിത്രം മനസ്സിൽ അറിയാതെ വരച്ചിട്ടു എഴുത്തുകാരൻ.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment