Sunday, March 3, 2019

അപസ്വരനിർമ്മിതികൾ

അപസ്വരനിർമ്മിതികൾ
.......................................
അകലെയാണകലെയാണെങ്കിലും
സഖീ, നിന്നധരങ്ങൾ തേടുന്നു ഞാൻ.
അലയുകയാണാ കാറ്റിൻ കരങ്ങളിൽ
അലിവോടെ നിന്നെത്തിരഞ്ഞു ഞാൻ.

നീയെഴുതും വർണ്ണചിത്രങ്ങളിൽ വീണ്
ഉള്ളം കുളിർക്കുന്നുവെങ്കിലും പെണ്ണേ,
എന്തോ മറന്നപോൽ നീ വരയുന്നു നീല
വർണ്ണങ്ങളിൽ  ഊതവർണ്ണം പകർന്ന്.

അഴികൾ അദൃശ്യമാം ബന്ധനത്തിൽ
നിന്റെ മിഴികൾ കലങ്ങാതെ നില്ക്കാൻ
അതിഗൂഢം നീയണിഞ്ഞീടുന്ന വേഷം
കരളിൽ കനലായി നില്ക്കുമ്പോഴും

പകരുന്നു നീ മന്ദഹാസം, തൂനിലാവിൻ
നിറമോടെ നിന്നെ പുണരുവോർക്കും.
അറിയില്ലാരുമേ നിന്നെയെന്നോർത്ത്
നിന്നകതാരിൽ കാർമേഘം നിറയുന്നു.

നീ, തൊടുമ്പോഴേ വിടരാൻ കൊതിക്കും
മൃദു സൂനമാണെന്നറിയാൻ മറന്നോർ.
അടരുകൾ ദ്രുതമോടടർത്തി മാറ്റുന്നു,
നിൻ ഗന്ധമറിയാതെയാ മധു നുകരുന്നു.

ഒറ്റ തന്തികൊണ്ടായിരം രാവുകൾ
മീട്ടാൻ മോഹനകല്യാണിയുണ്ടെങ്കിലും
ഏറ്റം എളുപ്പമാ രുദ്രവീണ തന്നിലെ
ഭൂപാള രാഗമെന്നോർക്കുന്നു ലോകവും.

നിന്നെത്തിരഞ്ഞു പോകുന്നു ഞാൻ
വസന്തത്തിൻ വെണ്ണീർപ്പുരകളിലൂടെ
എങ്കിലും എന്തോ നിശബ്ദമായെന്നെ
തൊട്ടു തലോടിയകലുന്നു തേങ്ങുന്നു.
.... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment