നീചവേദം
(കഥകള്‍ )
ഇ.സന്തോഷ്
കുമാര്‍
മാതൃഭൂമി
ബുക്സ്
വില : 110 രൂപ
കഥകള്‍ സംഭവിക്കുന്നത് മനസ്സില്‍ നിന്നാണ്. കഥാകാരന്റെ മനസ്സില്‍
ഒരു കഥ രൂപം കൊള്ളുമ്പോള്‍ അതിനെ അപ്പാടെ പേപ്പറിലെഴുതി മുഴുമിക്കുകയല്ല ആദ്യം ചെയ്യുന്നത്.
അത് ആദ്യം സംഭവിക്കുത് എഴുത്തുകാരന്റെ മനസ്സിലാണ്. അവിടെയെഴുതി അതിനെ പതം വരുത്തി ഒരു
കഥയായി പുറത്തേക്ക് ഒഴുക്കുന്നത് വരെ അയാള്‍ ഒരു ഗര്‍ഭകാലത്തിന്റെ വേദനയിലും അസ്വസ്ഥതതകളിലും
ആയിരിക്കും. അങ്ങനെ പിറക്കുന്ന കഥകള്‍ക്ക് മനോഹരമായ ഒരു വായനാനുഭവം നല്‍കാന്‍
കഴിയും . ഇന്നത്തെ കഥാകാരില്‍ പലര്‍ക്കും പൂച്ചയുടെ ഗര്‍ഭം ആണെന്ന്
തോന്നിപ്പോകുന്നത് കഥകളുടെ കഥയില്ലായ്മ നല്‍കുന്ന ചിന്തയില്‍ നിന്നാകുന്നു. കഥകളെ
കഥകള്‍ ആയി കാണാന്‍ കഴിയുന്ന ഒരു ലോകത്താണ് വായനക്കാര്‍ നില്‍ക്കുന്നത്. കഥയില്‍
കഥാകാരനെ വായിക്കാന്‍ എടുക്കുന്ന പാഴ് വേലകള്‍ മാറ്റി വച്ചാല്‍ ഇത് സാധ്യമാകുകയും
ചെയ്യും. വായനയുടെ ലോകം മുന്‍വിധികള്‍ വച്ചാകാതിരിക്കുന്നത് കൊണ്ട് മാത്രമേ ഓരോ കഥയേയും
ലോകവീക്ഷണം നിറഞ്ഞ ഒരു തലത്തില്‍ നിന്നുകൊണ്ട് ആസ്വദിക്കാന്‍ കഴിയുകയുള്ളൂ എന്നാണു
ഓരോ വായനയും നല്‍കുന്ന പാഠം. എഴുത്തിലെ വേറിട്ട കാഴ്ചകള്‍ ആണ് ഇ.സന്തോഷ്കുമാറിനെ
വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. ഓരോ കഥയും ഓരോ ലോകം തുറന്നു തരുന്ന അനുഭൂതി.
ഒരു പക്ഷെ പതിവ് ഫോര്‍മാറ്റുകള്‍ നല്‍കുന്ന കഥകള്‍ക്ക് അപ്പുറം മറ്റൊരു കഥാലോകം
സൃഷ്ടിച്ചെടുക്കാന്‍ ഉള്ള എഴുത്തുകാരന്റെ ശ്രമം ആകാം ഇതിനു കാരണം. “നീചവേദം”
എന്ന കഥാ സമാഹാരം വ്യത്യസ്തമായ എട്ടു കഥകള്‍ നല്‍കുന്നു. മനുഷ്യബന്ധത്തിന്റെ
അദൃശ്യമായ ഇഴയടുപ്പങ്ങളുടെ കഥകള്‍ പറയുന്ന ഈ കഥകള്‍ പലപ്പോഴും ഒളിപ്പിച്ചു
വയ്ക്കുന്ന മൗനം ശക്തമായ ചില ചിന്തകള്‍ക്ക് വഴിമരുന്നിടുന്നവ തന്നെയാണ് .
ബൈബിള്‍ കഥകളില്‍ ഒരു പെട്ടകം ഉണ്ട് നോഹയുടെ പെട്ടകം. പ്രളയം വന്നു
ഭൂതലം ആകെ മുങ്ങിയപ്പോള്‍ എല്ലാ ജീവജാലങ്ങളുടെയും ഓരോ ജോഡിയും ആയി നോഹ എന്ന
പ്രവാചകനും കുടുംബവും കഴിഞ്ഞു കൂടിയ പെട്ടകം. ആ കഥയിലെ ശരിതെറ്റുകളില്‍ കയറിയിറങ്ങുകയല്ല
പേരിന്റെ സാമ്യം പറഞ്ഞു പോകുകയാണ് സന്ദര്‍ഭവശാല്‍. ‘പണ്ടാലയുടെ പെട്ടകം’ എന്ന
കഥയുടെ ഇതിവൃത്തം ഇതുപോലെ ഒരു കൂടാരം ആണ് . അന്‍പതു കൊല്ലത്തോളം നടത്തി വന്ന സര്‍ക്കസ്
കമ്പനി പൂട്ടിപ്പോകുമ്പോള്‍ അതിന്റെ മൃഗങ്ങളെ എല്ലാം പണ്ടാല വാങ്ങുന്നു. അതില്‍
അയാള്‍ക്ക് ലഭിക്കാതെ പോയത് കുരങ്ങിനെ മാത്രമാണ്. തന്റെ അനുയായിയെ അതിനാല്‍ പണ്ടാല
ഒരു കുരങ്ങിനെ കൊണ്ട് വരാന്‍ നിയോഗിക്കുന്നു. ഗ്രാമത്തിലെ വെളിച്ചപ്പാടായ തന്റെ ജാതിക്കാരനെ
കണ്ടു അനുയായി ഒരു കുരങ്ങിനെ പിടിച്ചു കൊണ്ട് വരുന്നു അമ്പലത്തിലെ ആല്‍മരത്തില്‍
നിന്നും . പണ്ടാലയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ്
അറിയുന്നത് അത് ഗര്‍ഭിണിയായ ഒരു കുരങ്ങ് ആയിരുന്നെന്നും അതിന്റെ കുഞ്ഞു
യാത്രാമദ്ധ്യേ പ്രസവത്തെ തുടര്‍ന്ന് മരിച്ചിരിക്കുന്നു എന്നും. കുഞ്ഞു പോയതിനാല്‍ ഉണ്ടായ പണം നഷ്ടം മാത്രം ഓര്‍ത്ത്
വിഷമിക്കുന്ന പണ്ടാല തള്ളക്കുരങ്ങിനെ തന്റെ കൂടാരത്തിലേക്ക് കൂട്ടുമ്പോള്‍ കഥ
അവസാനിക്കുന്നു. ഇക്കഥ വായിക്കുമ്പോള്‍ നീണ്ട പാരമ്പര്യത്തിന്റെ ഓര്‍മ്മ
അവസാനിപ്പിച്ചു പടിയിറങ്ങിയ ദേശീയ പാര്‍ട്ടിയെയും ഭ്രൂണഹത്യകളിലൂടെ അധികാരത്തിന്റെ
ഇടനാഴികള്‍ കയ്യടക്കിയ പുതിയ ദേശീയ പാര്‍ട്ടിയുടെയും ഓര്‍മ്മ വായനക്കാരനില്‍ ഉണര്‍ന്നാല്‍
അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് കരുതുന്നത്. ഹിംസ്രമൃഗങ്ങള്‍ നിറഞ്ഞ ആ
കൂടാരത്തിലേക്ക് ഒരു കുരങ്ങിനെ തിരഞ്ഞു നടക്കുന്ന കാഴ്ച ശരിക്കും ആനുകാലിക
ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടില്‍ വരഞ്ഞെടുത്ത ആക്ഷേപഹാസ്യമായി കാണാന്‍
കഴിയുന്നുണ്ട്. ഒരു വിഷയത്തെ എങ്ങനെ പ്രതീകാത്മകമായി പറയാം എന്നത് ഇന്നത്തെ
എഴുത്തുകാര്‍ക്ക് അധികവും കരഗതമല്ലാത്ത ഒരു കഴിവാണ് എന്നതിനാല്‍ തന്നെ സന്തോഷ്
കുമാറിന്റെ പണ്ടാലയുടെ പെട്ടകം വളരെ ഉയരത്തില്‍ നില്‍ക്കുന്ന ഒരു കഥയായി
വായിച്ചെടുക്കാന്‍ കഴിയുന്നു .
‘അളവുകള്‍’ , ‘എണ്ണവില്‍പ്പനക്കാരന്‍’ എന്നീ രണ്ടു കഥകള്‍ക്കും ഒരു എകീകതയുണ്ട്
എന്നാല്‍ അവ പ്രമേയത്തില്‍ വ്യത്യസ്തമായ തലങ്ങള്‍ കൈ കൊള്ളുകയും ചെയ്യുന്നുണ്ട് . സന്തോഷിന്റെ കഥകളില്‍ എല്ലാം
തന്നെ മനുഷ്യന്റെ നന്മയുടെ വശങ്ങള്‍ക്കൊപ്പം തന്നെ അതിനെ ചൂക്ഷണം ചെയ്യുന്ന
തിന്മകളെ വ്യക്തമായി രേഖപ്പെടുത്തുന്നത് കാണാന്‍ കഴിയാം. വില്‍പ്പനക്കാരന്റെ
തന്ത്രം പോലെ തന്നെ ഉപഭോക്താവിന്റെ തന്ത്രവും പ്രധാനം ആണ് ഓരോ കച്ചവടത്തിലും.
ആവശ്യക്കാരന്റെ നിലയനുസരിച്ചാണ് ഉത്പന്നതിനു വില നിശ്ചയിക്കുക. കപടതയുടെ മേല്‍ക്കുപ്പായം
അണിഞ്ഞ മാന്യതയാണു വിലപേശലിന്റെ തന്ത്രവുമായി എപ്പോഴും സമീപിക്കുക എന്ന സാമാന്യ
തത്വം ഇവിടെയും കാണാം. മകന്റെ മരണ കാരണമായ ഇരുചക്ര വാഹനം വില്‍ക്കേണ്ടി വരുന്ന
പിതാവ്. കടം കൊടുത്തവന്‍ നിശ്ചയിക്കുന്ന വിലയും വിശദീകരണവും ഒരക്ഷരം പറയാതെ
സമ്മതിക്കേണ്ടി വരുന്ന നിസ്സഹായത. ഒടുവില്‍ അയാളിലെ മനുഷ്യനെ ഉണര്‍ത്തി ആ പിതാവ്
യാത്രയാക്കുന്ന കാഴ്ച ഒരു ചെറിയ നോവുകൂടി പകരുകയാണ് വായനക്കാരിലും. പണം തരണ്ട എന്ന
വാക്കുകളോടെ മകന്റെ ഹെല്‍മെറ്റ് നല്‍കി ഇതുപയോഗിക്കാതെ പോയതിനാല്‍ ആണ് അവന്‍
മരിച്ചതെന്നും ഇതില്ലാതെ ഇനിയോരാള്‍ക്കും ഒരാപത്തു സംഭാവിക്കരുതെന്നും പറഞ്ഞു അത് അത്
അയാളുടെ തലയ്ക്കു പാകം ആണോ എന്ന് തിരക്കുമ്പോള്‍ തനിക്ക് തികച്ചും ചേരുന്ന അതിനുള്ളില്‍
ശ്വാസം മുട്ടുന്ന അയാളുടെ മനസ്സിനെ കഥാകാരന്‍ വിളിച്ചു കാട്ടുന്നു. അതുപോലെയാണ്
നഗരവികസനത്തില്‍ പെട്ട് പുതിയ തലമുറയ്ക്ക് അരോചകമാകുന്ന പഴയ കടയും വൃദ്ധനായ എണ്ണക്കച്ചവടക്കാരന്‍
രാമന്‍ കിടാവും. അയാളുടെ വിശ്വസ്തനായ സഹായി മുത്തുവിലൂടെ നാഗരികത ആ കടയും സ്ഥലവും
കൈക്കലാക്കാന്‍ നടത്തുന്ന ശ്രമവും , ലഹരിയുടെ നീരാളിക്കൈകള്‍ എങ്ങനെ മനുഷ്യനെ
വിവേചനബുദ്ധിയില്‍ നിന്നും അകറ്റി നിര്‍ത്തും എന്ന പാഠവും എണ്ണക്കച്ചവടക്കാരന്‍
എന്ന കഥയിലൂടെ കാണാം. തെറ്റുകള്‍ തിരിച്ചറിയുന്ന മനുഷ്യന്‍ , ഓരോ തവണയും തെറ്റ്
ചെയ്യുമ്പോഴും അയാള്‍ അനുഭവിക്കുന്ന മാനസിക വ്യഥ. അയാള്‍ ചെയ്യുന്ന പ്രായശ്ചിത്തം
ഒക്കെയും മാനുഷികമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തുന്ന കഥാരീതിയെ
പരിപോക്ഷിപ്പിക്കുന്ന സങ്കേതങ്ങള്‍ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു എന്ന്
കാണാം. ഇതുപോലെ മറ്റൊന്നാണ് ‘ആമ’ എന്ന കഥയിലെ കഥാപാത്രങ്ങള്‍. ഒരു കാലത്ത്
പട്ടണങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കടന്നു വന്ന അര്‍ബുദം ആയിരുന്നുവല്ലോ ചെയിന്‍
മാര്‍ക്കറ്റിംഗ് കച്ചവടം.സ്കൂള്‍ പഠന കാലത്ത് മിണ്ടാന്‍ പോലും കൂട്ടാക്കാത്ത
സ്നേഹിതന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കാണാന്‍ വരുന്നതിലെ അത്ഭുതവുമായി
ഇരിക്കുന്ന അയാള്‍ ഒടുവില്‍ അറിയുന്നത് താനും ഒരു കച്ചവടത്തിലെ കണ്ണി ആയി മാറി
എന്ന സത്യമാണ് . നിഷേധിക്കാന്‍ കഴിയാത്ത വണ്ണം കുടുക്കിലാക്കുന്ന മാര്‍ക്കറ്റിംഗ്
തന്ത്രത്തിന്റെ രസതന്ത്രം ഈ കഥ വെളിപ്പെടുത്തുന്നുണ്ട്. മനുഷ്യര്‍ എത്ര കൗശലക്കാര്‍
ആണെന്ന ചിന്തയില്‍ വായനക്കാര്‍ ഒരു നിമിഷം ഇരുന്നുപോയെക്കാം.
‘പിറ്റേന്ന്’ എന്ന കഥയുടെ ഇതിവൃത്തം ആധുനിക കാലത്ത്
തീവ്രവാദം പോലുള്ള ആശയങ്ങളില്‍ പെട്ട് ജീവിതം നഷ്ടപ്പെടുത്തുന്ന യൗവ്വനങ്ങളുടേതാണ്.
തന്റെ മകനെ തിരഞ്ഞു ഇറങ്ങുന്ന പിതാവ് , കൂട്ടിനു വിളിക്കുന്ന മകന്റെ
കൂട്ടുകാരനുമായി അവനെ തിരയുന്നത് കഴിഞ്ഞ ദിവസം സംഭവിച്ച സ്ഫോടനത്തിനെ തുടര്‍ന്നാണ്.
തന്‍റെ മകന്റെ ക്യാമറ മാത്രം ആ സംഭവം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയെന്ന വാര്‍ത്തയും
മകന്റെ കൂട്ടുകാരി വിളിച്ചു നശിപ്പിക്കാന്‍ പറഞ്ഞ മകന്റെ പെട്ടിയിലെ ഫോട്ടോകളും
അയാളെ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട് ആ സ്ഫോടനത്തില്‍ മകനുള്ള പങ്കു. അതുകൊണ്ട്
തന്നെ നേരിട്ട് തിരക്കാതെ അയാള്‍ കൂട്ടുകാരനെ കൊണ്ട് മകന്‍ ജീവനോടെയുണ്ടോ എന്ന
അന്വേഷണം നടത്തുകയാണിവിടെ. പോലീസ് സ്റ്റേഷന്‍ ലിസ്റ്റിലും ആശുപത്രിയിലെ മോര്‍ച്ചറിയില്‍
കൂട്ടിയിട്ടിരിക്കുന്ന ചിതറിയ ശരീരഭാഗങ്ങളിലും മകന്‍ ഇല്ല എന്ന അറിവില്‍ ഇനിയവനെ
എവിടെ തിരയും എന്ന ആശങ്കയോടെ അയാള്‍ നില്‍ക്കുന്നു. ഒരു തരത്തില്‍ ആ മരണത്തിനും ആ
പൊട്ടിത്തെറിക്കും അയാള്‍ ഒരു കാരണം കൂടിയാണ് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കഥ
മൗനമായി പങ്കു വയ്ക്കുന്നുണ്ട്. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കള്‍ എന്ത്
ചെയ്യുന്നു , ആരോടൊക്കെ കൂട്ടുകൂടുന്നു എന്നത് മനസ്സിലാക്കുകയും അവയെ ചോദ്യം
ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ് എന്ന ഓരോര്‍മ്മപ്പെടുത്തല്‍ തന്നെയാണത് പങ്കു
വയ്ക്കുന്നത് . മകന്റെ കൂട്ടുകാരന്‍ വീട്ടില്‍ ഒളിവില്‍ താമസിച്ചത് പോലുള്ള
സംഭവങ്ങള്‍ ഒക്കെ കൂട്ടി വായിക്കുമ്പോഴാണ് ഈ ചിത്രം കൂടുതല്‍ തെളിയുന്നത്. ഒരു
കണ്ണു തുറപ്പിക്കല്‍ കൂടിയാണ് ഈ കഥ എന്ന് കാണാം . ഇതേ ചിന്തയുടെ ബാക്കിയാണ് ‘ബന്ദി’
എന്ന കഥയും എന്ന് കാണാം. തിരക്കേറിയ റയില്‍വേ സ്റ്റേഷനിലെ, അംഗവൈകല്യമുള്ള
കച്ചവടക്കാരന്‍ താന്‍ തന്റെ കണ്‍ മുന്നില്‍ കണ്ടചെറുപ്പക്കാരന്റെ മരണത്തെ ഓര്‍മ്മിക്കുന്നതാണ്
കഥ . നാടും നഗരവും ഇന്ന് ഭയത്തിന്റെ
പിടിയിലാണ്. എപ്പോള്‍ വേണമെങ്കിലും
പൊട്ടിത്തെറിക്കാവുന്ന ഒരു ചാവേറിനെ നഗരത്തിലെ ഓരോ കണ്ണും ഭയക്കുന്നു. ഇത്തരം ഭയം
ഉത്തരേന്ത്യയുടെ സ്ഥിരം കാഴ്ചയാകുന്ന കാലം. ഇതിനെ കണ്ടുകൊണ്ടു വേണം ഈ കഥ
വായിക്കാന്‍. നഗരത്തിലെ ഒരു ബസ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് പോലീസ് കൂടുതല്‍
ജാഗരൂകരാകുന്നത്. വൈകി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആ യുവാവ് വണ്ടി നീങ്ങിത്തുടങ്ങുന്നത് കണ്ടു
അതിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പാഞ്ഞെത്തുന്നത്. സംശയത്തിന്റെ
മുനയില്‍ അയാളെ തടയാന്‍ ശ്രമിക്കുമ്പോള്‍ , തന്റെ വണ്ടി നഷ്ടപ്പെട്ടാല്‍ ഉള്ള
ചിന്ത ഓര്‍ത്ത് അതിലേക്ക് കയറാന്‍ അയാള്‍ ശ്രമിക്കുന്നതും പോലീസിന്റെ സംശയക്കണ്ണുകള്‍
ഉതിര്‍ത്ത വെടിയുണ്ടകള്‍ കൊണ്ട് അയാള്‍ മരിച്ചു വീഴുന്നതും ആണ് ആ കാഴ്ച.
‘മകുടി’ എന്ന കഥ സാധാരണ ഒരു സിനിമാക്കഥ പോലെ തോന്നിപ്പിച്ചു
എങ്കിലും അതിലെ ആഖ്യായന രീതി വളരെ രസാവഹമായി അവതരിപ്പിച്ചു. ടൈപ്പ്
ആയിപ്പോകുമായിരുന്ന കഥ എങ്കിലും അതിനെ ആ രീതിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍
കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു . സ്വന്തം അച്ഛനെയും അമ്മയെയും അപകടപ്പെടുത്തി
കൊന്ന മകന്‍ തന്റെ അപ്പൂപ്പന്റെ കൈയ്യില്‍ നിന്നും ആധാരം സൂക്ഷിച്ചിരിക്കുന്ന
ലോക്കര്‍ ചാവി കണ്ടെത്താന്‍ ഒരു ഹോം നഴ്സിനെ വിലക്കെടുക്കുന്നതും അവളോട് കളവു
പറഞ്ഞു വിശ്വസിപ്പിക്കുന്നതും അവള്‍ ഒടുവില്‍ അവനില്‍ നിന്നും രഹസ്യങ്ങള്‍
മനസ്സിലാക്കുകയും ചെയ്യുന്നതായിരുന്നു പ്രമേയം. അതിലും മികച്ചതും സമാഹാരത്തിന്റെ
പേരുമായ കഥ ‘നീചവേദം’ വളരെ രസാവഹമായ ഒരു ചിന്ത ജനിപ്പിക്കുന്ന കഥയാണ്. “ജബ്
സീതാ ഉംഗുലി സെ ദഹി നഹി നികല്‍ത്തി ഹേതോ തേഡാ ഉംഗുലി ലഗാന പട്ത്താ ഹെ” എന്നൊരു
ചൊല്ലുണ്ട് ഹിന്ദിയില്‍ . ചാണക്യനത് പറയുന്നത് വനത്തില്‍, നേരെ നില്‍ക്കുന്ന
മരങ്ങള്‍ മുറിക്കപ്പെടും വളഞ്ഞു നിന്നാല്‍ നിലനില്‍ക്കും എന്നാണ്. ഈ കഥയും പറയുന്നത്
അത് തന്നെ. കുട്ടികള്‍ക്ക് സത്യാന്വേഷണപരീക്ഷണങ്ങള്‍ വായിക്കാന്‍ കൊടുത്തിട്ട്
ഇക്കാലത്ത് കാര്യമില്ല എന്നും അവര്‍ ജീവിക്കുന്നത് മത്സരങ്ങളുടെ ലോകത്തായതിനാല്‍
അവര്‍ക്കത് ജീവിത പരാജയം വരുത്തുകയെ ഉള്ളൂ എന്ന് പറയുന്ന സാധു ഈ കഥയുടെ ജീവബിന്ദു
ആണ്. ഇന്നത്തെ കാലത്ത് ജീവിക്കാന്‍ ഉതകുന്ന ഒരു വേദ പുസ്തകം എഴുതാന്‍ ഉള്ള ശ്രമത്തില്‍
ആണ് അത് . ഭഗവത്ഗീത എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ആ തലത്തില്‍ വായിക്കാന്‍
പറ്റിയ മാതൃകാ പുസ്തകം ആണെങ്കിലും വിവാദം ഭയന്നാകം ആ കാര്യം അറിയാത്ത പോലെ
നടിക്കുന്നുണ്ടോ എഴുത്തുകാരന്‍ എന്ന് ശങ്കിച്ച്. അപരിചിതനായ ആ സാധു മനുഷ്യന്‍ കഥാനായകനെ നടത്തുന്ന വഴികളില്‍ ഒക്കെയും
ഒരു ചതിയുടെ മണം ശ്വസിച്ചു അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറായി നടക്കുന്ന
വായനക്കാരനെ അവസാനം വരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ വിജയമായി എടുത്തു
പറയാവുന്നത്.
കഥകളുടെ ലോകത്ത് സ്ഥിരപ്രതിക്ഷ്ഠ നേടാന്‍ യോഗ്യനായ ഒരു കഥാകാരന്‍
ആണ് താനെന്നു ഇ.സന്തോഷ് കുമാര്‍ ഈ കഥാ സമാഹാരത്തിലൂടെ ഉറപ്പിക്കുന്നു. കൂടുതല്‍
വായനകള്‍ ആവശ്യപ്പെടുന്ന ഈ എഴുത്തുകാരന്‍ ഭാവിയുടെ കഥാലോകത്ത് തന്റെതായ ഒരു സ്ഥാനം
ഇപ്പോഴേ ഉറപ്പിച്ചിരിക്കുന്നു. “അന്ധകാരനഴി” എന്ന നോവലിലൂടെ കേരള സാഹിത്യ
അക്കാദമി അവാര്‍ഡ് ജേതാവായ ഈ എഴുത്തുകാരന്റെ കൂടുതല്‍ എഴുത്തുകള്‍ വായിക്കാന്‍
കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment