Tuesday, March 19, 2019

ക്ഷണികമാണീ പ്രണയവും ജീവനും.

ക്ഷണികമാണീ പ്രണയവും ജീവനും.
............................................................
ക്ഷണമാത്രയിൽ അപരിചിതരാകുന്നവർ
ഓർമ്മകളിൽ, തീക്കുട ചൊരിയുമ്പോഴാകണം
പ്രണയം എത്ര പൊള്ളിക്കുന്നതൊന്നെന്ന്
പ്രപഞ്ചം അറിയുന്നതും അലയുന്നതും.

അച്ചുതണ്ട് നഷ്ടമായ ഭൂമിക്ക് കറങ്ങാൻ
ആകാശമേ ! നീ ഒരു കുടയായിടുകിനി.
ദിശ നഷ്ടമായൊരതിൻ യാത്രയിൽ തുണ-
യായി, വെളിച്ചമണക്കാതിരിക്കുക തെല്ലുമേ.

പതിച്ചീടുന്നുവോ അന്ധകാരഗുഹയിൽ
കുഞ്ഞു വെളിച്ചവും വായുവുമില്ലാതെ.
ജലമാണ് ജീവനെന്നോർത്താകാം നാവു
വരളുമ്പോഴും കണ്ണു നനഞ്ഞങ്ങിരിപ്പത്.

പരിഭവങ്ങൾക്കില്ല തെല്ലും നേരവും, കാല-
പരിരംഭണത്തിൻ കാത്തിരിപ്പിന്നസാദ്ധ്യവും.
ഇരുളട്ടെ, പതിവുപോൽ പുലരട്ടെയെങ്കിലും
പഴുതൊട്ടുമില്ലതു കാൺകിലെത്ര മനോഹരം.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment