Sunday, March 31, 2019

മാര്‍ച്ച് മാസം പതിവ് തെറ്റിച്ചിട്ടില്ല


മാര്‍ച്ച് മാസം പതിവ് തെറ്റിച്ചിട്ടില്ല

അല്ലേലും ചില പതിവുകള്‍ അങ്ങനെയാണ് 
മുടക്കമില്ലാതെ കടന്നു വരും .
പ്രത്യേകിച്ചും, എല്ലായ്പ്പോഴും
മാര്‍ച്ച് കൊണ്ട് മുറിവേല്‍ക്കുന്നവരില്‍.
ഏറെ തിളക്കത്തോടെയും
ഏറെ പ്രതാപത്തോടെയും ആണ്
ഓരോ പ്രണയവും ഹൃദയത്തിലേക്ക് കടന്നു വരിക.
ഒത്തിരിയൊത്തിരി സ്വപ്‌നങ്ങള്‍
പ്രതീക്ഷകള്‍
മോഹങ്ങള്‍
വാഗ്ദാനങ്ങള്‍
അതങ്ങനെ അനസ്യൂതം പ്രവഹിക്കും.
(വെറും വാക്കിന്റെ എന്തും എല്ലില്ലാത്ത നാക്കിനു പ്രയോഗിക്കാമല്ലോ.)
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് പറയാം
നമുക്ക് ഒന്നിച്ചു ഒരായിരം കനവുകള്‍ കാണാം,
ഒരിക്കലും , മരണമല്ലാതെ ഒന്നുംതന്നെ
നമ്മെ വേര്‍തിരിക്കില്ല,
നീ എന്നെ വിട്ടുപോയാലും
ഞാന്‍ വിട്ടുപോകില്ല എന്നുമൊക്കെ പറയാം.
നമുക്കിടയില്‍ ശരീരം ബന്ധനം അല്ലെന്നു വാശി പിടിക്കാം.
അതിരുകളുടെ രേഖാംശവും അക്ഷാംശവും വരച്ചു
കഴുത്തില്‍ തൂക്കിയിട്ടുകൊണ്ട് പ്രണയം തുടങ്ങാം.
പ്രണയത്തിന്റെ ഏതെങ്കിലും ദിശാസന്ധിയില്‍
ഉപരോധങ്ങളുടെ തിരശീല മാറ്റപ്പെടുമ്പോള്‍
ഉപാധികളുടെ പ്രണയം നിശ്ചലമാകുകയും
പടിവാതില്‍ തഴുതിട്ടു
എന്റെ ആത്മാവിന്റെ ചിതയിലേക്ക്
ഞാനെന്നെ എറിയുന്നു എന്ന വിലാപത്തോടെ നടന്നകലുകയും ചെയ്യണം.
ഒരിക്കലും വേര്‍പെടില്ല എന്ന വാക്കും
എന്നും ഒരുനേരം കാണണം എന്ന വാഗ്ദാനവും
ശ്വാസം മുട്ടി കുരുങ്ങി ഊർദ്ദം വലിക്കുന്ന പകലുകള്‍ക്ക്
പ്രണയം എന്തെന്ന് അറിയില്ലല്ലോ.
ഒന്നും സ്ഥിരമല്ല ലോകത്തില്‍
എല്ലാം ചാക്രികമായ ഒരു ചലനമല്ലോ
ഒരു പൂവില്‍ നിന്നും മറ്റൊരു പൂവിലേക്കുള്ള യാത്ര
ഭാഗ്യം തേടി,
പ്രണയം എന്തെന്ന് തേടി
ശലഭത്തിന്റെ യാത്ര തുടരും.
ഒടുവില്‍ ,
ഇതാണ് പ്രണയം എന്ന ഉടമ്പടിയില്‍
ഒത്തുതീര്‍പ്പുകളില്‍ വീണു
നെടുവീര്‍പ്പിന്റെ ചിറകടികള്‍ അനുഭവിച്ച്,
ഇടനെഞ്ചില്‍ പ്രാവിന്റെ കുറുകല്‍ കേട്ട്
നീലാകാശത്തെ ഉള്ളിലേക്കാവാഹിക്കണം.
മഴവില്ലുകള്‍ വിരിയുമെന്നും
വെള്ളിമേഘങ്ങള്‍ കൂട് കൂട്ടുമെന്നും
മഴയിരമ്പം കടന്നുവരുമെന്നും
കടപുഴക്കിയോഴുക്കി കടലില്‍ ചേർക്കുന്നൊരു
പ്രളയം വരുമെന്നും
കനവു കാണണം.
നഷ്ടപ്പെടലുകളുടെ മാര്‍ച്ചിനു
വിരഹത്തിന്റെ നിറം നല്കിയതാരെന്നു ചോദിക്കണം.
ഗുല്‍മോഹറുകള്‍ ചിതറി വീണ പാതയോരങ്ങള്‍,
ഉണങ്ങിയ നദിയുടെ മാറില്‍
പിടയുന്ന മാനത്തുകണ്ണികൾ,
മാമ്പൂമണം
കശുമാവിൻ തോട്ടം
ഓര്‍മ്മകള്‍ മേയുന്ന സായാഹ്നങ്ങള്‍
കടല്‍ത്തീരം
ഒക്കെ ചിത്രങ്ങളായി പടരണം.
ഇരുട്ടിനു മാത്രം നിറം കൊടുക്കാന്‍ കഴിയാത്തതില്‍
കണ്ണിനോടു കലഹിക്കണം. .
വിരഹത്തിന്റെ മാര്‍ച്ചിന്,
വേദനയുടെ മാര്‍ച്ചിന്
നന്ദി പറഞ്ഞു കൊണ്ട് അകലണം
ആരോടും പറയാതെ
യാത്ര പറയാതെ .......
...ബിജു.ജി. നാഥ് വര്‍ക്കല







No comments:

Post a Comment