പ്രജാപതിയുടെ തലച്ചോർ
..........................................
ഉച്ചയൂണും കഴിഞ്ഞു പ്രജാപതിയുടെ തലച്ചോര്‍ എങ്ങനെ ഭരണം നിലനിര്‍ത്താം എന്നുള്ള തന്ത്രങ്ങള്‍ ഒന്നുകൂടി വിലയിരുത്താന്‍ വേണ്ടി തന്റെ ടാബ് എടുത്തു തുറന്നു വച്ച് വിസ്തരിച്ചു കിടന്നു വിരൽ കൊണ്ട് വരയ്ക്കാന്‍ തുടങ്ങി അതില്‍. ഓരോ തന്ത്രങ്ങള്‍ ചിന്തിക്കുമ്പോഴും തലച്ചോറിന്റെ തലച്ചോറില്‍ അതിര്‍ത്തി രാജ്യത്തിന്റെ ഓര്‍മ്മ അര്‍ശസ്സിന്റെ ചൊറിച്ചില്‍ പോലെ കയറി വന്നും പോയും ഇരുന്നു . തുടങ്ങിയപ്പോള്‍ പത്തു നാല്‍പ്പത് കാലാള്‍പ്പടയെ ചുമ്മാ കത്തിച്ചു കൊണ്ട് ആണ് പ്രചരണത്തിന്റെ തേങ്ങാ ഉടച്ചതെങ്കിലും അതങ്ങോട്ട് ഏശിയോ എന്നൊരു സംശയം. കാട്ടില്‍ കൊണ്ട് ആഗ്നേയാസ്ത്രം ഇട്ടു കുറച്ചു പറങ്കിമാവ് കത്തിച്ചെങ്കിലും അതിലെ വിളഞ്ഞു കിടന്ന കശുവണ്ടി ചുട്ടു കിട്ടിയ സന്തോഷത്തില്‍ ശത്രുക്കള്‍ വയര്‍ നിറച്ചത് കണ്ടപ്പോള്‍ തന്നെ ദഹനക്കേട് തോന്നിത്തുടങ്ങിയതാണ് . വെറുതെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഗൂഗിള്‍ മാപ്പ് എടുത്തു അംഗരാജ്യത്തിന്റെ അതിരുകള്‍ നോക്കുമ്പോള്‍ ആണ് താഴെയായി കടലില്‍ ചേര്‍ന്ന് നിറയെ പച്ച പുതച്ചു കിടക്കുന്നത് കണ്ണില്‍ പെട്ടത്. ഞെട്ടി എഴുന്നേറ്റ തലച്ചോര്‍ ഉടനെ മുഖ്യ സൈന്യാധിപനെ അടിയന്തിരമായി വിളിപ്പിച്ചു.
“എടോ നീ ഇത് കണ്ടോ... നെനക്കോക്കെ കിടന്നുറങ്ങുവാന്‍ ആണോ ശമ്പളം തരുന്നത് . ?”
കാര്യം അറിയാതെ സേനാധിപന്‍ തല ചൊറിയുകയും രഹസ്യമായി ഒരു പൊരി വിടുകയും ചെയ്തു .
“എന്താണ് പ്രഭോ ....”
“തേങ്ങ ....” ഒറ്റ ആട്ടായിരുന്നു തലച്ചോര്‍ . “ എടൊ ഇത് കണ്ടോ. ലവന്മാര്‍ തലയില്‍ നിന്നും വാലിലേക്ക് മാറി. നിനക്ക് കണ്ണ് കണ്ടുകൂടെ?
പേടിച്ചു യൂണിഫോം നനച്ചു സൈന്യാധിപന്‍ നോക്കി പിന്നെയും പിന്നെയും. എവിടെ , എന്ത് . .. എനിക്കൊരു മൈരും മനസ്സിലാകുന്നില്ല എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് . അയാള്‍ തലച്ചോറിനെ നോക്കി വിഡ്ഢിയെപ്പോലെ നിന്നു.
“എടൊ ഇത് കണ്ടോ വേഗം മിസൈലുകള്‍ ഫോക്കസ് ചെയ്യ് ഇവിടെ . ഇത് കണ്ടോ ശത്രുക്കള്‍?”
ഇങ്ങേര്‍ക്കിത് എന്തിന്റെ കേടാണ് . സ്വന്തം രാജ്യത്ത് മിസൈല്‍ വിട്ടു കളിക്കാന്‍ ഇങ്ങേര്‍ക്ക് തലക്ക് ഓളം ഉണ്ടോ.. “ പ്രഭോ അത് നമ്മുടെ തേങ്ങാപ്പറമ്പ് അല്ലേ. അവിടെ എന്തിനാണ് മിസൈല്‍?”
കണ്ണുപൊട്ടുന്ന കുറച്ചു സംകൃത തെറികള്‍ തലച്ചോര്‍ ഏ കെ ഫോര്‍ട്ടി സെവനില്‍ നിന്നെന്ന പോലെ പുറത്തേക്ക് തുപ്പി . “എടൊ ഇത് ശ്രദ്ധിക്കൂ മരക്കഴുതെ .. മുഴുവന്‍ പച്ച നിറം കണ്ടോ ...ഇത് അവരാ ശത്രുക്കള്‍ . തകര്‍ത്തുകള മൊത്തം . ഒറ്റ ഒരെണ്ണം രക്ഷപ്പെടരുത്.”
“പ്രഭോ അത് നമ്മുടെ തേങ്ങാപ്പുരയിടം ആണ് . അവിടത്തെ തെങ്ങുകള്‍ ആണ് ആ പച്ച നിറം . അത് തകര്‍ത്താല്‍ രാജ്യത്ത് അങ്ങയുടെ പ്രജകള്‍ക്ക് കൊടുക്കാന്‍ പിണ്ണാക്ക് എവിടുന്ന് കൊണ്ട് വരും . ചൈനക്കാര്‍ വലിയ തുക ഈടാക്കി ഡൂപ്ലിക്കേറ്റ് തരുന്നത് വാങ്ങിയാ ശരിയാവോ.”
തലച്ചോര്‍ കുറച്ചു നേരം ആലോചിച്ചു നിന്ന്. പിന്നെ മാപ്പ് സൂം ചെയ്യാന്‍ തുടങ്ങി . ശരിയാ അത് പച്ച നിറം..... തെങ്ങിന്റെ ഓലകള്‍ ആണ് . അമളി മനസ്സിലാക്കിയ തലച്ചോർ അമിട്ട് പൊട്ടിയ പോലൊരു ചിരി ചിരിച്ചു എന്നിട്ട് ഇങ്ങനെ പറഞ്ഞു
“നീയൊക്കെ ബുദ്ധി ഉപയോഗിക്കുന്നോ എന്നറിയാന്‍ ഞാന്‍ ഒരു ടെസ്റ്റ് നടത്തിയതാ ശരി ശരി പോയി പിണ്ണാക്ക് കലക്ക് പിള്ളേര്‍ക്ക് കൊടുക്കാന്‍ .”
സൈനാധ്യപിനെ പറഞ്ഞു വിട്ട ശേഷം തലച്ചോറ് ടാബ് അടച്ചു വച്ച് തന്റെ അമളി സ്വയം ആസ്വദിച്ചു പതിയെ മൂലക്കുരു തടവിക്കൊണ്ട് കിടന്നു . പിന്നെ നിറയെ നാളികേരങ്ങള്‍ നിറഞ്ഞ ഒരു പറമ്പില്‍ കാറ്റും കൊണ്ട് കിടക്കുന്ന സ്വപ്നം കണ്ടുറങ്ങാന്‍ തുടങ്ങി .
.....ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment