Monday, April 29, 2019

അമ്മ കുഞ്ഞിനെ കൊന്നു

*അമ്മ കുഞ്ഞിനെ കൊന്നു.*

--------------------------------

ഏറ്റവും വലിയ ക്രൂരതയുടെ മനുഷ്യമുഖമായി പൊതു സമൂഹം ആ അമ്മയെന്ന സ്ത്രീക്ക് നേരെ വാള്‍ ഉയര്‍ത്തുകയായി. അവളെക്കുറിച്ച് ഇതിലും കടുത്തത്‌ എന്ത് പറയും എന്ന ചിന്തയില്‍ പരക്കം പായുകയായി. തെളിവെടുപ്പിന് കൊണ്ട് വരുമ്പോള്‍ കല്ലെറിയുകയും തെറി വിളിക്കുകയും ശാപം ചൊരിയുകയും ആയി. ജയിലില്‍ സഹതടവുകാര്‍ കൈ വച്ചാലും ആയി . പോലീസുകാര്‍ക്കും ആ സ്ത്രീ മഹാ കുറ്റവാളിയാണ് . കാരണം ഒന്നേയുള്ളൂ . അവള്‍ അമ്മയാണ് . അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലാന്‍ പാടില്ല. ആ അമ്മയെന്ന സ്ത്രീ ആ കുറ്റകൃത്യത്തിലേക്ക് വന്ന സാഹചര്യങ്ങളിലേക്കും കാര്യ കാരണങ്ങളിലേക്കും സഞ്ചരിക്കും മുന്നേ ചില കാര്യങ്ങള്‍ ഒന്ന് പരിശോധിക്കാം.

സമൂഹം പൊതുവേ അക്രമങ്ങള്‍ , ക്രൂരതകള്‍ എന്നിവയ്ക്കൊക്കെ എതിരാണ് എന്നാണു പൊതു തത്വം . അതാണ്‌ പുറമെയുള്ള മനോഭാവം. ഇതേ ജനത്തിന്റെ ചില സ്വാഭാവിക പ്രതികരണങ്ങളിലേക്ക് ഒന്ന് കടന്നുചെല്ലാം. ഒരു ക്രൂരകൃത്യം നടന്നാല്‍ ആദ്യം സമൂഹം പ്രതികരിക്കുക എന്താണ് ? കൊന്നു കളയണം അവനെ / അവളെ. വെട്ടിക്കീറണം അവളെ/ അവനെ. പച്ചയ്ക്ക് കത്തിക്കണം അവനെ/ അവളെ. കല്ലെറിഞ്ഞു കൊല്ലണം അവനെ/ അവളെ. ഇവിടെയെല്ലാം സമാധാന കാംക്ഷികള്‍ ആയ ജനം അഭിപ്രായപ്പെടുന്നത് കൊല്ലുവാന്‍ ആണ് . പക്ഷെ അതില്‍ അവര്‍ക്ക് തിന്മ അല്ല നന്മ ആണ് ദര്‍ശിക്കാന്‍ കഴിയുക. കാരണം വലിയ തിന്മ ചെയ്തവർക്കെതിരെയാണല്ലോ അവര്‍ ഈ സാമൂഹ്യ വിധി നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നത്. ഇനി മറ്റു ചില സാഹചര്യങ്ങളെ , കാഴ്ചകളെ നോക്കാം. രോഗം വന്ന് അവശതയില്‍ ആയ, ഇനി ഒരു തിരിച്ചു വരവ് അല്ലെങ്കില്‍ രോഗവിമുക്തി ഇല്ലാതെ കിടപ്പിലായ ഒരു രോഗി (ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയാകാം)യെ കാണാന്‍ വരുന്നവരുടെ മനസ്സിലും ഇതിലും ഭേദം മരിച്ചു പോകുന്നതാണ്. എന്നൊരു ചിന്ത വരാതിരിക്കില്ലല്ലോ . ചിലര്‍ അത്തരം രോഗികളുടെ സൗകര്യാര്‍ത്ഥം ചിലപ്പോള്‍ കൊന്നുകളഞ്ഞാലോ എന്ന് ചിന്തിക്കാറും ഉണ്ട് . (ശരിക്കും അവര്‍ക്കത് ചെയ്യാന്‍ കഴിയില്ലെങ്കിലും). മറ്റൊന്ന് അമ്മമാര്‍ / അച്ഛന്മാര്‍ മക്കളോട് കുരുത്തക്കേടുകളുടെ നെല്ലിപ്പടി കാണുമ്പോള്‍ അവരോട് തന്നെ പറയാറുണ്ട്‌ കൊന്നുകളയും , പോയി ചത്തുകൂടെ എന്നൊക്കെ. (അവരും അത് ചെയ്യാന്‍ വേണ്ടിയല്ല പറയുന്നത് എങ്കിലും) . ചില ഗര്‍ഭങ്ങള്‍ക്കും ഈ ഗതി വരാറുണ്ട് . ഈ കുഞ്ഞിനെ വേണ്ട ഇതിനെയങ്ങു കൊന്നുകളഞ്ഞാലോ? ഇത് അലസിപ്പോയാ മതിയായിരുന്നു. തുടങ്ങിയ ചിന്തകള്‍ അമ്മമാരുടെയും, അച്ഛന്മാരുടെയും, സമൂഹത്തിലും ഉണ്ടാകാറുണ്ട് . ഇല്ല എന്ന വാദം എത്രത്തോളം നീതിയുക്തമാണ് എന്ന് അതുയര്‍ത്തുന്നവര്‍ ചിന്തിക്കുക.

ഇനി ആ അമ്മയിലേക്കും സമാനമായ അമ്മമാരിലേക്കും ഒന്ന് സഞ്ചരിക്കാം. മിക്കവാറും ഇത്തരം പ്രവര്‍ത്തനം ചെയ്ത അമ്മമാര്‍ ഒക്കെയും ജീവിക്കുന്ന സാഹചര്യങ്ങള്‍ ആണ് ആദ്യം നോക്കേണ്ടത്. ഒരുപക്ഷേ അവര്‍ ഭിന്നമതങ്ങളില്‍ നിന്നും ഒന്നിച്ചവര്‍ ആകാം. അതല്ലെങ്കില്‍ സ്ത്രീധനം, സാമ്പത്തികം, പ്രണയം (ഒരേ മതം പക്ഷേ രണ്ടു ജാതി), വിദ്യാഭ്യാസം, നിറം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട്  ഭര്‍ത്താവിന്റെ വീട്ടില്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ മാനസിക സംഘര്‍ഷങ്ങളില്‍ ജീവിക്കുന്നവര്‍ ആകാം. ഇഷ്ടമില്ലാതെ പിറന്ന കുട്ടിയാകാം. മറ്റാരുടെയോ കൂടെ ഉള്ള ബന്ധത്തിലോ , ഏതെങ്കിലും ലൈംഗിക ആക്രമണങ്ങളില്‍ കൂടി (ഗാര്‍ഹികം ആകാം പുറമേ ഉള്ളതാകാം) ഉണ്ടായ പുറത്തു പറയാന്‍ കഴിയാത്ത ജന്മത്തിന്റെ ഉടമയായ കുഞ്ഞാകാം. അതുമല്ലെങ്കില്‍ ഇവയിലൊക്കെയും പെടാത്ത വളരെ പ്രധാനമായ ഒരു സംഗതിയായ മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ഒരാള്‍ ആകാം ആ അമ്മ. രോഗം ഒരു കുറ്റം അല്ല അത് കണ്ടെത്തി ചികിത്സിക്കാന്‍ കൂടെയുള്ളവര്‍ ആണ് ശ്രദ്ധിക്കേണ്ടത്. സംഘര്‍ഷ ഭരിതമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ ആകാം ആ അമ്മ ജീവിക്കുന്നത്. ഗര്‍ഭിണികളിലും , പ്രസവിച്ച സ്ത്രീകളിലും ആദ്യ കാലങ്ങളില്‍ കണ്ടു വരുന്ന മാനസികരോഗം (antinatel / post natel ) മൂലം സ്ത്രീകളില്‍ depression, anxiety, bipolar disorder എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട് . ഇത് മൂലം എന്ത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍  നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവരിൽ ചില ലക്ഷണങ്ങള്‍ . അവരില്‍ ഇതിനു മുന്‍പ് ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ ആണെങ്കില്‍ . ചിലര്‍ക്ക് തങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട് നഷ്ടമാകുന്നു എന്ന തോന്നല്‍, ബന്ധത്തില്‍ വളരെ വലിയ വിള്ളല്‍ സംഭവിക്കുന്നു എന്ന് തോന്നല്‍ , ഇതിനു മുന്‍പോ ശേഷമോ സംഭവിക്കുന്ന ആക്രമണങ്ങള്‍ , മരുന്നുകളോ മദ്യമോ ഉപയോഗിക്കുന്നവര്‍  തുടങ്ങിയവരില്‍ ആണ് ഈ പറഞ്ഞ പ്രശ്നങ്ങള്‍ സംഭവിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളത്.  ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരെ എങ്ങനെ കണ്ടാല്‍ തിരിച്ചറിയാം എന്ന് നോക്കാം. എപ്പോഴും വിഷാദമൂകരായി/ ചിന്താകുലര്‍ ആയി  ഇരിക്കുന്നുവെങ്കില്‍ , ഏതൊരു കാര്യവും ചെയ്യാന്‍ തുടങ്ങുമ്പോള്‍ നെഗറ്റീവ് ആയി മാത്രം ചിന്തിക്കുകയോ പെരുമാറുകയോ ചെയ്യുന്നുവെങ്കില്‍ . താത്പര്യമില്ലായ്മയോ , പ്രതീക്ഷയില്ലായ്മയോ വാക്കിലും പ്രവര്‍ത്തിയിലും കാണുന്നുവെങ്കില്‍, രണ്ടാഴ്ചയില്‍ കൂടുതല്‍ ദുഃഖിതരായി തുടരുന്നുവെങ്കില്‍, ആക്രമകാരിയോ , പൊട്ടിത്തെറിക്കലോ വിദ്വേഷമോ പ്രകടിപ്പിക്കുന്നുവെങ്കില്‍ അവരില്‍ ഈ പറഞ്ഞ മാനസിക പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കാം . ഇവയെ അവഗണിക്കുകയോ , കൂടുതല്‍ ആക്ഷേപങ്ങളോ , ദേഷ്യമോ ശാസനകള്‍ , മര്‍ദ്ദനം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇത് വര്‍ദ്ധിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂ.

ജീവിക്കുന്ന സാഹചര്യങ്ങള്‍ നല്ലതല്ലാ എങ്കില്‍ , വീട്ടുകാരുടെ സഹകരണങ്ങള്‍ മാനുഷികമല്ലെങ്കില്‍ തീര്‍ച്ചയായും കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടും. സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സമൂഹം തന്നെ വിമര്‍ശിക്കാനും ക്രൂശിക്കാനും പുറപ്പെടുന്നതിനെ മാനുഷികം എന്നാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങളില്‍ സാരമായ പ്രശ്നങ്ങള്‍ ഉണ്ട്. സ്വന്തം തെറ്റുകള്‍ മാറ്റി വച്ച് നോക്കൂ നിങ്ങള്‍ നല്ല പിള്ള ചമയുകയാണ്. കാര്യങ്ങള്‍ മനസ്സിലാക്കാതെ , അതിനു ശ്രമിക്കാതെ നിങ്ങള്‍ വിരല്‍ ചൂണ്ടുകയാണ്. നിങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ക്രൂരതയുടെ മൃദുലഭാഷ്യമാണ് നിങ്ങളെ വിരല്‍ ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നീണ്ട ലേഖനങ്ങള്‍ എഴുതും. ഞാനുമൊരമ്മയാണ്, എനിക്കെന്റെ കുഞ്ഞിനെ കൊല്ലാന്‍ തോന്നുകയില്ല എന്ന് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കും . നോക്കൂ ആ അമ്മമാര്‍ എന്തുകൊണ്ട് അവരുടെ കുഞ്ഞുങ്ങളെ കൊല്ലുന്നില്ല എന്ന് നിങ്ങള്‍ തെളിവ് നല്‍കാന്‍ ശ്രമിക്കും . കാരണം നിങ്ങള്‍ ശ്രമിക്കുന്നത് നിങ്ങളിലെ ശരിയെ നിങ്ങളുടെ മാത്രമായ കാഴ്ചപ്പാടിലൂടെ നിങ്ങളുടെ മാത്രം ശരികളിലൂടെ വിലയിരുത്താനും വിധിയെഴുതാനും ആണ് . ചിന്തിക്കുക . ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഓരോ അപകടങ്ങളെയും സംഭവിക്കാന്‍ വഴിയൊരുക്കിക്കൊടുക്കുകയും അത് സംഭവിച്ചു കഴിഞ്ഞു അതിനു നേരെ അപലപിക്കുകയും ചെയ്യുന്ന സ്വാഭാവിക മനുഷ്യ പ്രവര്‍ത്തിയാണ് നിങ്ങള്‍ പിന്തുടരുന്നത്. മാറേണ്ടത് ആരാണെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. രക്ഷിക്കാന്‍ നമുക്ക് കഴിയും പക്ഷെ ശിക്ഷിക്കാനേ നമുക്ക് മനസ്സുള്ളൂ എങ്കില്‍ നമ്മള്‍ മനുഷ്യര്‍ തന്നെയാണോ എന്ന് ചിന്തിക്കുക.

*ബി.ജി.എന്‍ വര്‍ക്കല*

No comments:

Post a Comment