Sunday, April 21, 2019

ഓര്‍മ്മകള്‍ മരിക്കുന്നില്ല.


ഓര്‍മ്മകള്‍ മരിക്കുന്നില്ല.
-----------------------------------
കടലോരമൊരു കൊച്ചുമുറിയില്‍ അന്ന്
കനവിന്റെ തേരില്‍               നാമൊരുമിച്ചതോര്‍ക്കുന്നു.
കടലിരമ്പം കേട്ട് ഞാന്‍ നിന്റെ ചാരത്ത്
കടല കൊറിച്ചങ്ങിരുന്നൊരാ സന്ധ്യയും .

ഒരു കൊച്ചു ഞണ്ടെന്റെ പാദമുരുമ്മി
ഒരുവാക്ക് പറയാതെ പോയതുമോര്‍ക്കുന്നു.
ഒളികണ്ണാലെന്നുടെ കൈയ്യില്‍ നോക്കി,
ഒരു കാക്ക കാത്തിരിക്കുന്നതും കണ്ടു ഞാന്‍.

കാലുകള്‍ നനയ്ക്കുവാന്‍ മത്സരിച്ചെത്തിയ
കടലിന്‍ കുസൃതിയെ നോക്കിഞാനുച്ചത്തില്‍
കളിയാക്കി നില്‍ക്കുന്ന വേളയിലെന്നുടെ
കാല്‍ വലിച്ചിട്ടൊരു തിരയെ ഞാനോര്‍ക്കുന്നു.

അസ്തമയം ചോര പടര്‍ത്തിയ വാനവും
അലറിയാര്‍ക്കുന്ന കടലിന്റെ വിങ്ങലും
അരുമയോടന്നു നോക്കി ഞാന്‍ നിന്നുടെ
അരികില്‍ ഇരുന്നത് മറക്കുവാനാകുമോ ?

മഴയില്‍ കുളിച്ചു നാം തിരികേ നടന്നതും
മനസ്സില്‍ ആനന്ദത്തിരകള്‍ നിറഞ്ഞതും
മിഴികള്‍ പൊത്തി ഞാന്‍ നില്‍ക്കവേ നീ
മധുരമായെന്‍ ചുണ്ടില്‍ മുത്തിയതോര്‍ക്കുന്നു.

നഗ്നമാമെന്നുടല്‍ തന്നുയര്‍ത്താഴ്ചകള്‍ 
നിര്‍ലജ്ജം നീ ഉമ്മപ്പൂക്കളാല്‍ നിറച്ചതും
നാഴികകള്‍ നീളുന്ന മദനോത്സവങ്ങളില്‍
നാണം മറന്നു നാം മുഴുകിയതുമോര്‍ക്കുന്നു.

വര്‍ഷങ്ങള്‍ എത്ര കടന്നു പോയ് പിന്നെ
വാക്കുകള്‍ മറന്ന പകലുകള്‍ വന്നു പോയ്‌.
വേദന നല്കുന്നൊരോര്‍മ്മയായ് നീയിന്നീ
വാര്‍ത്തയില്‍ തെളിയുന്നമുഖമായിടുന്നുവോ?

കാത്തിരിപ്പിന്‍ കൊടുംകാലം കഴിഞ്ഞുവോ
കണ്ണീര്‍പ്പുഴകള്‍ വരണ്ടു കഴിഞ്ഞല്ലോ.
കേവലം സ്വപ്നമായി മാറുന്നുവോ നമ്മള്‍
കണ്ടു മുട്ടിയോരാ കടല്‍ സന്ധ്യയും രാവുമേ?
----------ബിജു .ജി.നാഥ് വര്‍ക്കല


No comments:

Post a Comment