Friday, April 12, 2019

അച്ഛൻ പിറന്ന വീട് ......... വി. മധുസൂദനൻ നായർ

അച്ഛൻ പിറന്ന വീട് (കവിത)
വി.മധുസൂദനൻ നായർ
ഡി.സി.ബുക്സ്
വില: 175 രൂപ

വൃത്തവും അലങ്കാരങ്ങളും നിബന്ധനകളും രീതികളും ഒക്കെ ചേർന്ന് വളരെ ഭദ്രമായി കുറച്ചു പേർ കൈയ്യടക്കി വച്ചിരുന്ന കവിതയെ ഒരു കാലത്ത് സ്വായത്തമാക്കാനും ഭാഗഭാക്കാകാനും വേണ്ടി സംസ്കൃതം പഠിച്ചവരാണ് കവികൾ. വർണ്ണവ്യവസ്ഥ നിലനിന്ന കേരളവും സാംസ്കാരികമായ ഉന്നമനങ്ങളിൽ പൊതുവേ ഭാരതം പിന്തുടർന്ന ജാതിഭോഷ്ക് പിന്തുടർന്നു പോന്നിരുന്നു. അതിനാൽ തന്നെ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാകവിക്കു പോലും കാലത്തിന്റെ അശ്വ വേഗതയിൽ ഊരും പേരും നഷ്ടമായത് നാം കാണുന്നു. കവിത ഒരു കാലത്ത് വരേണ്യതയുടെ കുത്തകയായിരുന്നു. ഉണ്ട് രമിച്ചുറങ്ങാനായി  മാത്രം പിറവിയെടുത്തവർ എന്നു സ്വയം അടയാളപ്പെടുത്തിയ അവർ സമയം പോക്കാൻ വേണ്ടി രചിച്ചു കൂട്ടിയ മണിപ്രവാളങ്ങളും ദേവതാസ്തുതികളും പുരാണ കഥകളുടെ കാവ്യവത്കരണങ്ങളും രാജ സ്തുതി ( സമ്മാന ലഭ്യതയുടെ ആവശ്യകതയിലേക്ക്) യും കൊണ്ടു നിറഞ്ഞിരുന്നു. കൊട്ടാരക്കെട്ടുകളിലും ഇല്ലങ്ങളിലും തുള്ളിത്തുളുമ്പി രതി രസം പരത്തി കവിത ഒതുങ്ങി നിന്നു കുല സ്ത്രീയെപ്പോലെ. കാലത്തിന്റെ നീതി എന്നത് മാറ്റം അനിവാര്യമെന്ന നിലപാടാണ്. അതിനാൽ തന്നെ കവിത ഇല്ലം വിട്ടിറങ്ങുകയും പാടവരമ്പിൽ തേക്കുപാട്ടിന്റെ ഈണത്തിനൊത്തും ഷാപ്പുകളിൽ കള്ളിന്റെ മണമാർന്നും ഉതിർന്നു വീഴാൻ തുടങ്ങി. തേവിടിശ്ശി പ്പുരകളിലെ ഭാഷ എന്നു പരിഗണിച്ചു രഹസ്യമായാഘോഷിച്ച പദസമ്പത്തുകൾ ആധുനിക കവിതകളുടെ അപ്രമാദിത്തത്തിന്റെ നേർക്കാഴ്ചകൾ ആയി മാറുമ്പോൾ കവിത കാലോചിതമായ മാറ്റങ്ങൾ തേടുന്നു. ഒന്നരയുടുത്തു നടന്നവൾ മാറു മറച്ചതും പിന്നെ സർവ്വാംഗം മൂടിയതും ഒന്നൊന്നായി അഴിച്ചു മാറ്റിയതും കവിതയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.
എങ്കിലും കവിതകൾക്ക് മധുരം പകരുന്ന ആധുനിക കാലത്തിന്റെ തേനീച്ചക്കൂട്ടിൽ ഇടക്കിടെ ചിലരെങ്കിലും പഴയകാല കവിതകളെ ഉടുപ്പിട്ടു കൊണ്ടു നിർത്താറുണ്ട്. മത്സരത്തിന്റെ കാലമാണ് ചുറ്റിനും. മത്സരങ്ങളുടെ ഗുണനിലവാരം പക്ഷേ ഇന്നും വിലയിരുത്തുന്നത് ഗണവും മാത്രയും വേർതിരിച്ച അളവുകോലുകൾ കൊണ്ടാണ് എന്നത് പഴയ കാല കവിതയുടെ ഭൂതം  ഉള്ളിൽ നിന്നും മാറാത്ത വിധി നിർണ്ണായകരുടെ പോരായ്മയാണ്. ഈ പരിസരങ്ങളെ മുന്നിൽ കണ്ടു കൊണ്ട് അവാർഡുകൾക്കും അംഗീകാരങ്ങൾക്കും വേണ്ടി ചിലരൊക്കെ ആ പഴമയെയും സംസ്കാരത്തെയും ആധ്യാത്മികതയും തത്വചിന്തകളും കൊണ്ടു പൊതിഞ്ഞ് കവിതകളാക്കി അവതരിപ്പിക്കാറുണ്ട്.
മലയാളിക്ക് സുപരിചിതനായ കവിയാണ് നാറാണത്ത് ഭ്രാന്തനിലൂടെയും അഗസ്ത്യഹൃദയത്തിലൂടെയും ഒക്കെ പ്രശസ്തിയിലേക്ക് വന്ന പ്രൊഫ: വി. മധുസൂദനൻ നായർ. ഒരു കാലത്ത് കവിതയെന്നാൽ ആദ്യം മനസ്സിലേക്ക് എത്തുന്ന തരത്തിലേക്ക് അദ്ദേഹം കടന്നു വരികയും കാസറ്റ് കവിതകളുടെ പ്രധാന അടയാളമായി നിലയുറപ്പിക്കുകയും ചെയ്തു. പിന്നെ ഒരു തരംഗമായിരുന്നു. മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ആ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കവികളായി അറിയപ്പെട്ടവരാണ്. പ്രൊഫ. മധുസൂദനൻ നായരുടെ കവിതാപുസ്തകമാണ് അച്ഛൻ പിറന്ന വീട്. ഇതിൽ അദ്ദേഹം കവിതകളെ അഗ്നി, ജലം, വായു, വീട്, കിണർ, തുടങ്ങി ഏഴു ഭാഗങ്ങളാക്കി അവതരിപ്പിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഉപയോഗിച്ചു സൂചികകൾ നിർമ്മിച്ച് കവിതകൾ ഒരു പുതു ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതായി കാണാം. പക്ഷേ എല്ലാ കവിതകളും ഒരു പോലെ ആണ് എന്ന് പറയാൻ കഴിയുകയില്ല. ആദ്യ ഭാഗങ്ങൾ ഒക്കെയും വേദവും ഇതിഹാസവും സംസ്കാരവുമൊക്കെ കൂട്ടിക്കുഴച്ചു ഒരു മുപ്പത് കൊല്ലം പിറകിലേക്ക് കൊണ്ടു പോകുകയും ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒരു ലോകം കാട്ടി ഇതാണ് ശരി എന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുകയാണ് കവി. ഭാഷയുടെ മനോഹാരിതയെ ഇവിടെ കവി ഉപയോഗിച്ചിരിക്കുന്നത് വാരിവലിച്ചു പറയുന്ന ആർഷഭാരത സംസ്കൃതിയുടെ വിളിച്ചു ചൊല്ലലുകൾക്ക് വേണ്ടിയാണ്. അച്ഛൻ പിറന്ന വീട്ടിലേക്ക് തിരികെ യാത്ര ചെയ്യുന്ന ഇളം തലമുറയെ പഴമയുടെ കാഴ്ചകളും ആചാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്ന ഒരു സംസ്കാര ഗ്രന്ഥമായി കവിത സഞ്ചരിക്കുന്നു. സംസ്കൃതി സംരക്ഷര കായ ഒരു വിഭാഗത്തിന്റെ എല്ലാ സന്തോഷങ്ങളും ഏറ്റുവാങ്ങി സുരക്ഷിതമായി നിലയുറപ്പിക്കുന്ന കവി ഒരു ജ്ഞാനപീഠത്തിനപ്പുറം ഒന്നും മോഹിക്കുന്നുണ്ടാകില്ല എന്ന് കവിത സംസാരിക്കുന്നു. എങ്കിലും കവിതകൾ സംവദിക്കുന്നത് പ്രകൃതിയോടാണ്. പരിസ്ഥിതിയോടാണ്. നമുക്കന്യമാകുന്ന ജലമാണ്, പച്ചപ്പാണ് കവിതയിൽ കൂടുതലും നിറയുന്നത്.  ആ കാഴ്ചകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിൽ കവിയുടെ ആത്മീയ ദർശനങ്ങളെ കൂടി തിരുകി കയറ്റി വലിച്ചു നീട്ടുന്ന അവസ്ഥ കാണാതിരിക്കാനാകില്ല തന്നെ. സവർണ്ണ രാഷ്ട്രീയത്തിന്റെ സഹചാരിയാകുന്ന കവിയുടെ വാക്കിലും നോക്കിലും എഴുത്തിലും തെളിയുന്ന കുശാഗ്രത കാണുമ്പോൾ സമീപ കാലങ്ങളിൽ എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിൽ കവിയുടെ നിലപാട് എന്തെന്ന് വ്യക്തമാകുന്നുണ്ട്.
ഒരധ്യാപകൻ എന്ന തലത്തിൽ കവിതയുടെ ലക്ഷ്യബോധം എന്ത് എന്ന അന്വേഷണം സമഗ്രമായ ബോധവത്കരണം തന്നെ എന്ന് വ്യക്തമാണ്. എന്നാൽ നൂറ്റാണ്ടിന്റെ വ്യത്യാസമോ കാലത്തിന്റെ കുതിപ്പോ ഉൾക്കൊള്ളാൻ പലപ്പോഴും വിസമ്മതിക്കുന്ന കവിയിൽ സാമൂഹ്യബോധമെന്നത് സംസ്കാരവും ഔന്നത്യവും മാത്രമാണോ എന്ന ചിന്ത ഉണർത്തുന്നു വായന. പുതിയ കാലത്തിന്റെ രസനയെ ഉത്തേജിപ്പിക്കുന്ന ഒന്നും തന്നെ കവിതകളിൽ ഇല്ല. ഗൃഹാതുരതയുടെ നിശബ്ദതയല്ലാതെ. കുഞ്ഞിന്റെ ചുണ്ടിൽ കറുപ്പും പുരട്ടി കടന്നു പോയ കാലമല്ല മുന്നോട്ട് വരുമ്പോൾ കവിയിൽ. തീക്ഷ്ണതയാർന്ന ഒന്നും കവി അവശേഷിപ്പിക്കുന്നില്ല. പഴമയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ്  അച്ഛൻ പിറന്ന വീട്ടിലേക്ക് കൂട്ടുമ്പോൾ കവി മുന്നോട്ട് വയ്ക്കുന്നത്. കവി ദീർഘ വീക്ഷണമുള്ളവൻ എന്ന വാക്ക് ശരിയാകാം ഒരു പക്ഷേ. കാരണം രാജ്യം തന്നെ പിറകോട്ട് സഞ്ചരിക്കുകയാണല്ലോ.
കവിതയുടെ കാലഭേദങ്ങളും ഭാഷയും പഠിക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു വിരുന്നാകും ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment