Saturday, April 13, 2019

അങ്ങ് ദൂരെയൊരു കാട്ടില്‍.....


അങ്ങ് ദൂരെയൊരു  കാട്ടില്‍.....
-------------------------------------
കഥകള്‍ എല്ലാം പണ്ട് മുതലേ കൈമാറി വരുന്ന ഒരു പതിവാണല്ലോ പണ്ട് പണ്ട് ഒരു കാട്ടില്‍. അതിനാല്‍ ഈ കഥയും ഒരു കാട്ടില്‍ തന്നെയാണ് നടക്കേണ്ടത് . അല്ലെങ്കിലും നാടും കാടും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ലാത്തതോണ്ട് അതില്‍ വലിയ കാര്യമില്ല തന്നെ. കഴുതപ്പുലികള്‍ അധികാരം പങ്കിടുന്ന ഒരു കാട്ടിലാണ് ഈ കഥ നടക്കുന്നത് . ഈ കാടു വലിയൊരു കാടായത് കൊണ്ട് അധികാര വികേന്ദ്രീകരണം കാട്ടില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് . ഒരു പാട് പ്രവിശ്യകള്‍ ഉള്ള ഈ കാട്ടില്‍ ഭൂരിപക്ഷം പ്രവിശ്യകളും ഭരിക്കുന്നത് കഴുതപ്പുലികള്‍ ആയതിനാല്‍ അവരില്‍ നിന്നാണ് രാജാവിനെ തിരഞ്ഞെടുത്തത് . രാജാവ് വളരെ നിഷ്കളങ്കന്‍ ആണ് . വിവാഹം എന്നൊരു സംഗതി രാജാവ് പണ്ടേ ഉപേക്ഷിച്ചതാണ് . രാജാവ് വലിയൊരു ഉദാരവാന്‍ ആയിരുന്നു സുഹൃത്തുക്കള്‍ക്ക് . അതിനാല്‍ തന്റെ കൂടെയുള്ള കാണ്ടാമൃഗങ്ങള്‍ക്കും , നീര്‍ നായ്ക്കള്‍ക്കും ഒക്കെ അയല്‍ കാടുകളില്‍ ഉള്ള വിഭവങ്ങള്‍ വിനിമയം ചെയ്യാന്‍ ഉള്ള സംവിധാനം രാജാവ് തന്റെ അധികാരത്തിന്റെ തണലില്‍ നിരന്തരം യാത്ര ചെയ്തു ശരിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഇടക്ക് രാജാവ് ചില തമാശകള്‍ കാണിക്കാറുണ്ട്. ഒരിക്കല്‍ രാജാവ് കാണിച്ച തമാശ എല്ലാവരും വെള്ളം കുടിക്കുന്ന കുളം വളച്ചു കെട്ടി അതിലെ വെള്ളം എടുക്കുവാന്‍ വരി വരിയായി നിര്‍ത്തിയായിരുന്നു. ആദ്യമേ തന്നെ കൂട്ടുകാര്‍ക്കെല്ലാം ടാങ്കറുകളില്‍ വെള്ളം അടിച്ചു വീട്ടില്‍ എത്തിച്ച ശേഷം ആണ് ഈ തമാശ നടത്തിയത്. പ്രജകളോട് പറഞ്ഞത് ഈ വെള്ളം അയല്‍ കാടുകളിലെ ശത്രുക്കള്‍ വിഷം കലക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങന ചെയ്യുന്നത് എന്നായിരുന്നു . മൊത്തം കാടിന്റെ അഭിമാന പ്രശ്നം ആണിതെന്നു പറഞ്ഞതോടെ അതില്‍ പ്രജകള്‍ക്ക് അനുകൂലിക്കാതെ തരമില്ലാന്നു ആയി. അതുപോലെ  രാജാവ് തന്റെ ചില പ്രവിശ്യകളില്‍ ഉള്ള കുറച്ചു കഴുതപ്പുലികളുടെ ഗുഹകള്‍ക്ക്  സമീപത്ത് ഒക്കെ അപ്പിയിടാന്‍ കുഴി കുത്തിക്കൊടുക്കുകയും ചിലര്‍ക്കൊക്കെ ശൌചം ചെയ്തു കൊടുക്കുകയും ചെയ്തു . ചില പ്രവിശ്യകളില്‍ കഴുതപ്പുലികള്‍ക്ക് സ്വാധീനം കുറവായിരുന്നു . അവിടെ ഒക്കെ ചെന്നായകളും കുറുക്കന്മാരും ആയിരുന്നു പരസ്പരം അധികാരം കൈവശം വച്ചിരുന്നത്. രാജാവിന്റെ അപ്രമാദിത്വം സമ്മതിച്ചു കൊടുക്കാതെ എങ്ങനെയെങ്കിലും രാജാവിനെ നിഷ്കാസിതനാക്കി മൊത്തം കാടും പിടിച്ചെടുക്കണം എന്ന് ഒരുകാലത്ത് മുഴുവന്‍ കാടുകളുടെയും ഭരണം കൈയ്യില്‍ ഉണ്ടായിരുന്ന കുറുക്കന്മാരുടെ സംഘം കണക്ക് കൂട്ടുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. പോന്നു. ഒന്നു രണ്ടിടത്ത് ചെന്നായകള്‍ക്കായിരുന്നു മേല്‍ക്കോയ്മ . അവര്‍ അവിടം തലമുറകള്‍ ആയി ഭരിച്ചു വരികയായിരുന്നു . പക്ഷെ അടുത്തിട നടന്ന അട്ടിമറിയില്‍ അത് നഷ്ടമാകുകയും കഴുതപ്പുലികള്‍ വന്‍തോതില്‍ പെരുകുകയും ചെയ്തു . ചീഞ്ഞ മാംസം കുന്നുകൂടാന്‍ തുടങ്ങിയതോടെ ചെന്നായകള്‍ക്കും കുറുക്കന്മാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ ആയി പലയിടത്തും. കാടിന്റെ അങ്ങേ അറ്റത്തെ പ്രവിശ്യയില്‍ ചെന്നായകള്‍ക്കും കുറുക്കന്മാര്‍ക്കും തുല്യ ശക്തിയായിരുന്നതിനാല്‍ അവര്‍ പരസ്പരം അധികാരം വച്ച് കൈമാറി കാടിനെ കൈവശം വച്ച് പോരുകയായിരുന്നു . ഇവിടെ പതിയെ പതിയെ ചീഞ്ഞ മാംസം വലിച്ചെറിഞ്ഞുകൊണ്ട് കഴുതപ്പുലികള്‍ കടന്നു വന്നു തുടങ്ങി. ഇങ്ങനെയിരിക്കെ രാജാവിനെ തിരഞ്ഞെടുക്കുന്ന മത്സരത്തിനു ആളെ തിരഞ്ഞെടുത്തു അയക്കാന്‍  ഉള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി പ്രവിശ്യകളില്‍. കഴുതപ്പുലികള്‍ കാടു മുഴുവന്‍ ചീഞ്ഞ മാംസം നിറയ്ക്കാന്‍ തുടങ്ങി. കാട് മുഴുവന്‍ ചീഞ്ഞ മാംസത്തിന്റെ ഗന്ധം മാത്രം. ഇത് കണ്ടു ചെന്നായകളില്‍ ചിലതും കുറുക്കന്മാരില്‍ ചിലരും ഒക്കെ കഴുതപ്പുലികള്‍ ആകാന്‍  ഒളിഞ്ഞും തെളിഞ്ഞും  ശ്രമം തുടങ്ങി. രാജാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടതു കൂടുതല്‍ പ്രാധിനിത്യം ആണെന്ന് അറിയുന്ന ചെന്നായകളും കുറുക്കന്മാരും നന്നായി അധ്വാനിക്കാന്‍ തുടങ്ങി. എണ്ണത്തില്‍ കുറവുള്ള കുറുക്കന്മാര്‍ എങ്ങനായാലും രാജാവിനെ തിരഞ്ഞെടുക്കുക എന്ന ഘട്ടത്തില്‍ ചെന്നായകളെ തന്നെ തിരഞ്ഞെടുക്കാന്‍  പിന്തുണ കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാല്‍ കുറുക്കന്മാര്‍ ഭരിക്കുന്ന ഇടങ്ങളില്‍ ഇവര്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ചെന്നായകളെ ആണ് എന്നതാണ് അതിലെ ഫലിതം . പ്രവിശ്യകളിലെ മൃഗങ്ങളെ പറ്റിച്ചു അവര്‍ പരസ്പരം പ്രവിശ്യകളിലെ ശക്തി നിലനിര്‍ത്താന്‍ ശത്രുത കാട്ടിയിട്ട്  രാജാവിനെ തിരഞ്ഞെടുക്കാന്‍ ചെല്ലുമ്പോള്‍ ചെന്നായയുടെ പിറകില്‍ നില്‍ക്കാന്‍ മാത്രമേ ഇപ്പോഴത്തെ അംഗ സംഖ്യ വച്ച് കഴിയുകയുള്ളൂ. ഇത് മനസ്സിലാക്കിയ കുറുക്കന്മാരുടെ നാട്ടിലെ മോട്ടൂമുയല്‍  എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് ചെന്നായകള്‍ക്കായി വോട്ടു പിടിച്ചാല് പോരായോ ഇവിടെ എതിര്‍ത്തു അവിടെ ഒന്നിച്ചു നില്‍ക്കുന്നത് നാണക്കേട്‌ അല്ലെ എന്ന് തിരക്കിയത്രേ. മോട്ടുമുയലിനെ കുറുക്കന്മാര്‍ കടിച്ചതിന്റെ പാടുകള്‍ പോലീസ് ഇന്ക്വസ്റ്റില്‍ അന്‍പതിനു മേല്‍ ഉണ്ടെന്നാണ് കേട്ടത്. എന്തായാലും ഇതിനിടയില്‍ കഴുതപ്പുലികള്‍ നന്നായി ആഹ്ലാദിക്കുന്നുണ്ട്. അവര്‍ക്ക് അധികം അധ്വാനം വേണ്ടന്നു കാട്ടിലെ സന്ദേശവാഹികള്‍ ആയ മുള്ളന്‍പന്നികള്‍ പറഞ്ഞു നടക്കുന്നുണ്ട്. കഴുതപ്പുലികള്‍ ചെന്നായകളെ അയല്‍ കാടിന്റെ അനുഭാവികള്‍ ആണെന്ന് സമര്‍ത്തിക്കുമ്പോള്‍ കുറുക്കന്മാര്‍ ചീഞ്ഞ മാംസം കഴിക്കാനും വിതരണം ചെയ്യാനും തയ്യാറല്ലാത്ത ദ്രോഹികള്‍ ആണ് എന്നാണു പ്രചരിപ്പിക്കുന്നത്. ചീഞ്ഞ മാംസം കഴിക്കാനും കഴിക്കാതിരിക്കാനും വയ്യാത്ത കുറച്ചു പെരുച്ചാഴികള്‍ എന്ത് ചെയ്യണം എന്ന ചിന്താക്കുഴപ്പത്തില്‍ ആണ് . കഴുതപ്പുലി ഭരിച്ചാല്‍ ചീഞ്ഞ മാംസം കിട്ടും വയര്‍ നിറയ്ക്കാന്‍ എന്ന് കരുതുന്നവര്‍ ആണ് പെരുച്ചാഴികള്‍. ചെന്നായ്ക്കള്‍ ആണെങ്കില്‍ പലപ്പോഴും കളര്‍ പുരട്ടിയും സുഗന്ധം പുരട്ടിയും ചീഞ്ഞ മാംസം തന്നെയാണ് വിതരണം ചെയ്യുന്നത് . കുറുക്കന്മാര്‍ക്ക് പണ്ടത്തെ നീലക്കുറുക്കന്റെ അതെ സ്വഭാവം ആയതിനാല്‍ പെരുച്ചാഴികള്‍ക്ക് പോലും തിരിച്ചറിയാന്‍ ചിലപ്പോള്‍ കഴിയുന്നില്ല ഇത് കഴുതപ്പുലികള്‍ ആണോ കുറുക്കന്മാര്‍ ആണോ എന്ന് . എന്തായാലും കാട് ആകെ ചിന്താക്കുഴപ്പത്തില്‍ ആണ് . ആരാകും തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുക എന്നതോര്‍ത്തു അവര്‍ കാത്തിരിക്കുകയാണ് . കഴുതപ്പുലികള്‍ ആണെങ്കില്‍ ചീഞ്ഞ മാംസം തിന്നാന്‍ കൊടുത്ത് രോഗികള്‍ ആക്കും എന്നും തിന്നാത്തവരെ ഒക്കെ കാട്ടില്‍ നിന്നോടിച്ചു വിടും എന്നും കഴുതപ്പുലികളുടെ മന്ത്രിസഭയില്‍ പലരും ഇപ്പോഴേ മുറുമുറുക്കുന്നുണ്ട് രഹസ്യമായി. കൂടുതല്‍ ചിന്താക്കുഴപ്പം ഇപ്പോള്‍ കാട്ടിലെ അങ്ങേ അറ്റത്തെ പ്രവിശ്യയില്‍ ആണ് . കുറുക്കന്മാരെ പറഞ്ഞു വിട്ടാല്‍ അവര്‍ക്ക് ഭൂരിപക്ഷം കിട്ടോ എന്നറിയില്ല . ചെന്നായകളെ പറഞ്ഞു വിട്ടാല്‍ അവര്‍ പോയി കുറുക്കന്മാര്‍ക്ക് കൈ കൊടുത്ത് അവരുടെ പിറകില്‍ നില്‍ക്കുകയും ചെയ്യും. കഴുതപ്പുലികള്‍ വന്നാല്‍ കാട്ടിലെ ജീവിതം കൂടുതല്‍ നരകതുല്യവും ആകും . ഇപ്പോള്‍ അവര്‍ മാത്രമല്ല , അയല്‍ കാടുകളും നോക്കിയിരിക്കുകയാണ് ആരാകും ഇനിയെന്ന്.
----------ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment