Friday, April 19, 2019

ഉന്മാദകേളികള്‍....................... ടി.കെ. ഉണ്ണി


ഉന്മാദകേളികള്‍ (കവിതകള്‍)
ടി.കെ. ഉണ്ണി
സൈകതം ബുക്സ്
വില : 85 രൂപ  


ജീവിതത്തെ അടയാളപ്പെടുത്തുന്ന വരികള്‍ക്ക് കാലങ്ങളോളം ജീവിതം ഉണ്ട് എന്ന് കരുതുന്നു. ജീവിതത്തെ അടയാളപ്പെടുത്തുമ്പോള്‍ അതിനു പല മാനങ്ങള്‍ ഉണ്ടാകാം . എഴുതുന്നവന്‍ തീരുമാനിക്കുന്ന വീക്ഷണകോണില്‍ നിന്നുകൊണ്ട് ഒരു പക്ഷെ വായനക്കാരന്‍ അതിനെ വായിച്ചെടുത്തു എന്നു വരില്ല. അങ്ങനെ സംഭവിക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണ് പലപ്പോഴും. ചിലപ്പോഴൊക്കെ എഴുത്തുകാരന്‍ സ്വയം ഒരു നോട്ട് എഴുതേണ്ടി വരും ഇതിന്നതാണ് ഞാന്‍ പറയുന്നത് എന്ന് . അതോടെ വായനക്കാര്‍ ഒക്കെയും അതിന്റെ ചുവടു പിടിച്ചു വായിക്കുകയും അതിലേക്ക് മാത്രം ശ്രദ്ധ കൊണ്ട് പോവുകയും ചയ്യും . അതുപോലെതന്നെയാണ് വാക്കുകളുടെ പ്രയോഗവും . യോനി എന്ന് എഴുതുമ്പോള്‍ മുഖം ചുളിക്കുന്ന വായനക്കാര്‍ ഉപസ്ഥം എന്ന വാക്കിനെ ഉള്‍പ്പുളകത്തോടെ ഭക്തിയോടെ സമീപിക്കുന്ന ഒരു തലം പലപ്പോഴും കാണാന്‍ സാധിക്കാറുണ്ട്. എന്തുകൊണ്ടാണ് വാക്കുകളെ ഇത്ര അറയ്ക്കുന്നതും ഭയക്കുന്നതും വായനക്കാര്‍ എന്ന് ചിന്തിച്ചാല്‍ കാണാന്‍ കഴിയുക സദാചാരനിഷ്ഠയുള്ള ഒരു സമൂഹം പിന്തുടരാന്‍ ഇഷ്ടപ്പെടുന്ന ചില ചട്ടക്കൂടുകള്‍ ഉണ്ട് എന്നതാണ് . ഈ ചട്ടക്കൂട് നിര്‍മ്മിക്കപ്പെട്ട സമൂഹ ചിന്തയില്‍ നിന്നുകൊണ്ട് ഭക്തിയിലും ലഹരിയിലും രണ്ടു അര്‍ത്ഥം കാണാന്‍ വായനക്കാര്‍ക്ക് കഴിയുന്നു. ഇത് പറയാന്‍ കാരണം മറ്റൊന്നുമല്ല ഇന്ന് സോഷ്യല്‍ മീഡിയകള്‍ നല്‍കുന്ന ആഖ്യാന സൗകര്യം കവിതകള്‍ക്കും കഥകള്‍ക്കും നല്‍കിയ ജനകീയത എന്തെന്ന് നന്നായി അറിയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇത്തരം ഇടങ്ങളില്‍ നിന്നുകൊണ്ട് പുതിയ എഴുത്തുകൾ സംഭവിക്കുന്നത് . പഴയ എഴുത്തുകാര്‍ തങ്ങളുടെ ശൈലികളും , ഇമേജുകളും പുതുക്കി എഴുതുന്നു. ഒരുപാട് പുസ്തകങ്ങള്‍ ഇതുമൂലം മലയാള സാഹിത്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ . ഒരു പക്ഷേ, ഇന്നേറ്റവും പുസ്തകങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം സോഷ്യല്‍ മീഡിയ നല്‍കിയ ആത്മവിശ്വാസം തന്നെയാകണം. ഇതില്‍ ഒരു പോരായ്മ ഉള്ളത് സോഷ്യല്‍ മീഡിയ നല്‍കുന്ന വിധി നിര്‍ണ്ണയം ആണ് ഇത്തരം ഒരു സാഹസത്തിനു പലരെയും പ്രേരിപ്പിക്കുന്നത് എന്നതുകൂടിയാണ് . ഒരാള്‍ക്കും എല്ലായ്പ്പോഴും ഒരുപോലെ മനോഹരമായി എഴുതാന്‍ കഴിഞ്ഞു എന്നുവരില്ല. എന്നാല്‍ ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്ത കഥ ഇവിടെ പ്രായോഗികം ആകുന്നു . ഒപ്പം അനുവാചകവൃന്ദം നല്‍കുന്ന പ്രോത്സാഹനം കൂടിയാകുമ്പോള്‍ ലൈക്ക് എന്ന മഹാരോഗം ബാധിച്ച എഴുത്തുകാര്‍ പുസ്തകത്തിന്റെ പിറകെ ഇറങ്ങി തിരിക്കുന്നു .
                ഇന്നത്തെ കാലത്തിന്റെ പ്രത്യേകത ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ എഴുത്തുകാരന് പ്രമുഖ ബ്രാന്‍ഡുകളുടെ പിന്നാലെ നടന്നു കാലു തേയുക എന്നൊരു പെടാപ്പാടില്ല എന്നതാണ് . കൈയ്യില്‍ ഉള്ള കാശു കൊണ്ട് ഇഷ്ടം ഉള്ള പ്രസാധകനെ സമീപിച്ചാല്‍ മതി . വലിയ ബാനറുകള്‍ ആണെങ്കില്‍ അവര്‍ക്ക് താമസം ഉണ്ടാകും എന്നത് മാത്രമാണ്  ബുദ്ധിമുട്ട്. പക്ഷെ ചെറുകിട പ്രസാധകര്‍ക്ക് ഒരു ബുക്ക്‌ എന്നാല്‍ ഒരു കച്ചവടം മാത്രം ആകുന്നതിനാല്‍ അവര്‍ ഉടന്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു നീക്കും . വിചാരിച്ച സമയത്ത് സാധനം പുറത്തിറക്കാം. അവര്‍ക്കതിനോട് ബാധ്യതകള്‍ ഒന്നും ഇല്ല . അതിന്റെ ഗുണമോ , മറ്റു വിഷയങ്ങളോ അവരെ ബാധിക്കുന്നില്ല . ഏറ്റവും കൂടുതല്‍ ഇറക്കുക ഏറ്റവും കൂടുതല്‍ സമ്പാദിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. ഇതിനാല്‍ തന്നെ ഗുണമേന്മ ഉള്ള പുസ്തകങ്ങള്‍ പ്രതീക്ഷിക്കുന്ന വായനക്കാരന് മുന്നില്‍  ഒരു ഭാഗ്യാന്വേഷിയാകുക മാത്രമാണ് സാധ്യത ശേഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എഡിറ്റര്‍ ആവശ്യമില്ലാത്ത എഴുത്തുകള്‍ എങ്ങനെ ആഘോഷമാകുന്നോ അത് തന്നെയാണ് ഇത്തരം ചെറുകിട പ്രസാധകരുടെ കാര്യത്തിലും സംഭവിക്കുന്നത് . അതുകൊണ്ടൊക്കെത്തന്നെയാകണം എഴുത്തുകാര്‍ക്ക് ബാഹുല്യം ഉണ്ടെങ്കിലും  ആരും ഓര്‍മ്മിക്കപ്പെടാതെ പോകുന്നതോ ചിലര്‍ മാത്രം അടയാളപ്പെട്ടു നില്‍ക്കുന്നതോ എന്ന് കരുതേണ്ടി വരുന്നത്.
‘ടി.കെ.ഉണ്ണി’ എന്ന പ്രവാസിയായ എഴുത്തുകാരന്റെ 62 കവിതകള്‍ അടങ്ങിയ സമാഹാരം ആണ് “ഉന്മാദകേളികള്‍” . സാകേതം ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തില്‍ ഹൈക്കു മുതല്‍ ഗദ്യ കവിത വരെ ഉള്ള വിവിധ തരം കവിതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സമകാലീന ഭാരതസാഹചര്യങ്ങളോട് കലഹിക്കുന്ന കവിതകള്‍ ആണ് അധികവും ഇതില്‍ എന്ന് കാണാം . ചില കവിതകള്‍ ആക്ഷേപഹാസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ആണെങ്കില്‍ ചിലത് ആത്മരോക്ഷം നിറഞ്ഞവയാണ് . പൊതുവായ ചില ജീവിത മുഹൂര്‍ത്തങ്ങളും പരിസരങ്ങളും നിറഞ്ഞവയാണ് ചില കവിതകള്‍. ചില കവിതകൾ പ്രാസമൊപ്പിക്കാൻ വേണ്ടി എഴുതിയ പോലെ തോന്നി. അറുപത്തി നാല് കവിതകള്‍ വായിച്ചതില്‍ കവിതയായി എണ്ണപ്പെട്ടത് അഞ്ചോ ആറോ കവിതകള്‍ മാത്രമാണ് . അവ ആകാര ഭംഗി കൊണ്ടും പ്രമേയ ഭംഗി കൊണ്ടും നന്നായിരുന്നു എന്ന് കാണാം. മറ്റുള്ളവ വികാരപരമായ എഴുത്തുകള്‍ ആയി തോന്നിപ്പിക്കുന്നുണ്ട്. പലപ്പോഴും പ്രസ്താവനകള്‍ ആയി വരികള്‍ മുഴച്ചു നില്‍ക്കുന്നു. ഗദ്യ കവിതയുടെ സ്വാതന്ത്ര്യം ഇതിനു ലഭിച്ചിട്ടുണ്ട് എന്നതിനാല്‍ അതിനെ കവിത എന്ന് വിളിക്കപ്പെടുന്നു. എന്നിരുന്നാലും കവിതയുടെ ലക്‌ഷ്യം എന്താണോ അതിലേക്ക് എത്തിയോ എന്നത് സംശയമായി നിലനില്‍ക്കുകയും ചെയ്യുന്നു . ആദ്യ കവിതാ സമാഹാരമായ പുലരിപ്പൂങ്കനലില്‍ നിന്നും ഉന്മാദകേളികളിലേക്ക് വരുമ്പോള്‍ കവിയിലെ കവിത എവിടെ എത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിന് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ സോഷ്യല്‍ മീഡിയ പ്രഭാവത്തില്‍ വീണു കവിത മരിക്കുന്ന ദയനീയതയാണ് ഉത്തരമാകുന്നത്. ഇതേ കവിയുടെ എഫ് ബി യില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന കവിതകള്‍ ഈ കവിതകളേക്കാള്‍ മികച്ചതാണ് എന്നാണു വായനയില്‍ തോന്നിയിട്ടുള്ളത്. തിരക്കിട്ട തിരഞ്ഞെടുക്കല്‍ ആണോ , ഉള്ളതെല്ലാം വാരിക്കൂട്ടി പുസ്തകം ആക്കിയതില്‍ സംഭവിച്ചത് ആണോ എന്നറിയില്ല . കവിതാ പുസ്തകം പേര് കൊണ്ട് മാത്രമല്ല വായന കൊണ്ടും ഉന്മാദം ഉണ്ടാക്കുന്നു . ആ ഉന്മാദത്തിന്റെ മാനങ്ങള്‍ ഒരു കവിതയിലേക്കുള്ള സന്നിവേശമല്ല പകരം കവിതകള്‍ക്ക് സംഭവിക്കുന്ന മൂല്യച്യുതിയെ ഓര്‍ത്താണ് എന്ന് മാത്രം.
സാഹിത്യപരമായി നല്ല അറിവും പരന്ന വായനയും അക്ഷരങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യാന്‍ അറിയുകയും ചെയ്യുന്ന കവി എന്തുകൊണ്ടാണ് ഈ കവിതാ പുസ്തകത്തെ ഇത്ര അലസമായി കൈകാര്യം ചെയ്തത് എന്നൊരു ചിന്ത വായന മുഴുമിപ്പിച്ചു പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ മനസ്സില്‍ വരികയുണ്ടായി.
തീര്‍ച്ചയായും കവിത സംവദിക്കേണ്ടത് കാലത്തോട് ആണ്. കാലം എന്നാല്‍ വരും തലമുറയാണ്. അവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ , സോഷ്യല്‍ മീഡിയകളില്‍ ഒരു നാള്‍ അല്ലെങ്കില്‍ രണ്ടു നാള്‍ മാത്രം വായിച്ചും , വാര്‍ഷികത്തിന് ഒന്നുകൂടി ഓര്‍മ്മിച്ചും മറന്നു പോകുന്ന കവിതകള്‍ക്ക് ഉള്ള ഇടം ആകരുത് ഒരു പുസ്തകവും.  മുന്പ് എവിടെയോ വായിച്ച പോലെ ആഴ്ച്ചപ്പതിപ്പുകളില്‍ വരുന്ന നോവലുകളും കഥകളും ഒരു ആഴ്ച മാത്രം നിലനില്‍ക്കുന്നവ ആണ് . അവ ആരും സൂക്ഷിച്ചു വയ്ക്കാറില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. നാം ഭാവിയിലേക്ക് സംഭാവന ചെയ്യുന്നവ നമ്മുടെ കാലത്തെ അടയാളത്തുന്നതിനൊപ്പം അവര്‍ക്കൊരു വഴികാട്ടി കൂടിയാണ്. കവിതയുടെ കാലപരിണാമം അവര്‍ ഓര്‍ക്കുക ഇവയിലൂടെയാകും . കവിതാപുസ്തകങ്ങള്‍ , കഥാ പുസ്തകങ്ങള്‍ , നോവലുകള്‍ എന്നിവ എഴുതുന്നവര്‍ (സോഷ്യല്‍ മീഡിയകള്‍ക്കായല്ല ) തങ്ങളുടെ ആത്മാവിഷ്കാരം എന്തിനു വേണ്ടിയാണ് എന്നൊരു പുനര്‍ചിന്തനം നടത്തുന്നത് നല്ലതാകും എന്ന ചിന്തയോടെ ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment