Sunday, April 28, 2019

അപരിചിതമായ ലോകം

അപരിചിതമായ ലോകം
........................................
അയഥാർത്ഥമായവയെയും
താത്പ്പര്യരഹിതമായവയെയും
പടിക്കു പുറത്തു നിർത്തിയിട്ടാകണം
ഹൃദയമതിന്റെ വാതിൽ തഴുതിട്ടത്.
മുട്ടി വിളിക്കാനാഞ്ഞതാണ്.
പിന്നെയുമോർത്തു.
എന്തിനാകും
നിലാവിന്റെ കുളിരിനെ
ഒറ്റക്ക് കൈക്കലാക്കാൻ മോഹിക്കുന്നത്.
പ്രപഞ്ചമേ,
നീ കൊളുത്തുന്ന വെളിച്ചം
ഒരു തുണ്ടു പോലുമെനിക്കുള്ളതല്ലല്ലോ.
അത്യഗാധമായ വേദനയിലും
ആഴമേറിയ ഇരുട്ടിലും
അലയുന്നതിന് വേണ്ടിയാകാം
ഏതോ ദിശാ സന്ധിയിൽ
അതു സംഭവിച്ചത്.
കണ്ണുനീർ ഗ്രന്ഥികളെ മൂടിക്കൊണ്ട്
ഇരുട്ട് ചാമരം വീശുന്നു.
കിഴക്കൻ ചക്രവാളത്തിൽ
ചുവപ്പ് നേരിയ രേഖ വരയുന്നു.
ഇനിയും തണുപ്പറിയാത്ത
ഗിരിനിരകളിൽ
കോടക്കാറ്റ് അലറിയടിക്കുന്നു.
ഇല്ല.
നിശാന്ധതയുടെ നരിച്ചീറുകൾ
മനസ്സു കീറി ചോര കുടിക്കുമ്പോൾ
ഇടറില്ല പാദങ്ങൾ എന്നാകണം
മനസ്സ് വെറുതെ പിറുപിറുക്കുന്നത്.
...... ബിജു. ജി.നാഥ് വർക്കല

No comments:

Post a Comment