Thursday, April 25, 2019

നമുക്ക് പ്രണയിക്കാം.

നമുക്ക് പ്രണയിക്കാം.
...............................
നേർക്കു കണ്ടാൽ
മിണ്ടാതിരിക്കാം.
മിണ്ടുമ്പോൾ
കവിതയെക്കുറിച്ചും,
നീ പറന്നു നടക്കുമാ
ഉദ്യാനത്തെക്കുറിച്ചും
വാതോരാതെ പറയാം.
ഉള്ളം പുറത്തറിയുമെന്ന
ആദ്യ നിമിഷത്തിൽ തന്നെ
മൗനം വാരിയണിയാം.
നമുക്ക് ചിരിക്കാം.
പരസ്പരം വിശേഷങ്ങളും
സുഖവിവരങ്ങളും
ആകാംഷയോടെ തിരയാം.
ചുറ്റിലും പറക്കുന്ന
ശലഭങ്ങളെക്കുറിച്ചും
വണ്ടുകളെക്കുറിച്ചും
കുത്തുവാക്കുകൾ പറയാം.
ദേഷ്യം കൊണ്ടു കൂർത്ത
നാസികത്തുമ്പു കണ്ടാനന്ദിക്കാം.
ഉമ്മകൾ ചോദിച്ചു
ശുണ്ഠി പിടിപ്പിക്കാം.
തരില്ലെന്ന വാശിയും
തായെന്ന നിർബന്ധവും
അതിരുകൾ തൊടുമ്പോൾ
പിന്നെ കാണാമെന്നു പറയാം.
സങ്കടം വരുന്നെന്ന
ഒറ്റ വാക്യത്തോടെ
ഉള്ളിൽ കരഞ്ഞുകൊണ്ടു
തിരിഞ്ഞു നടക്കാം.
നാളെ, വീണ്ടും
എല്ലാമൊന്നു കൂടി ആവർത്തിക്കാം.
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment